ഗ്രേറ്റർ നോയിഡയിൽ രണ്ടാംഘട്ട സമരം; യോഗിസർക്കാർ മുട്ടുകുത്തുംവരെ പിന്നോട്ടില്ലെന്ന്‌ കർഷകർ

ഏറ്റെടുത്ത ഭൂമിക്ക്‌ ന്യായമായ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ സമരം ചെയ്‌ത കർഷകർക്ക്‌ നൽകിയ രേഖാമൂലമുള്ള ഉറപ്പിൽനിന്ന്‌ യുപി സർക്കാൻ പിന്മാറിയതോടെ തുടർപ്രക്ഷോഭം ആരംഭിച്ച്‌ അഖിലേന്ത്യ കിസാൻ സഭ. ജൂൺ 24ന്‌ ബിജെപി രാജ്യസഭാംഗം സുരേന്ദ്ര നഗർ കർഷകർക്ക്‌ കൈമാറിയ രേഖയിൽ വ്യവസായ മന്ത്രി നേതൃത്വം നൽകുന്ന ഉന്നതാധികാര സമിതി രൂപീകരിച്ച്‌ ആവശ്യങ്ങൾ പരിഗണിക്കുമെന്നായിരുന്നു ഉറപ്പ്‌. എന്നാൽ, കരാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സർക്കാരും തള്ളി. ഇതോടെ ചൊവ്വാഴ്‌ച ഗ്രേറ്റർ നോയിഡ ആസ്ഥാനത്തിനു മുന്നിൽ കിസാൻ സഭ സ്‌ത്രീകളടക്കം നൂറുകണക്കിന്‌ കർഷകർ പങ്കെടുത്ത കർഷക മഹാപഞ്ചായത്ത്‌ സംഘടിപ്പിച്ചു. യോഗി സർക്കാർ മുട്ടുമടക്കുംവരെ പിന്നോട്ടില്ലെന്നും യോഗം പ്രഖ്യാപിച്ചു.
38 ഗ്രാമത്തിൽനിന്ന്‌ എത്തിയ കർഷകർ പ്രകടനമായാണ്‌ എത്തിയത്‌. രണ്ടാംഘട്ട അനിശ്ചിതകാല സമരവും തുടങ്ങി. അഖിലേന്ത്യ കിസാൻ സഭ വൈസ്‌ പ്രസിഡന്റ്‌ ഹന്നൻ മൊള്ള, കേന്ദ്ര ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, ഡോ. രൂപേഷ്‌ വർമ, മഹിളാ അസോസിയേഷൻ നേതാക്കളായ മൈമൂന മൊള്ള, ആശ ശർമ തുടങ്ങിയവർ സംസാരിച്ചു. സമാജ്‌വാദി പാർടി എംഎൽഎ അതുൽ പ്രധാന്‌ പുറമെ ആർഎൽഡി, കോൺഗ്രസ്‌ നേതാക്കളും സമരവേദിയിലെത്തി പ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു.

190720231