ശ്രീശങ്കര കോളേജ് വിദ്യാർഥിനിയെ റാഗിങ് ചെയ്‌ത കേസിലെ പ്രതികളായ കെഎസ്‌യു പ്രവർത്തകരെ റോജി എം ജോൺ എംഎൽഎ ചാലക്കുടി എംഎല്‍എ സനീഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ സ്‌റ്റേഷനിൽ അതിക്രമിച്ചുകയറി ലോക്കപ്പ് തുറന്ന് മോചിപ്പിച്ചു. കാലടി പൊലീസ് സ്‌റ്റേഷനുമുന്നിൽ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയ കോൺഗ്രസുകാരെ നയിച്ചാണ് എംഎൽഎ അകത്തുകയറിയത്. ഞായർ രാവിലെ എട്ടോടെയായിരുന്നു അതിക്രമം.
റാഗിങ് കേസ് പ്രതികളായ കാലടി ശ്രീശങ്കര കോളേജിലെ കെഎസ്‌യു പ്രവർത്തകർ ഡിജോൺ പി ജിബിൻ, രാജീവ് വാലപ്പൻ എന്നിവരെയാണ് ശനി രാത്രി പിടികൂടിയത്. വിദ്യാർഥിനിയുടെ പരാതിയിലായിരുന്നു നടപടി. വെള്ളിയാഴ്‌ച ഇരുവരെയും കസ്‌റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും കെഎസ്‌യുക്കാർ സംഘം ചേർന്ന് തടഞ്ഞു. പിന്നീട് ശനി രാത്രി ഇരുവരെയും പിടികൂടി ലോക്കപ്പിലടച്ചു.
ഞായർ രാവിലെ എട്ടോടെ റോജി എം ജോണിന്റെയും ബെന്നി ബഹനാൻ എംപിയുടെയും നേതൃത്വത്തിൽ പ്രവർത്തകരെത്തി കസ്‌റ്റഡിയിലുള്ളവരെ വിടാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. തുടർന്ന് എംഎൽഎയുടെ നേതൃത്വത്തിൽ ആൾക്കൂട്ടം സ്‌റ്റേഷനിലേക്ക് ഇരച്ചുകയറി. ബലംപ്രയോഗിച്ച് ലോക്കപ്പ് തുറപ്പിച്ചു. എംഎൽഎ ലോക്കപ്പിനുള്ളിൽ കയറി രണ്ടു പ്രതികളെയും പിടിച്ചിറക്കി പുറത്തേക്ക് പോയി. കോൺഗ്രസ് നേതാക്കൾ പുറത്തിറക്കിയ പ്രതികളെ പിന്നീട് പൊലീസ് പെരുമ്പാവൂരിൽ മജിസ്‌ട്രേട്ടിനുമുന്നിൽ ഹാജരാക്കി. സ്‌റ്റേഷനിൽ അതിക്രമിച്ചുകയറി പ്രതികളെ പുറത്തിറക്കിയ എംഎൽഎ ഉൾപ്പെട്ട സംഘത്തിനെതിരെ കേസെടുത്തിട്ടില്ല. പെൺകുട്ടിയെ കെഎസ്‌യു പ്രവർത്തകർ നിരന്തരം റാഗിങ്ങിന് ഇരയാക്കിയിരുന്നുവെന്നാണ് പരാതി.
എംഎൽഎമാരുടെ പൊലീസ് സ്‌റ്റേഷൻ അതിക്രമം; ‘ഇത് ചെറുത്’ എന്ന് മാധ്യമങ്ങൾ
യുഡിഎഫിലെ രണ്ട് എംഎൽഎമാരും ഒരു എംപിയും ചേർന്ന് പൊലീസ് സ്‌റ്റേഷനിൽ കയറി അതിക്രമം കാണിച്ച് പ്രതികളെ ലോക്കപ്പിൽനിന്ന് മോചിപ്പിച്ച സംഭവത്തെ നിസ്സാരവൽക്കരിച്ച് മാധ്യമങ്ങൾ. ‘പാതിരാത്രിയിൽ സെല്ലിൽ അടച്ചതുകൊണ്ട് മോചിപ്പിച്ചു’ എന്ന് വാർത്ത കൊടുത്ത് എംഎൽഎമാരുടെ രക്ഷയ്‌ക്കെത്തുകയാണ് യുഡിഎഫ് പത്രം. സമൂഹമാധ്യമങ്ങളിലെ വിമർശം ഭയന്ന് ചില ചാനലുകൾ ‘ഞങ്ങളും വാർത്ത കൊടുത്തു’ എന്ന് വരുത്തി. സിപിഐ എം എംഎൽഎ സ്‌റ്റേഷന്റെ പരിസരത്ത് പോയാൽപ്പോലും കടുത്ത ബ്രേക്കിങ്ങും അന്തിയാകാൻപോലും നിൽക്കാതെ ചർച്ച സംഘടിപ്പിക്കാനും വേവലാതിപ്പെടുന്നവരാണ് ഇതേ ചാനലുകൾ.
ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ റോജി എം ജോൺ, സനീഷ്‌കുമാർ ജോസഫ് എന്നിവരാണ് ആദ്യം സ്‌റ്റേഷനിൽ കുത്തിയിരിപ്പ് നടത്തിയത്. തുടർന്ന് റോജിയുടെ നേതൃത്വത്തിൽ പ്രതികളെ മോചിപ്പിക്കുകയായിരുന്നു.
കെഎസ്‌യുവിന്റെ ഭാരവാഹികൾ അടക്കമുള്ള സംഘം നിരന്തരം തന്നെ റാഗ് ചെയ്യുന്നുവെന്ന വിദ്യാർഥിനിയുടെ പരാതിയിന്മേൽ നടപടി എടുക്കുകയാണ് പൊലീസ് ചെയ്തത്. ജാമ്യമില്ലാത്ത കുറ്റം ചെയ്ത കെഎസ്‌യു പ്രവർത്തകരെ പകൽ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമം എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. തുടർന്നാണ് രാത്രിയിൽ കസ്റ്റഡിയിലെടുക്കേണ്ടി വന്നത്.
പേരാമ്പ്രയിൽ ആർഎസ്‌എസിന്റെ ശിവജി സേനക്കാരുടെ അക്രമം നേരിട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരെ പൊലീസ് കൊണ്ടുപോയത് അന്വേഷിക്കാൻ ചെന്നത് ‘മോചിപ്പിക്കൽ’ വാർത്തയാക്കിയാണ് മാധ്യമങ്ങൾ ആഘോഷിച്ചത്.
ജീപ്പിൽനിന്ന് പ്രതികളെ പിടിച്ചിറക്കി കൊണ്ടുപോയെന്നായിരുന്നു വ്യാജവാർത്ത. സിപിഐ എമ്മിന്റെ പ്രാദേശിക നേതാക്കൾ നാട്ടിലെ സാധാരണക്കാരെ സംബന്ധിക്കുന്ന പൊലീസ് കേസുകളിൽ അന്വേഷിക്കാൻ ചെന്നാൽപ്പോലും ‘അതിക്രമം’ എന്ന നിലയിൽ ചിത്രീകരിക്കുന്നതും പതിവ്. എന്നാൽ, കോൺഗ്രസ് ജനപ്രതിനിധികൾതന്നെ സ്‌റ്റേഷനിൽ കയറി അതിക്രമം കാണിച്ചിട്ടും അതിനെ ഗൗരവത്തോടെ സമീപിക്കാൻ ബഹുഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറായില്ല.
ശ്രീശങ്കര കോളേജ് വിദ്യാര്‍ഥിനിയെ റാഗിങ്ങ് ചെയ്ത കേസില്‍ പിടിയിലായവരെ സ്റ്റേഷനില്‍ കയറി ലോക്കപ്പില്‍ നിന്ന് മോചിപ്പിച്ച എംഎല്‍എ മാരായ റോജി എം ജോണ്‍, സനീഷ് കുമാര്‍(ചാലക്കുടി ) എന്നിവര്‍ക്കെതിരെയും കണ്ടാല്‍ അറിയുന്ന പതിമൂന്ന് പേര്‍ക്കെതിരെയും കാലടി പൊലീസ് കേസടുത്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും നിയമവിരുദ്ധ സംഘം ചേരല്‍, കലാപ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തിയുമാണ് കേസ്.
റോജി എം ജോണ്‍ എംഎല്‍എയുടെ നിയമ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, മഹിളാ അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വ രാവിലെ 10ന് അങ്കമാലി എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ചും നടക്കും.
കാലടി ശ്രീശങ്കര കോളേജിൽ ഇടുക്കി സ്വദേശിയായ ഒന്നാംവർഷ ബിരുദവിദ്യാർഥിനിക്ക് കെഎസ്-യു പ്രവർത്തകരിൽ നിന്ന് നേരിട്ടത് കടുത്ത മാനസികസമ്മർദം. മൂന്നുതവണയാണ് ഇവർ വിദ്യാർഥിനിയെ തടഞ്ഞ് നിർത്തി റാഗിങ്ങെന്ന പേരിൽ അപമാനിച്ചത്. വെള്ളിയാഴ്‌ച മൂന്നാംതവണയും ഇത് ആവർത്തിച്ചതോടെയാണ് വിദ്യാർഥിനി പ്രിൻസിപ്പലിന് പരാതി നൽകിയത്.
കെഎസ്‌യു നേതൃത്വത്തിൽ എല്ലാ ആഴ്‌ചയും കോളേജിൽ നടക്കുന്ന ‘തട്ടകം’ കലാപരിപാടിക്ക് ശേഷമായിരുന്നു സംഭവം. ക്ലാസിലേക്ക് പോകാൻ അനുവദിക്കാതെ തടഞ്ഞ് നിർത്തി സ്ഥലപ്പേര് വിളിച്ച് കളിയാക്കി. ക്ലാസിൽ ആരുമില്ലെന്നും ഇപ്പോൾ പോകണ്ടെന്നും പറഞ്ഞായിരുന്നു റാഗിങ്. പ്രതികൾ മദ്യപിച്ചിരുന്നതായും പരാതിയുണ്ട്.റാഗിങ് ചോദ്യംചെയ്‌ത എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയറ്റ് അംഗം സായന്ത് ശിവയെയും കെഎസ്‌യുക്കാർ മർദിച്ചു. സായന്ത് ശിവയാണ് കാലടി പൊലീസിൽ പരാതി നൽകിയത്.
ഇത് അന്വേഷിക്കാനെത്തിയ പൊലീസിനെ കെഎസ്‌യു പ്രവർത്തകരും പുറത്തുനിന്നുള്ളവരുമെത്തി തടഞ്ഞു. തുടർന്നാണ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് രാജീവ് വാലപ്പൻ, കെഎസ്‌യു പ്രവർത്തകൻ ഡിജോൺ പി ജിബിൻ എന്നിവരെ കാലടി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.