കണ്ടത്തിൽ മാമൻ മാപ്പിള മുതൽ തുടങ്ങിയ മലയാള മനോരമയുടെ ജനിതക ഗുണമായ കമ്യൂണിസ്റ്റ് / പുരോഗമന വിരുദ്ധത
ഒരു തരത്തിലും അവസാനിപ്പിക്കാൻ അവർ ഉദ്ദേശിക്കുന്നില്ല എന്ന് തെളിയിക്കുന്നതാണ് കായംകുളത്ത് അതി ദാരുണമായി കൊല ചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തെ മനോരമ റിപ്പോർട്ട് ചെയ്ത രീതി.
പൊതു സാമൂഹ്യ ഇടപെടലുകളിലൂടേയും, ഡി.വൈ.എഫ്.ഐ ഏറ്റെടുത്ത മയക്ക് മരുന്ന് വിരുദ്ധ - ക്രിമിനൽ സംഘ വിരുദ്ധ പ്രവർത്തനങ്ങളിലും വ്യാപൃതനായി സമൂഹത്തിന് മാതൃകയായ സഖാവായിരുന്നു
കൊല്ലപ്പെട്ട അമ്പാടി. ഡി.വൈ.എഫ്.ഐ ദേവികുളങ്ങര മേഖലാ കമ്മറ്റി അംഗം. പ്രദേശത്തെ ഏതൊരു മനുഷ്യനും നല്ല വാക്കുകൾ മാത്രം പറയാനുള്ള 21 കാരനായ
ഒരു യുവാവ്. അങ്ങനെയൊരു മനുഷ്യനെ ക്വട്ടേഷൻ ഗുണ്ടാ സംഘം കുത്തി കൊലപ്പെടുത്തിയ വാർത്ത മനോരമ റിപ്പോർട്ട് ചെയ്തത് "ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, ഒരാൾ കുത്തേറ്റു മരിച്ചു എന്ന് "
മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള പത്രമാണ് മനോരമ എന്നാണ് അവർ അവകാശപ്പെടുന്നത്. ധാരാളം പ്രാദേശിക ലേഖകർ മനോരമക്കായി പണിയെടുക്കുന്നുണ്ട്. അതിലൊരു പ്രാദേശിക ലേഖകനെയെങ്കിലും പ്രദേശത്ത് വിട്ട് അന്വേഷിച്ചു സത്യാവസ്ഥ കൊടുക്കാൻ ആവതില്ലാത്ത പത്രമല്ല മനോരമ. അങ്ങനെ ചെയ്താൽ ഡി.വൈ.എഫ്. ഐ സമം ഗൂണ്ട സംഘം എന്ന് മനോരമയുടെ ലക്ഷ്യം സ്ഥാപിക്കാൻ കഴിയില്ലല്ലോ.
കേരളത്തിൽ വർദ്ധിച്ചു വരുന്ന മയക്കു മരുന്ന് - ക്രിമിനൽ സംഘങ്ങൾക്കെതിരെ അതി ശക്തമായ നിലപാട് കൈക്കൊണ്ട് മുന്നോട്ട് പോകുന്ന യുവജന പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ. പ്രാദേശിക ഷാഡോ വളണ്ടിയർമാരെ പോലും നിയോഗിച്ച് ഇത്തരം ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനം തടയാൻ സംഘടന ശ്രമിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അത്തരം ക്രിമിനൽ കൂട്ടങ്ങളുടെ കണ്ണിലെ കരടാണ് അതിനെതിരെ നിലകൊള്ളുന്ന ഡി.വൈ.എഫ്.ഐക്കാരൻ. അതിന്റെ പേരിൽ കഴിഞ്ഞ കാലങ്ങളിൽ തന്നെ അനേകം ഡി.വൈ.എഫ്.ഐ സഖാക്കൾ ആക്രമിക്കപ്പെടുന്ന സംഭവം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതൊക്കെ മനോരമാദി വലതു പക്ഷ മാദ്ധ്യമങ്ങൾ ഗൂണ്ട സംഘത്തിന്റെ ഏറ്റു മുട്ടലായി ചിത്രീകരിച്ച് ഡി.വൈ.എഫ്.ഐ വിരുദ്ധത ശർദ്ധിക്കുകയാണ്. കൊല്ലപ്പെട്ട സഖാവ് അമ്പാടി ഏത് ക്രിമിനൽ കേസുകളിലാണ് പ്രതിയായിരുന്നതെന്നും, എങ്ങനെയാണ് ഗുണ്ടാ സംഘത്തിൽ പെട്ടയാളായതെന്നും മനോരമ വ്യക്തമാക്കണം. ധീരനായ രക്തസാക്ഷിയെ അപമാനിക്കാനുള്ള ശ്രമം മാത്രം വക വച്ചു തരാൻ അനുവദിക്കില്ല.
കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടുമ്പോൾ കൊന്നയാൾക്ക് പക്ഷമില്ലാതെ ‘വെട്ടേറ്റു മരിക്കൽ’ എന്ന പല്ലവി ആവർത്തിച്ചിരുന്ന മാദ്ധ്യമങ്ങൾ ഇപ്പോൾ ഒരു പടി കൂടി കടന്ന് അവരെ ഗൂണ്ടകളാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ്. ഹൃദയ പൂർവ്വം പദ്ധതിക്കായി പൊതിച്ചോർ ശേഖരിക്കാൻ ഓടി നടന്ന് സാമൂഹ്യ പ്രവർത്തനത്തിൽ വ്യാപൃതനായൊരു ചെറുപ്പക്കാരനെയാണ് മനോരമ ഗൂണ്ടയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.
ഇടത് വിരുദ്ധ തിമിരം ബാധിച്ച് കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്ന മനോരമ പൂർവികന്റെ പിന്മുറക്കാർ ആ വിഷം കുടിക്കാൻ പറ്റാത്ത വിഷമം സമൂഹത്തിൽ ഒഴുക്കി സമാധാനിക്കുകയാണെങ്കിൽ, അതിനെ മാധ്യമ പ്രവർത്തനം എന്ന് വിളിച്ച് പൊതു സമൂഹത്തിൽ ഇറങ്ങാൻ സാധിക്കില്ലെന്ന് മര്യാദയുടെ ഭാഷയിൽ ഓർമിപ്പിക്കുന്നു.
VK sanoj
Dyfi സംസ്ഥാന സെക്രട്ടറി