പ്രതികാര നടപടിയുമായി കേന്ദ്രം: സംസ്ഥാനം നേരിടുന്നത്‌ കടുത്ത ഞെരുക്കം

വായ്‌പാ പരിധി വെട്ടിക്കുറച്ചും ഗ്രാന്റുകൾ നിഷേധിച്ചും കേന്ദ്ര സർക്കാർ തുടരുന്ന പ്രതികാര നിലപാടിൽ സംസ്ഥാനം നേരിടുന്നത്‌ കടുത്ത സാമ്പത്തിക ഞെരുക്കം. നിത്യനിദാനച്ചെലുകൾക്ക്‌ കടമെടുക്കേണ്ട അവസ്ഥയിലേക്ക്‌ ട്രഷറി എത്തി. സംസ്ഥാന സക്കാരിന്റെ 1500 കോടി രൂപയുടെ കടപ്പത്രം ചൊവ്വാഴ്‌ച റിസർവ്‌ ബാങ്ക്‌ വിപണി വിൽപ്പനയ്‌ക്ക്‌ വയ്‌ക്കും. അടുത്ത ദിവസം ഈ തുക ലഭിച്ചാലേ ട്രഷറി ഞെരുക്കത്തിന്‌ തൽക്കാലിക ആശ്വാസമാകൂ.
കഴിഞ്ഞയാഴ്‌ച കേന്ദ്ര ധനമന്ത്രിയെ നേരിൽ കണ്ട ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ആവശ്യങ്ങളിൽ അടിയന്തര ഇടപെടലും തീരുമാനങ്ങളും തേടിയിരുന്നു. 15,000 കോടി രൂപയുടെ അടിയന്തര സാമ്പത്തിക അനുമതികളാണ് ആവശ്യപ്പെട്ടത്‌. ഒന്നിൽപ്പോലും അനുകൂല നടപടി കേന്ദ്ര ധനമന്ത്രിയിൽനിന്ന്‌ ഇനിയുമുണ്ടായിട്ടില്ല.
സംസ്ഥാനത്തിന്‌ അനുവദിച്ച ഗ്രാന്റുകളിലെ 3591 കോടി കുടിശ്ശികയാണ്‌. കേന്ദ്ര നിലപാടുമൂലം സംസ്ഥാന വരുമാനത്തിൽ ഈ വർഷം 28,400 കോടി രൂപയുടെ കുറവുണ്ടാകും. ഇത്‌ പരിഹരിക്കാൻ കടമെടുപ്പ്‌ പരിധിയിൽ ഒരു ശതമാനം വർധന ആവശ്യപ്പെട്ടതിലും കേന്ദ്രത്തിന്‌ പ്രതികരണമില്ല. 10,400 കോടി രൂപയുടെ മാർഗമാണ്‌ അടച്ചിരിക്കുന്നത്‌. കേന്ദ്രത്തിന്‌ ഒരു ബാധ്യതയും വരുത്തുന്ന ആവശ്യമല്ലിത്‌. പണം പൂർണമായും സംസ്ഥാനമാണ്‌ തിരിച്ചടയ്‌ക്കേണ്ടത്‌.
റവന്യു കമ്മി ഗ്രാന്റ്‌ ഈ വർഷം 8400 കോടി രൂപ കുറഞ്ഞു. ജിഎസ്‌ടി നഷ്ടിപരിഹാരം നിർത്തിയതിനാൽ 12,000 കോടിയുടെ വരുമാന നഷ്ടമുണ്ട്‌. പൊതുകടമെടുപ്പിൽ കേന്ദ്രം അനുവദിച്ചതിൽ 8000 കോടി രൂപ വെട്ടിക്കുറച്ചിരിക്കുകയാണ്‌. ഇതിനു പുറമെയാണ്‌ ബജറ്റിനു പുറത്തുള്ള കടമെന്ന പേരിലും സംസ്ഥാനത്തിന്റെ കഴുത്ത്‌ ഞെരിക്കാൻ കേന്ദ്രം ശ്രമിക്കുന്നത്‌. ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തിലാക്കിയതിനുപകരം സഹായം, റവന്യു കമ്മി ഗ്രാന്റിലെ വൻ കുറവിന്‌ പരിഹരിക്കാൻ പ്രത്യേക സാമ്പത്തിക സഹായം തുടങ്ങിയ ആവശ്യങ്ങളൊന്നും കേന്ദ്രം പരിഗണിക്കുന്നില്ല. ക്ഷേമ പെൻഷനിൽ തുച്ഛമായ കേന്ദ്ര സഹായമായ രണ്ടുവർഷത്തെ കുടിശ്ശിക 800 കോടിയോളം രൂപയും കിട്ടാനുണ്ട്‌. ഇത്‌ കേരളം പെൻഷൻകാർക്ക്‌ നൽകിയ തുകയാണ്‌.