Saturday Nov 6, 2021
കോവിഡിനുമുമ്പുള്ള എട്ട് വർഷത്തില്‍ രാജ്യത്ത് ദരിദ്രരുടെ എണ്ണത്തിൽ എട്ടുകോടിയോളം വര്‍ധന. അതിസമ്പന്നരുടെ എണ്ണത്തില്‍ കുതിപ്പുണ്ടാകുമ്പോഴാണ് ദാരിദ്ര്യവും പെരുകുന്നത്. ഇത്രയും കുത്തനെ ദാരിദ്ര്യം വളർന്നത് രാജ്യചരിത്രത്തിൽ ആദ്യം. 2012 മുതല്‍ 2020 ജൂണ്‍വരെ ദരിദ്രരുടെ എണ്ണം 7.6 കോടി വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. കാർഷികമേഖലയിലെ വരുമാനക്കുറവ്, നോട്ട് നിരോധനം, തൊഴിലില്ലായ്‌മ എന്നിവ ദാരിദ്ര്യം പെരുകാൻ പ്രധാന കാരണമായി.
നോട്ട് നിരോധനം ഇന്ത്യയിലെ അനൗപചാരിക മേഖലയെ തകർത്തു. ദശലക്ഷങ്ങൾ തൊഴിൽരഹിതരായി. ജർമനിയിലെ ബോൺ ആസ്ഥാനമായ ഐഇസഡ്‌എ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലേബർ ഇക്കണോമിക്‌സിലെ ഗവേഷകൻ സന്തോഷ് മെഹ്‌റോത്രയുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
രാജ്യത്തെ ദാരിദ്ര്യത്തിന്റെ കണക്ക് മോദിസർക്കാർ ഔദ്യോഗികമായി പുറത്തുവിടുന്നില്ല. കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം 2017–-18ലെ ലേബർ സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം. ഇതിൽ ഉപഭോക്‌തൃ ചെലവ് വിവരങ്ങൾ മറച്ചുവച്ചു. ഇതേത്തുടർന്ന്, സിഎംഐഇ(സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി) തയ്യാറാക്കിയ കുടുംബങ്ങളുടെ ഉപഭോക്‌തൃ ചെലവ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മെഹ്‌റോത്രയും സഹപ്രവർത്തകരും ദാരിദ്ര്യക്കണക്ക് തിട്ടപ്പെടുത്തിയത്.
ബിപിഎല്‍ നിര്‍ണയിക്കാന്‍ രാജ്യത്തിന്റെ ഔദ്യോഗിക മാനദണ്ഡം തയ്യാറാക്കിയ ടെണ്ടുൽക്കർ കമ്മിറ്റി നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ദാരിദ്ര്യരേഖ നിർണയിച്ചത്. ഓരോ വർഷവും ദശലക്ഷങ്ങൾ കാർഷികവൃത്തി ഉപേക്ഷിച്ചു. കൃഷി ആദായകരമല്ലാതായതാണ് കാരണം. എന്നാൽ, 2012നുശേഷം പ്രതിവർഷം പുതുതായി ഉണ്ടാകുന്ന കാർഷികേതര തൊഴിലുകളുടെ എണ്ണം ശരാശരി 29 ലക്ഷമായി ഇടിഞ്ഞു. ജോലിയുള്ളവരുടെ യഥാർഥ വരുമാനം കുറഞ്ഞു. തൊഴിലില്ലായ്‌മ 2011–-2012ന് ശേഷമുള്ള ആറ് വർഷത്തിൽ മൂന്നിരട്ടിയായി. പിന്നാലെ നോട്ട് നിരോധനവും വന്നതോടെ ആഘാതം ഇരട്ടിച്ചു. ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയവരിൽ 6.6 കോടിയും ഗ്രാമീണമേഖലയിലാണ്. നിർമാണ മേഖലയിലെ തളർച്ചയാണ് നഗരങ്ങളിൽ തൊഴിലില്ലായ്‌മയും ദാരിദ്ര്യവും സൃഷ്ടിക്കുന്ന പ്രധാന ഘടകം
തിയ പ്രതീക്ഷകൾ പടർത്തുന്ന ചില പ്രഖ്യാപനങ്ങൾ കേട്ടുകൊണ്ടാണ് പുതുവർഷം പിറന്നുവീണത്. അന്താരാഷ്ട്ര നാണ്യനിധിയുടെയും വിനിമയ നിരക്കുകളുടെയും മാനദണ്ഡപ്രകാരം ലോകത്തെ ഉയർന്ന അഞ്ചാമത്തെ സമ്പദ്ഘടനയായി ഇന്ത്യ മാറിയിരിക്കുന്നു എന്ന പ്രഖ്യാപനമായിരുന്നു അത്. എന്നാൽ, ഈ വളർച്ച മഹാഭൂരിപക്ഷം ജനങ്ങളുടെ ജീവിതത്തിലുണ്ടായ വളർച്ചയല്ലെന്ന് കണക്കുകൾ തെളിയിക്കുന്നു. രൂക്ഷമായ വിലക്കയറ്റവും പെരുകുന്ന ദാരിദ്ര്യവും ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലിലായ്മയും പരിശോധിച്ചാൽ ഇത് വ്യക്തമാകും. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി കണക്ക് പ്രകാരം രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മയാണ് ഉണ്ടായിരിക്കുന്നത്. 2021 സെപ്തംബർ മുതൽ 2022 ഡിസംബർ വരെയുള്ള 16 മാസത്തിൽ തൊഴിലില്ലായ്മ അതിന്റെ ഏറ്റവും ഉയർന്ന നിരക്കിൽ (8.3ശതമാനം) എത്തിനിൽക്കുന്നു. നഗരങ്ങളിൽ 10.9 ശതമാനവും ഗ്രാമങ്ങളിൽ 7.44 ശതമാനവുമാണ് ഇപ്പോഴത്തെ നിരക്ക്. പ്രതിവർഷം ഒന്നരക്കോടി പേർ തൊഴിൽ കമ്പോളത്തിൽ എത്തുന്ന രാജ്യമാണിത്.
രാജ്യത്തെ ജനസംഖ്യ 140 കോടി കഴിഞ്ഞെങ്കിലും മനുഷ്യവിഭവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 132––ാം സ്ഥാനത്ത് പരിതാപകരമായി തുടരുകയാണ്. സമ്പദ്ഘടനയുടെ വളർച്ചയെ നിർണയിക്കാൻ ശരിയും ശാസ്‌ത്രീയവുമായ മാർഗങ്ങൾക്കു പകരം തെറ്റായ മാനദണ്ഡങ്ങൾ ഉപയോഗിക്കുകയാണ്. ജനജീവിതം ദുഃസഹമാക്കുന്ന നയങ്ങൾ നടപ്പാക്കിയതിനുശേഷം രാജ്യം വളരുന്നു എന്ന് പ്രഖ്യാപിക്കുന്ന രീതിയാണ്. ശതകോടീശ്വരന്മാരുടെയും അതിസമ്പന്നരുടെയും പരമദരിദ്രരുടെയും വരുമാനത്തെ കൂട്ടിക്കനപ്പിച്ചെടുക്കുന്ന കണക്കാണ് ദേശീയവരുമാനമായി കൊണ്ടാടുന്നത്. സ്വത്തിന്റെ ഉടമസ്ഥത, വിഭവവിതരണവും വിനിയോഗവും, വരുമാനവും ജീവിതനിലവാരവും - ഇക്കാര്യങ്ങളിലെല്ലാം രാജ്യത്ത് അസമത്വം ഗണ്യമായി വർധിച്ചിരിക്കുന്നു. അതിദരിദ്രരുടെ എണ്ണം 13.4 കോടിയായി വർധിച്ചതായി ഓക്സ്ഫാം റിപ്പോർട്ട് വ്യക്തമാക്കുന്നു. 142 ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 53.16 ലക്ഷം കോടിയിലധികമായി മാറി. ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട 40 ശതമാനം ജനസംഖ്യയുടെ ആകെ സ്വത്തിന്റെ മൂല്യത്തേക്കാൾ (48.80 ലക്ഷം കോടി) ഉയർന്ന സംഖ്യയാണിത്. ദേശീയ വരുമാനത്തിന്റെ 57 ശതമാനം കൈക്കലാക്കിയിരിക്കുന്നത് അതിസമ്പന്നരായ 10 ശതമാനം പേരാണ്. എന്നാൽ, ഏറ്റവും പാവപ്പെട്ട 50 ശതമാനം ജനങ്ങളുടെ ദേശീയവരുമാനത്തിലെ സംഭാവന കേവലം ആറുശതമാനമാണ്. കോവിഡ് കാലത്ത് ദരിദ്രരായ മൊത്തം ജനസംഖ്യയെടുത്താൽ അതിൽ 80 ശതമാനം ഇന്ത്യയിലാണെന്ന് ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു. അസമത്വം വർധിക്കുന്നത് ആഗോളവൽക്കരണത്തിന്റെ ഫലമാണ്.
ജോലിചെയ്യാൻ കഴിയുന്ന പ്രായഗണനയിലെ മഹാഭൂരിപക്ഷം പേർക്ക് ജോലി ഇല്ലാത്ത അവസ്ഥയിൽ വരുമാനം അസമമാകുക തന്നെ ചെയ്യും. ജനങ്ങളുടെ വാങ്ങൽശേഷി കുറയുകയും അവരെ ആശ്രയിച്ചു ജീവിക്കുന്ന മറ്റു മേഖലകൾ സ്തംഭനത്തിലേക്ക് പോകുകയും ചെയ്യും. തൊഴിലവസരം ഇല്ലാതാകുന്നത് ചൂഷണത്തിന്റെ സൂചന കൂടിയാണ്. തൊഴിൽരഹിത വളർച്ചാനിരക്ക് വർധിക്കുന്നതും പുതിയ അവസരങ്ങൾ ഉണ്ടാകാത്ത സാഹചര്യവും നിലവിലുള്ള തൊഴിലുകളുടെ തിരോധാനവും അപകട ലക്ഷണമാണ്. പ്രതിവർഷം രണ്ടുകോടി തൊഴിവസരങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്ന മോദി സർക്കാർ ആ വാഗ്ദാനം തന്നെ മറന്നിരിക്കുന്നു.
കോവിഡിനു മുമ്പും കോവിഡിന്റെ രൂക്ഷത കുറഞ്ഞിട്ടും തൊഴിൽ ലഭ്യത വർധിച്ച കണക്കുകളൊന്നും വന്നിട്ടില്ല. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് 2019ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് തൊഴിലില്ലായ്മ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ മറച്ചുപിടിച്ച കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമീഷൻ അംഗങ്ങൾ രാജിവച്ചതും രാജ്യം കണ്ടു. 1972––73നു ശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണിത്.
എൻഎസ്എസ്ഒ കണക്കുകൾ പ്രകാരം 2011-–-12ൽ 2.2 ശതമാനമായിരുന്നു ഇന്ത്യയിലെ തൊഴിലില്ലായ്മ. ഏതാണ്ട് 90 കോടി പേർ തൊഴിൽ ചെയ്യാൻ കഴിയുന്ന പ്രായത്തിലുള്ളവർ ഇവിടെയുള്ളപ്പോൾ അതിൽ പകുതിപ്പേർക്ക് പോലും തൊഴിൽ ഇല്ല എന്നതാണ് യാഥാർഥ്യം. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ നാലുമാസം കൊണ്ട് രണ്ടുശതമാനം വർധിച്ചു. സെപ്തംബറിൽ 6.4 ശതമാനം ആയിരുന്നത് ഡിസംബറിൽ 8.3 ശതമാനമായി മാറി. ബിജെപി ഭരിക്കുന്ന ഹരിയാനയിൽ 37.4 ശതമാനവും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 28.5 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. കേരളത്തിൽ 2016ൽ 22.5 ശതമാനം ആയിരുന്നെങ്കിൽ ഇപ്പോഴത് 7.4 ശതമാനം ആയി കുറഞ്ഞിരിക്കുന്നു.
2022 ഒക്ടോബറിലെ രാജ്യത്തെ കണക്കുകൾ മാത്രം പരിശോധിക്കാം. ആകെ 7.9ലക്ഷം തൊഴിലുകളാണ് ഇല്ലാതായത്. ചില്ലറ വ്യാപാര മേഖലയിൽ 4.3 ലക്ഷവും വ്യവസായ മേഖലയിൽ 5.3 ലക്ഷവും നിർമാണ മേഖലയിൽ 10 ലക്ഷവും തൊഴിലുകൾ ഒറ്റ മാസത്തിൽ നഷ്ടപ്പെട്ടു. കാർഷിക മേഖലയിൽ 80 ലക്ഷം തൊഴിലുകൾ നഷ്ടപ്പെട്ടു. ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം 2020––21ൽ 21 കോടി പേർക്കും 2021-–-22ൽ 17.3 കോടി പേർക്കും തൊഴിൽ നിഷേധിക്കപ്പെട്ടു. തൊഴിൽദിനങ്ങൾ വർധിപ്പിച്ചുകൊണ്ടും മികച്ച കൂലി നിരക്ക് നൽകിയും ഈ പദ്ധതി ജനോപകാരപ്രദമാക്കി മാറ്റാൻ കേന്ദ്രം തയ്യാറല്ല.
സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ യുവജന സംഖ്യയുള്ള ഇന്ത്യയിൽ 35 വയസ്സിനു താഴെയുള്ള ഈ വിഭാഗം ഏകദേശം 66 ശതമാനം വരും. ഇന്ത്യൻ യുവജനതയുടെ 52 ശതമാനം പേർ വസിക്കുന്നത് ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ്. ഉയർന്ന വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 16 ശതമാനത്തിനും മുകളിലെത്തിയതായി നേരത്തെതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ യുവജനങ്ങൾ വസിക്കുന്ന രാജ്യമാണിത്. എന്നാൽ, തൊഴിലന്വേഷകരുടെ എണ്ണവും തൊഴിലവസരങ്ങളും തമ്മിലുള്ള അന്തരം ദിനംപ്രതി വർധിക്കുകയാണ്
രാജ്യത്ത് സർക്കാർ മേഖലയിൽ തൊഴിലവസരങ്ങൾ ഇല്ലാതാകുന്നു എന്നത് ഗുരുതര സാഹചര്യമുണ്ടാക്കുന്നു. ഇന്ത്യയിൽ സർക്കാർ - പൊതുമേഖലയിൽമാത്രം ഏതാണ്ട് പത്തുലക്ഷത്തിനടുത്ത് ഒഴിവുകളുണ്ടെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പാർലമെന്റിനെ അറിയിച്ചു. കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ മന്ത്രാലത്തിന്റെ കണക്കുകളാണ് പുറത്തുവന്നത്. ഗ്രൂപ്പ് എ വിഭാഗത്തിൽ 23584, ഗ്രൂപ്പ് ബി വിഭാഗത്തിൽ 118807, ഗ്രൂപ്പ് സി വിഭാഗത്തിൽ 836936 ഒഴിവുകളുണ്ട്. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ഗ്രൂപ്പ് സിയിലാണ് ഭൂരിപക്ഷം തസ്തികകളും ഒഴിഞ്ഞുകിടക്കുന്നത്. ഓരോ സ്ഥാപനങ്ങളായി പരിശോധിച്ചാൽ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാകും. ഇന്ത്യൻ റെയിൽവേയിൽ ആകെ 1514007 തസ്തികയുള്ളപ്പോൾ അതിൽ 293943 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. 90000 റെയിൽവേ ഒഴിവുകൾക്ക് അപേക്ഷിച്ചത് രണ്ടരക്കോടി ഉദ്യോഗാർഥികളായിരുന്നു !പ്രതിരോധ (സിവിൽ ) വകുപ്പിൽ ആകെയുള്ള 646042 തസ്തികയിൽ 264707 എണ്ണം ഒഴിഞ്ഞുകിടക്കുന്നു.
ആഭ്യന്തരവകുപ്പിൽ 143536 തസ്തിക ഒഴിഞ്ഞു കിടക്കുന്നു. എസ്ബിടി–- -എസ്ബിഐ ലയനത്തിനുശേഷം ഇന്ത്യയിലെ 11208 ശാഖ പൂട്ടി. ഇക്കാലയളവിൽ 30000 ഒഴിവാണ് ഉണ്ടായത്. ശാഖകൾ പൂട്ടിയ സ്ഥിതിക്ക് ഇനി ഒഴിവുകളുടെ കാര്യത്തിൽ എന്ത് സംഭവിക്കും എന്ന് ഊഹിക്കാം. എയർപോർട്ടുകൾ സ്വകാര്യവൽക്കരിക്കുകയും ബിഎസ്എൻഎല്ലിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തിയും കരാർവൽക്കരണം അടിച്ചേൽപ്പിച്ചും ഇൻഷുറൻസ് മേഖലയെ തകർത്തും കേന്ദ്ര സർവകലാശാലകൾ, - വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥിരനിയമനം ഇല്ലാതാക്കിയും മോദി സർക്കാർ ‘മുന്നേറു’കയാണ്. തൊഴിൽ നിയമനങ്ങളിൽ സംവരണത്തിന് അർഹതപ്പെട്ട പട്ടികജാതി-–- പട്ടിക വർഗ, ഒബിസി, സാമ്പത്തിക പിന്നാക്ക വിഭാഗം എന്നിവരുടെ അവസരങ്ങൾ പൂർണമായും ഇല്ലാതാകുകയാണ്. മെറിറ്റും സാമൂഹ്യനീതിയും അസ്തമിക്കുകയാണ്.
ലക്ഷക്കണക്കിന് യുവജനങ്ങൾ അപേക്ഷകരായ ഇന്ത്യയിലെ സായുധസേനകളിലേക്കുള്ള നിയമനങ്ങൾ അട്ടിമറിക്കപ്പെട്ടു. അഗ്നിപഥ് നടപ്പാക്കിയത് സ്ഥിരം തൊഴിൽ എന്ന സങ്കൽപ്പം തന്നെ റദ്ദാക്കിക്കൊണ്ടാണ്. വർഗീയതയും വിദ്വേഷവും കുഴച്ചുണ്ടാക്കിയ ഭയത്തിന്റെ റിപ്പബ്ലിക്കിലാണ് നാം ജീവിക്കുന്നത്. തൊഴിൽരഹിതരുടെ ശവപ്പറമ്പായി നാടു മാറുമോ എന്ന സംശയം മാത്രമേ ബാക്കിയുള്ളൂ.