മണിപ്പുരിൽ കലാപത്തിൽ നടക്കുന്ന അക്രമങ്ങളിലും ബലാൽസംഗങ്ങളിലും പ്രതിഷേധിച്ച് പാർലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. കടുത്ത പ്രതിഷേധത്തെ തുടർന്ന ഇരുസഭകളും നിർത്തിവെച്ചു. ലോകസഭ 12 മണിവരെയും രാജ്യസഭ 2 മണിവരെയുമാണ് നിർത്തിവെച്ചത്. പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വ്യാഴാഴ്ച പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം നടപടികൾ സ്തംഭിച്ചു. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും അല്ലെങ്കിൽ സഭാ നടപടികൾ അനുവദിക്കില്ലെന്നുമായിരുന്നു പ്രതിപക്ഷ നിലപാട്. വിഷയം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തിരപ്രമേയനോട്ടീസും ഇടതു എംപിമരാടക്കം നൽകിയിരുന്നു.
അതേസമയം മണിപ്പുർ കലാപത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ ഇന്ന് പ്രസ്താവന നടത്തുമെന്ന് പറയുന്നു. മണിപ്പുർ വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടക്കമുള്ള നേതാക്കള്‍ ഇതു മുൻപുതന്നെ വിശദീകരിച്ചതാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
മേയ് മൂന്നിന് ആരംഭിച്ച കലാപത്തെക്കുറിച്ചു രണ്ടര മാസത്തിനുശേഷം ഇന്നലെ ആദ്യമായി പാർലമെന്റിനു പുറത്തുവച്ചു പ്രധാനമന്ത്രി പ്രതികരണം നടത്തിയിരുന്നു. സഭയെ അഭിമുഖീകരിക്കാൻ മോദി തയ്യാറായിട്ടില്ല. മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രതികരിക്കാന്‍ മോദിക്ക് 75 ദിവസം വേണ്ടിവന്നുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ കുറ്റടുത്തിയിരുന്നു. പ്രധാനമന്ത്രി ഇത്രയും കാലം എന്തുകൊണ്ട് മിണ്ടിയില്ല. മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നും യെച്ചൂരി ചോദിച്ചിരുന്നു.