ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കച്ചവടമാക്കുന്ന കാഴ്ച്ചകൂടി ഈ സന്ദർഭത്തിൽ തന്നെയാണ് .മരണത്തെ പരസ്യവും റേറ്റിങ്ങും ആക്കിമാറ്റുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് മാധ്യമങ്ങളാണ് .മലയാള മനോരമയെ ഇഷ്ടപ്പെട്ടിരുന്ന ഉമ്മൻചാണ്ടിയെ മലയാള മനോരമ തന്നെ വിറ്റ് കാശാക്കുന്നു.
ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ നഷ്ടമായത് കോൺഗ്രസിന്റെ ജനകീയ മുഖം. ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിവുള്ള അപൂർവം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട കോൺഗ്രസ് നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. തന്റെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് ജനങ്ങളെ അണിനിരത്താൻ കഴിഞ്ഞ നേതാവ്കൂടിയായിരുന്നു. ഒരേ മണ്ഡലത്തിൽനിന്ന് തുടർച്ചയായി 12 തവണ നിയമസഭയിലെത്താനുള്ള കാരണവും ഈ ജനകീയതയാണ്. 53 വർഷം തുടർച്ചയായി ഒരേ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുക, മത്സരിച്ച തെരഞ്ഞെടുപ്പിലെല്ലാം വിജയിക്കുക, രണ്ടുതവണ മുഖ്യമന്ത്രിയാകുക, മൂന്നുതവണ മന്ത്രിയാകുക തുടങ്ങി ഉമ്മൻചാണ്ടിക്ക് റെക്കോഡുകൾ പലതാണ്.
ജീവിതം തന്നെ രാഷ്ട്രീയത്തിന് സമർപ്പിച്ച നേതാവായിരുന്നു അദ്ദേഹം. 1970ൽ ആദ്യമായി നിയമസഭയിലെത്തി 2021 വരെയുള്ള എല്ലാ തെരഞ്ഞെടുപ്പിലും ജയിച്ചു. ആദ്യ തെരഞ്ഞെടുപ്പിൽ കിട്ടിയ 7288 വോട്ട്‌തന്നെയാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. 2011ൽ നേടിയ 33,255 വോട്ടാണ് ഉയർന്ന ഭൂരിപക്ഷം. കെ എം മാണിയും കെ ആർ ഗൗരിയമ്മയുമാണ് നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ മറ്റ് കേരള നേതാക്കൾ. പുതുപ്പള്ളിക്കാർ കുഞ്ഞൂഞ്ഞ് എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളി വിടുന്നതിനെക്കുറിച്ച് ആലോചിക്കാൻക്കൂടി കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയാണ് പുതുപ്പള്ളിയെന്ന് ഭാര്യ മറിയാമ്മതന്നെ പറഞ്ഞിട്ടുണ്ട്. എവിടെയായിരുന്നാലും ഞായറാഴ്‌ചകളിൽ പുതുപ്പള്ളിയിൽ എത്തുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു.
കെഎസ്‌യുവിന്റെ ഒരണ സമരത്തിലൂടെ നേതാവായ ഉമ്മൻചാണ്ടി എ കെ ആന്റണിയുടെ നിഴലായാണ് അറിയപ്പെട്ടിരുന്നത്. ആന്റണിയുടെ പിൻഗാമിയായാണ് രാഷ്ട്രീയത്തിൽ അദ്ദേഹം സ്ഥാനങ്ങളൊക്കെ നേടിയത്. കെഎസ്‌യു, യൂത്ത്‌കോൺഗ്രസ് പ്രസിഡന്റായതും മുഖ്യമന്ത്രിയായതും ആന്റണിയുടെ പിൻഗാമിയായാണ്. 1980ൽ ആന്റണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസുകാർ ഇടതുപക്ഷത്ത് വന്നപ്പോഴും ഉമ്മൻചാണ്ടി ഒപ്പം ഉണ്ടായിരുന്നു. തിരിച്ചുപോയതും ഒന്നിച്ചുതന്നെ. ആന്റണിയുടെ പേരിലാണ് എ ഗ്രൂപ്പ് അറിയപ്പെട്ടതെങ്കിലും ഗ്രൂപ്പിന്റെ ചരട് രണ്ടാമനായ ഉമ്മൻചാണ്ടിയുടെ കൈയിലായിരുന്നു.
എക്കാലത്തും കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്ന ഉമ്മൻചാണ്ടി ആ രാഷ്ട്രീയത്തിലെ ചാണക്യ തന്ത്രജ്ഞനുമായിരുന്നു. ഉമ്മൻചാണ്ടി നേതൃവേദിയിലേക്ക് പ്രവേശിച്ചതോടെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ശ്രേണീ ഘടനയിൽ പിളർപ്പൻ അട്ടിമറികൾ പലതും നടന്നിട്ടുണ്ട്. കരുണാകരന്റെപോലും മേൽക്കൈയും മേധാവിത്വവും പൊടുന്നനെ നഷ്ടപ്പെടുന്നതിനും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. സ്വന്തം പാർടിയിലെ എതിരാളികൾക്ക് ഒരു സാവകാശവും നൽകാത്ത തന്ത്രപരമായ അപ്രതീക്ഷിത നീക്കങ്ങൾക്കു പിന്നിൽ ചുക്കാൻ പിടിച്ചത് ഉമ്മൻചാണ്ടിയായിരുന്നു.
പതിറ്റാണ്ടുകളോളം കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഗതി വിഗതികളെ നിയന്ത്രിച്ച പ്രമുഖ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് നിസ്സംശയം പറയാം.
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ നിരന്തരം പോരാടാൻ ആന്റണിക്ക് തുണയായത് ഉമ്മൻചാണ്ടിയാണ്. ഒപ്പം നിൽക്കുന്നവരെ സംരക്ഷിക്കാനും സ്ഥാനമാനങ്ങൾ നേടിയെടുക്കാനും ഏതറ്റംവരെയും പോകാൻ മടിക്കാത്ത ആശ്രിത വത്സലനായിരുന്നു അദ്ദേഹം. 1994ൽ എം എ കുട്ടപ്പന് രാജ്യസഭാ സീറ്റ് കൊടുക്കാത്തതിൽ ചൊടിച്ച് മന്ത്രിസ്ഥാനം രാജിവച്ചത് ഇതിന് ഉദാഹരണമാണ്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റതിനെ തുടർന്ന് ആന്റണി രാജിവച്ചപ്പോഴാണ് ഉമ്മൻചാണ്ടി ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. ഇതോടെ ഇരുവരും അകൽച്ചയിലായി എന്നാണ് വിലയിരുത്തപ്പെടുന്നത്. എസ്‌എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സോണിയ ഗാന്ധി മടങ്ങിയശേഷം വിമാനത്താവളത്തിൽ വികാരനിർഭരനായി ആന്റണി രാജി പ്രഖ്യാപിക്കുകയായിരുന്നു.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഹൈക്കമാൻഡിൽ സമ്മർദംചെലുത്തിയാണ് രാജിവയ്‌പിച്ചതെന്ന് ആരോപണം അന്നേ ഉയർന്നിരുന്നു. അത് നിഷേധിക്കാൻ ആരും തയ്യാറായിട്ടുമില്ല. രാജിയെത്തുടർന്ന് ആന്റണി കേന്ദ്ര രാഷ്‌ട്രീയത്തിൽ കേന്ദ്രീകരിച്ചതോടെ കേരളത്തിൽ എ ഗ്രൂപ്പ് പൂർണമായും ഉമ്മൻചാണ്ടിയുടെ കൈകളിലായി.
വലിയ വാക്‌ചാതുര്യമില്ലെങ്കിലും ജനങ്ങളെ കൈയിലെടുക്കാനുള്ള അസാമാന്യമായ പാടവം ഉണ്ടായിരുന്ന നേതാവാണ്. ജനങ്ങളാണ് തന്റെ ശക്തിയെന്ന് അദ്ദേഹം ഇടയ്‌ക്കിടെ പറയുമായിരുന്നു. രോഗാവസ്ഥയിലും ജനങ്ങളുമായി ഇടപഴകാൻ അദ്ദേഹം പരമാവധി ശ്രദ്ധിച്ചിരുന്നു. എം എ ജോൺ കണ്ടെത്തിയ ഉമ്മൻചാണ്ടി കേരളത്തോളം വളർന്ന നേതാവായി മാറുകയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വേർപാടോടെ കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് അവസാനിക്കുന്നത്. അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി.