ടീസ്‌‌ത സെതൽവാദിന്‌ ജാമ്യം; ഗുജറാത്ത്‌ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദ് ചെയ്‌തു

ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട്‌ വ്യാജരേഖകൾ ചമയ്‌ക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശപ്രവർത്തക ടീസ്‌താസെതൽവാദിന്‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സ്ഥിരജാമ്യം തേടിയുള്ള ടീസ്‌തയുടെ അപേക്ഷ തള്ളിയ ഗുജറാത്ത്‌ ഹൈക്കോടതി ഉത്തരവ്‌ ജസ്‌റ്റിസുമാരായ ഭൂഷൺ ആർ ഗവായ്‌, എ എസ്‌ ബൊപ്പണ്ണ, ദീപാങ്കർദത്ത എന്നിവർ അംഗങ്ങളായ ബെഞ്ച്‌ റദ്ദാക്കി. ജാമ്യാപേക്ഷ തള്ളി ഗുജറാത്ത്‌ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്‌ തലതിരിഞ്ഞതും വൈരുധ്യങ്ങൾ നിറഞ്ഞതുമാണെന്ന്‌ സുപ്രീംകോടതി വിമർശിച്ചു.

‘ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ജഡ്‌ജി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെ തലതിരിഞ്ഞ നിഗമനങ്ങളെന്ന്‌ മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളു. ചില സാക്ഷിമൊഴികളെ കുറിച്ച്‌ വാചാലനായ ശേഷം അദ്ദേഹം ഉടനടി പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന കണ്ടെത്തൽ നടത്തുന്നു. ഈ രീതിയിൽ നിരവധി വൈരുധ്യങ്ങൾ ഹൈക്കോടതി ഉത്തരവിലുണ്ട്‌. ഏതൊക്കെ സാഹചര്യങ്ങളിലാണ്‌ ഒരാൾക്ക്‌ ജാമ്യം നിഷേധിക്കേണ്ടതെന്ന്‌ നിയമത്തിൽ കൃത്യമായ വ്യവസ്ഥകളുണ്ട്‌ ’– സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.

കേസിൽ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞ സാഹചര്യത്തിൽ ടീസ്‌തയെ ഇനിയും കസ്‌റ്റഡിയിൽ ചോദ്യംചെയ്യേണ്ട കാര്യമില്ല. ഈ സാഹചര്യത്തിൽ ടീസ്‌‌തയ്‌ക്ക്‌ ജാമ്യം അനുവദിക്കുകയാണെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സാക്ഷികളെ ഭയപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ്‌ ജാമ്യം. ജൂലൈ ഒന്നിന്‌ സ്ഥിരം ജാമ്യത്തിനുള്ള ടീസ്‌തയുടെ അപേക്ഷ തള്ളിയ ഗുജറാത്ത്‌ ഹൈക്കോടതി അവരോട്‌ ഉടൻ കീഴടങ്ങാൻ നിർദേശിച്ചിരുന്നു. അന്ന്‌ രാത്രി സുപ്രീംകോടതി പ്രത്യേകസിറ്റിങ്ങ്‌ നടത്തി ടീസ്‌തയുടെ അപ്പീലിൽ അവർക്ക്‌ ജാമ്യം അനുവദിച്ചു.
പിന്നീട്‌ ഇടക്കാലജാമ്യത്തിന്റെ കാലാവധി നീട്ടിനൽകി. ഗുജറാത്ത്‌ സർക്കാരിന്‌ വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർജനറൽ എസ്‌ വി രാജു ടീസ്‌തയ്‌ക്ക്‌ ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിർത്തെങ്കിലും കോടതി അതൊന്നും മുഖവിലയ്‌ക്ക്‌ എടുത്തില്ല. ഗുജറാത്ത്‌വംശഹത്യയുമായി ബന്ധപ്പെട്ട്‌ അന്നത്തെ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ടീസ്‌താ സെതൽവാദ്‌ ഉൾപ്പടെയുള്ളവർ വ്യാജരേഖകൾ സൃഷ്ടിച്ചെന്നാണ്‌ കേസ്‌.