40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസുകളിലും നിരക്ക് ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവ്. ഇവർക്ക് കെഎസ്ആർടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്കാണ് ഇളവുണ്ടായിരുന്നത്. ടിക്കറ്റ് നിരക്കിന്റെ മൂന്നിലൊന്നാണ് ഇളവ്.
ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രത്യേക ഉത്തരവിറക്കിയതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഭിന്നശേഷി കമീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഉത്തരവിറങ്ങിയത്.