ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്

ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂലുകാർ വ്യാപക അക്രമവും ക്രമക്കേടും നടത്തിയിട്ടും സിപിഐ എമ്മും ഇടതുമുന്നണിയും സീറ്റും വോട്ട്‌ ശതമാനവും വർധിപ്പിച്ചു. ആകെ പോൾ ചെയ്‌തതിന്റെ 12.56 ശതമാനം വോട്ട്‌ സിപിഐ എം നേടി. 51,41,446 വോട്ട്‌ കിട്ടി. 2018ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5.5 ശതമാനത്തിന്റെ വർധന.

ഇടതുമുന്നണിയോട് സഹകരിച്ച് മത്സരിച്ച കോൺഗ്രസിന് 6.4 ശതമാനം വോട്ട് നേടാനായി. ഇടതുമുന്നണി, കോൺഗ്രസ്, ഐഎസ്എഫ് എന്നിവർക്കെല്ലാംകൂടി 21.3 ശതമാനം വോട്ട്‌ ലഭിച്ചു. 2021 നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് നടന്ന നിയമസഭാ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകൾ, മുനിസിപ്പൽ -കോർപറേഷൻ തെരഞ്ഞെടുപ്പുകൾ എന്നിവയിലെല്ലാം ഇടതുമുന്നണി നില ക്രമമായി മെച്ചപ്പെടുത്തി.

ബിജെപി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 38 ശതമാനം വോട്ട്‌ നേടിയ ബിജെപിക്ക്‌ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 22 ശതമാനമായി കുറഞ്ഞു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേട്ടമുണ്ടാക്കിയ കൂച്ച് ബിഹാർ, ജാൽപായ്ഗുരി, പശ്ചിമ ബർധമാൻ ബാങ്കുറ, കിഴക്കൻ മെദിനിപുർ, ഉത്തര 24 പർഗാനാസ് എന്നീ ജില്ലകളിലെല്ലാം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടിവന്നു. എല്ലാ തലങ്ങളിലുമായി 90 ശതമാനത്തോളം സീറ്റുകൾ കരസ്ഥമാക്കിയ തൃണമൂലിന്‌ 51.1 ശതമാനം വോട്ടാണ്‌ ലഭിച്ചത്.

ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച് നടന്ന അക്രമത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരു സിപിഐ എം പ്രവർത്തകൻകൂടി മരിച്ചു. മൂർഷിദാബാദ് ജില്ലയിൽ റായപ്പുർ ഗ്രാമത്തിലെ റിണ്ടു ഷേക്കാ (43)ണ് മരിച്ചത്. തെരഞ്ഞെടുപ്പ് ദിവസം തൃണമൂൽ നടത്തിയ ബൂത്ത് കൈയേറ്റം തടയുന്നതിനിടെ റിണ്ടുവിന്റെ തലയ്ക്ക് ഇരുമ്പ് പാരകൊണ്ട് അക്രമികൾ അടിക്കുകയായിരുന്നു.

പാർടിയുടെ സജീവ പ്രവർത്തകനായ റിണ്ടുവിനെ മുമ്പും തൃണമൂലുകാർ ആക്രമിച്ചിട്ടുണ്ട്‌. ഭാര്യയും രണ്ടു മക്കളുമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങളിൽ എട്ട് സിപിഐ എം പ്രവർത്തകരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആകെ മരണം 61 ആയി.പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണ്. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ബിഷ്ണുപുരിൽ ബിജെപി–-തൃണമൂൽ സംഘർഷത്തിൽ തൃണമൂലുകാരനായ പ്രളയ് മണ്ഡൽ (32) വെടിയേറ്റ്‌ മരിച്ചു. മാൾദ ജില്ലയിൽ കാഡിഗി ഏരിയയിൽ തൃണമൂൽ അക്രമത്തിൽ ഒരു ബിജെപിക്കാരനും കൊല്ലപ്പെട്ടു.