മണിപ്പുരിൽ സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ ചുട്ടുകൊന്നു

മണിപ്പുരിൽ സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ കലാപകാരികൾ ചുട്ടുകൊന്നെന്ന നടുക്കുന്ന വിവരവും പുറത്ത്‌. സ്വാതന്ത്ര്യസമര സേനാനിയായ എസ്‌ ചുരാചന്ദ്‌ സിങ്ങിന്റെ ഭാര്യ ഇബെടോംബി (80)യാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌. കാച്ചിങ്‌ ജില്ലയിലെ സെറോ ഗ്രാമത്തിൽ മെയ്‌ 28നാണ്‌ അക്രമികൾ ഇബെടോംബിയെ ഉള്ളിലിട്ട്‌ പൂട്ടിയശേഷം വീടിന്‌ തീയിട്ടത്‌. മെയ്‌ത്തീ– കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളുണ്ടായ ഗ്രാമങ്ങളിലൊന്നാണ്‌ സെറോ. മുൻ പ്രസിഡന്റ്‌ എ പി ജെ അബ്‌ദുൾ കലാമിൽനിന്ന്‌ ആദരം ഏറ്റവാങ്ങിയ വ്യക്തിയാണ്‌ എസ്‌ ചുരാചന്ദ്‌ സിങ്.

ഗ്രാമത്തിനുനേരെ ആക്രമണവും വെടിവയ്‌പും ഉണ്ടായതോടെ കുടുംബാംഗങ്ങളോട്‌ രക്ഷപ്പെടാൻ ഇബെടോംബി നിർദേശിച്ചു. ആക്രമണം അവസാനിച്ചശേഷം തന്നെ കൊണ്ടുപോകാൻ മടങ്ങിവന്നാൽ മതിയെന്നും ഇബെടോംബി പറഞ്ഞിരുന്നെന്ന്‌ ചെറുമകൻ പ്രേംകാന്ത പറഞ്ഞു. പ്രായാധിക്യം കാരണം ഓടിരക്ഷപ്പെടാൻ കഴിയാത്ത നിലയിലായിരുന്നു അവര്‍. മടങ്ങിയെത്തിയപ്പോൾ വീടടക്കം പൂർണമായി കത്തിയ നിലയിലായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.