സ്ത്രീകളെ നഗ്നരാക്കി പീഡനം; സംഭവം നടന്നത് രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷന് ഒരു കിലോമീറ്റര്‍ അകലെ

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി ലൈംഗികാതിക്രമം നടത്തി കൊലപ്പെടുത്തിയ സംഭവം നടന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സ്‌റ്റേഷനടുത്തെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കണക്ക് പ്രകാരം, രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്‌റ്റേഷനെന്ന് ഖ്യാതി നേടിയ സ്‌റ്റേഷന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരത്ത് വച്ചാണ് രാജ്യത്തെ ഞെട്ടിച്ച അതിക്രമം അരങ്ങേറിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയുടെ ഓപ്പണ്‍ സോഴ്‌സ് ഇന്റലിജന്‍സ് ടീം നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. സ്ത്രീകള്‍ക്കെതിരായും ദുര്‍ബലര്‍ക്കെതിരായും നടക്കുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുണ്ടാകുന്ന കണക്കുകള്‍ പഠിച്ച് രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷനുകള്‍ സംബന്ധിച്ച് റാങ്ക് നല്‍കാറുണ്ട്. ഇതിലാണ് മണിപ്പൂരിലെ നോംഗ്‌പോക്ക് സെക്‌മെയ് പൊലീസ് സ്‌റ്റേഷന്‍ 2020 ലെ രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷനായി മാറിയത്. ഇത്തരം ഒരു പൊലീസ് സ്റ്റേഷനുണ്ടായിട്ടും പരസ്യമായി അതിക്രമം നടന്നത് കൂടുതല്‍ ദുരൂഹതകള്‍ക്കും ഇതോടെ കാരണമാകുകയാണ്‌.