മണ്ണിപ്പുരിന്റെ തെരുവിലൂടെ ഓടുന്ന സ്ത്രീകളുടെ പിറകേയോടുന്നവരേക്കാളും കുറ്റവാളികൾ ഭരണകൂടമാണ്

കലാപ കലുഷിതമായ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി ലൈംഗികാതിക്രമം ചെയ്യുന്ന വീഡിയോ ക്രൂരവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതും അവിടെ നിലനിൽക്കുന്ന ഗുരുതരമായ സാഹചര്യത്തെ കാണിക്കുകയും ചെയ്യുന്നതാണ്. സംഭവത്തെ ശക്തമായി അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ സംഭവം ചിത്രീകരിച്ച് ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുള്ള കുറ്റവാളികളുടെ സമീപനം ഈ നിരപരാധികളായ സ്ത്രീകൾ അനുഭവിച്ച ഭയാനകമായ ക്രൂരതയെയും തുടർന്നുണ്ടായ മാനസിക സംഘർഷത്തെയും കൂടുതൽ വലുതാക്കുന്നതാണ്.
മണിപ്പൂരിൽ രണ്ട് മാസമായി തുടരുന്ന അശാന്തിയിൽ ജനാധിപത്യ വാദികൾ അതീവ ഉത്കണ്ഠാകുലരാണ്. ഈ അക്രമം നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും ആയിരക്കണക്കിന് ആളുകളുടെ വീടുകളും സ്വത്തുക്കളും നഷ്ടമാവുകയും ചെയ്തു. ഒട്ടേറെ ആരാധനാലയങ്ങൾ അഗ്നിക്കിരയായി.ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ കുറ്റകരമായ മൗനം അംഗീകരിക്കാനാവില്ല. എന്തിനും ഏതിനും അഭിപ്രായം പറയാൻ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലെ അശാന്തിയെക്കുറിച്ച് ഇതുവരെ ഒരക്ഷരം മിണ്ടിയില്ല എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. വംശമോ മതമോ നോക്കാതെ എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. മണിപ്പൂരിലെ ജനങ്ങളുടെ പരാതികൾ പരിഹരിച്ച് അവർക്ക് സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനും സർക്കാർ തയ്യാറാവണം
വർഗീയത എന്ന കാളകൂടവിഷം ഒരു നാട്ടിൽ കടഞ്ഞെടുത്താൽ അനന്തരഫലം ഇതല്ലാതെ മറ്റൊന്നുമല്ല. മാനവികതയുടെ ഒരു തരി പോലും അവശേഷിക്കാത്ത ഇത്തരം അനുഭവങ്ങളിലൂടെ മനുഷ്യസമൂഹങ്ങൾക്കു തന്നെ കടന്നുപോകേണ്ടിവരും. മണിപ്പുരിലെ ജനത കഴിഞ്ഞ എത്രയോ മാസങ്ങളായി കടന്നുപോയ ഭീകരാനുഭവങ്ങളുടെ പരിണിതിയാണ് ഈ ദൃശ്യങ്ങൾ . അറിയുന്നതനുസരിച്ച് ഒരു മാസം മുൻപാണ് ഇപ്പോൾ എല്ലാവരും കണ്ട ഈ തെരുവു ദൃശ്യം സംഭവിക്കുന്നത്. രണ്ട് നഗ്നകളാക്കപ്പെട്ട സ്ത്രീകളുടെ സ്വകാര്യസ്ഥലങ്ങളിൽ പിടിച്ചും ഞെരിച്ചും തെരുവിലൂടെ ഓടിക്കുന്ന ഈ ദൃശ്യത്തിന് പൊതുസ്ഥലത്തെത്താനും ചർച്ചയാവാനും ഒരു മാസം സമയം വേണം. ഇന്ത്യയിൽ, നാം പാർക്കുന്ന ഇന്ത്യയിൽ നടന്ന സംഭവമാണിതെന്ന് ഓർക്കണം. ലോകത്തേതു കോണിലും ഒരു പന്തിൽ പാദം സ്പർശിക്കുന്ന
അതേനിമിഷം കാണാനാവുന്ന വിധം സാങ്കേതികവിദ്യ വളർന്ന കാലത്തിൽ ഇന്ത്യയിലെ ദാരുണമായ ഇത്തരമൊരു വാർത്തയുടെ സഞ്ചാരവേഗം ഒരു മാസമാണ്. ഇതിനർത്ഥം ഇതിലും ക്രൂരമോ ഇത്തരമോ ആയ സംഭവപരമ്പരകൾ മണിപ്പൂരിൽ നടന്നിട്ടുണ്ട് , നടന്നുകൊണ്ടിരിക്കുന്നു എന്നതാണ്. നാമതറിയില്ല. അറിഞ്ഞാലും പെട്ടെന്നു ഞെട്ടുന്നവർ അതിന്റെ കാര്യകാരണങ്ങളെ സ്പർശിക്കില്ല. ഈ സംഭവങ്ങളെക്കാളും ഒട്ടും നിസ്സാരമല്ലാത്ത ദുരന്തമായ സ്വാഭാവികവൽക്കരണം നമ്മളിൽ സംഭവിച്ചിരിക്കുന്നു എന്നതാണ് യഥാർത്ഥ്യം. എല്ലാ സംഭവങ്ങളും നമുക്ക് നൈമിഷികവും സ്മൃതിനിസ്സാരവുമായിത്തീർന്നിരിക്കുന്നു.

മണിപ്പൂരിൽ ഈ വർഗീയതയുടെ കാളകൂടം കലക്കിയതാരാണ്? മെയ്തികളും കുക്കി -നാഗ സമുദായങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ ആളിക്കത്തിച്ചതാരാണ്? പോപ്പി കൃഷിക്കാരെ മുതൽ അഭയാർത്ഥികളെ വരെ കലാപകാരികൾക്ക് എറിഞ്ഞു കൊടുത്തതാരാണ്? രാജ്യത്തിന്റെ ഒരു വശം കത്തിയെരിയുമ്പോൾ അതിവൈകാരികമായ വാചകമടിയുടെ ചപ്പുചവറുകൾ കൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതാരാണ്?

ഇതെല്ലാം രാഷ്ട്രീയ ഹിന്ദുത്വഭരണകൂടമാണ് എന്നു പറയാൻ നിങ്ങൾക്കു നാവു പൊങ്ങാത്തിടത്തോളം നിങ്ങളുടെ ഞെട്ടലും തുള്ളൽപ്പനിയുമെല്ലാം വ്യാജമാണ് എന്നു പറയേണ്ടിവരും. ആറുമാസമായി കത്തിയെരിയുന്ന ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിന് മറുപടി നൽകാനാവാത്ത ഭരണകൂടമാണ് ആ തെരുവിലൂടെ ഓടുന്ന സ്ത്രീകളുടെ പിറകേയോടുന്നവരേക്കാളും കുറ്റവാളികൾ . അവരുടെ കുറ്റകരമായ അനാസ്ഥയാണ് , അവരുടെ ക്രൂരമായ വർഗീയ ലാക്കാണ് , അവരുടെ ആസൂത്രിതമായ വംശ വിദ്വേഷമാണ് കാര്യങ്ങൾ ഇവിടെയെത്തിച്ചത്.

ജനാധിപത്യം വിവസ്ത്രമാക്കപ്പെട്ട രാഷ്ട്രം തീപിടിച്ച പുര പോലെയാണ്. രക്ഷപ്പെടാൻ പ്രാപ്തിയുള്ള മനുഷ്യരെല്ലാം ഈ തീ പിടിച്ച പുരയിൽ നിന്ന് ഓടി രക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. നിസ്സഹായരായ മനുഷ്യരുടെ ജീവിതം ഇവിടെ ബാക്കിയാകും. ഭയം രാഷ്ട്ര രൂപം പൂണ്ട ഒരു ചുടലപ്പറമ്പായി നമ്മുടെ നാട് മാറണോ എന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം.
മണ്ണിപ്പുരിന്റെ തെരുവിലൂടെ ഓടുന്ന സ്ത്രീകളുടെ പിറകേയോടുന്നവരേക്കാളും കുറ്റവാളികൾ ഭരണകൂടമാണ്.
Read more: https://www.deshabhimani.com/from-the-net/manipur-riot-m-j-sreechithran/1105286