ജമ്മു കശ്‌മീരിന് പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയിലെ 370–-ാം അനുച്ഛേദം റദ്ദാക്കിയതിന് എതിരായ ഹർജികൾ പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ അവകാശവാദങ്ങൾ തടസ്സമാകില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് ചൊവ്വാഴ്‌ചയാണ് നിലപാട് വ്യക്തമാക്കിയത്. ആഗസ്‌ത് രണ്ടുമുതൽ ഹർജികളിൽ വാദംകേൾക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
370–-ാം അനുച്ഛേദം പിൻവലിച്ചതിനുശേഷം ജമ്മു കശ്‌മീരിൽ ഒരു പ്രശ്‌നവുമില്ലെന്നും സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അവകാശപ്പെട്ടത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത രീതിയിൽ താഴ്‌വരയിൽ ശാന്തിയും സമാധാനവും ഐശ്വര്യവും കളിയാടുകയാണെന്നും സർക്കാർ പറഞ്ഞു.