ഗുജറാത്ത് വംശഹത്യാവേളയിൽ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 11 കുറ്റവാളികളെ വെറുതെവിട്ട ഗുജറാത്ത് സർക്കാർ നടപടി സൂക്ഷ്‌മമായി പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഭീകരമായ കുറ്റകൃത്യമാണ് നടന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. കുറ്റവാളികളെ വെറുതെവിട്ട ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ ബിൽക്കിസ് ബാനു നൽകിയ ഹർജിയിൽ പ്രത്യേക ബെഞ്ച് കേന്ദ്ര സർക്കാരിനും ഗുജറാത്ത് സർക്കാരിനും നോട്ടീസയച്ചു.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് ശിക്ഷായിളവ് നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. നിരവധി കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികൾ ശിക്ഷായിളവ് കിട്ടാതെ നമ്മുടെ ജയിലുകളിൽ വർഷങ്ങളായി കഴിയുന്നുണ്ട്.
മറ്റ് കേസുകൾക്ക് ബാധകമായ അതേ മാനദണ്ഡങ്ങൾ പ്രകാരമാണോ ശിക്ഷായിളവ് അനുവദിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും- ജസ്റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു. ഏപ്രിൽ 18ന് കേസ് കോടതി വീണ്ടും പരിഗണിക്കും. 2002ലെ ഗുജറാത്ത് വംശഹത്യാവേളയിൽ ആണ് കുറ്റവാളികൾ ബിൽക്കിസ് ബാനുവിന്റെ ബന്ധുക്കളെ കൊലപ്പെടുത്തി അവരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കുറ്റവാളികളെ വെറുതെവിട്ട നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സിപിഐ എം നേതാവ് സുഭാഷിണി അലി ഉൾപ്പെടെയുള്ളവർ സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു.
ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്: ജീവപര്യന്തം ശിക്ഷിച്ച 11 കുറ്റവാളികളെ വിട്ടയച്ച് ഗുജറാത്ത് സർക്കാർ
ഗുജറാത്ത് കലാപത്തിനിടെ അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗംത്തിന് ഇരയാക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചു. കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു.
ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്‌ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് ഇവരെ വിട്ടയയ്‌ക്കാൻ സർക്കാർ തീരുമാനിച്ചത്.
ഗുജറാത്ത് വംശഹത്യക്കിടെ 2002 മർച്ച് മൂന്നിനാണ് ബിൽക്കീസ് ബാനു 22 തവണ കൂട്ട ബലാസംഗത്തിനിരയായത്. ബിൽക്കീസ് ബാനുവിന്റെ മൂന്നു വയസുള്ള മകളെ കലാപകാരികൾ നിലത്തടിച്ച് കൊല്ലുകയായിരുന്നു. ഒപ്പം കുടുംബത്തിലെ 14 പേരുടെ കൊലപാതകവും ബിൽക്കീസ് കാണേണ്ടിവന്നു. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ദേവഗഡ് ബാരിയിലായിരുന്നു ഈ അക്രമം നടന്നത്.
ആൾക്കൂട്ടക്കൊലക്കേസിലെ പ്രതികളെ കേന്ദ്രമന്ത്രി ജയന്ത് സിൻഹ ഹാരമണിയിച്ചു.എന്ന വാർത്തയും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് .ബ്രിജ് ഭൂഷണ് എതിരായി ഇതുവരെ നടപടി എടുക്കാത്ത കേന്ദ്ര ഗവണ്മെന്റ് ആണ് രാജ്യം ഭരിക്കുന്നത് .