വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ വി കെ ശ്രീകണ്‌ഠൻ എംപിയുടെ പോസ്‌റ്റർ പതിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ

വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ വി കെ ശ്രീകണ്‌ഠൻ എംപിയുടെ പോസ്‌റ്റർ പതിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ. ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിനിന്റെ ബോഗികളിൽ എംപിയ്‌ക്ക് അഭിവാദ്യം അര്‍പ്പിച്ച് പോസ്‌റ്റര്‍ പതിച്ചത്. 50 ഓളം പോസ്‌റ്ററുകളാണ് ട്രെയിനിൽ പതിച്ചത്. പ്രവർത്തകർ പോസ്‌റ്റർ പതിക്കുമ്പോൾ വി കെ ശ്രീകണ്‌ഠന്‍ എംപിയും മറ്റ് നേതാക്കളും ഷൊര്‍ണൂര്‍ സ്‌‌റ്റേഷനില്‍ ഉണ്ടായിരുന്നു.
റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥരുടെ വലയം പൊട്ടിച്ചായിരുന്നു വി കെ ശ്രീകണ്ഠൻ എംപിയുടെ നേതൃത്വത്തിൽ പ്രകടനമായി നൂറു കണക്കിന് പ്രവർത്തകർ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് ഇരച്ചുകയറിയത്. രണ്ടു ബോഗികളിലാണ് പ്രവർത്തകർ വി കെ ശ്രീകണ്‌ഠന് അഭിനന്ദനം അർപ്പിച്ചുള്ള പോസ്‌റ്ററുകൾ ഒട്ടിച്ചത്. ട്രെയിൻ പുറപ്പടാൻ ഹോൺ മുഴക്കിയപ്പോഴയായിരുന്നു കോൺ​ഗ്രസ് പ്രവർത്തകരുടെ പോസ്‌റ്റർ ഒട്ടിക്കൽ. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ പോസ്റ്റ‌ർ നീക്കം ചെയ്‌ത ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിൻ കൊല്ലം, കായംകളം, ചെങ്ങന്നുർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ചാലകുടി , തൃശൂർ എന്നി സ്റ്റേഷനുകള്‍ പിന്നിട്ടാണ് ഷൊർണൂരില്‍ എത്തിയത്.
റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കയറിയതിനും പോസ്റ്റർ പതിച്ചതിനും എംപിയ്‌ക്കും പ്രവർത്തകർക്കുമെതിരെ കേസെടുക്കുമെന്ന് റെയില്‍വേ പൊലീസും ആര്‍പിഎഫും അറിയിച്ചിരുന്നു.
കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തിക്കെതിരെ വലിയ വിമർശമാണ് ഉയരുന്നത്. ഉദ്ഘാടനം ചെയ്ത ദിവസം തന്നെ സ്വന്തം പോസ്റ്റർ പതിപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ട്രെയിനിനെ നശിപ്പിക്കാൻ നശിപ്പിക്കാൻ ശ്രമിച്ചതിന് ശ്രീകണ്ഠൻ എംപിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു. ഇത് ഒരു കാരണവശാലും അനുവദിച്ചുകൂടാ. ചെയ്തവർക്ക് എതിരെയും ചെയ്യിപ്പിച്ച നേതാവിനെതിരെയും പൊതു മുതൽ നശിപ്പിച്ചതിന് കേസ് എടുക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് നേരത്തെ വി കെ ശ്രീകണ്ഠൻ പ്രഖ്യാപിച്ചിരുന്നു. ഉദ്ഘാടന ദിവസമായ ഏപ്രിൽ 25 ന് ഷൊർണൂരിൽ ട്രെയിൻ തന്നെ തടയുമെന്നായിരുന്നു പ്രഖ്യാപനം.

170720235