അവസാനം പ്രധാനമന്ത്രി മണിപ്പുരിനെക്കുറിച്ച്‌ സംസാരിച്ചിരിക്കുന്നു

അവസാനം പ്രധാനമന്ത്രി മണിപ്പുരിനെക്കുറിച്ച്‌ സംസാരിച്ചിരിക്കുന്നു. നീണ്ട 78 ദിവസത്തിന്‌ ശേഷമാണ്‌ പ്രധാനമന്ത്രി മണിപ്പുർ എന്നുച്ചരിച്ചത്‌. രണ്ട്‌ കുക്കി സ്‌ത്രീകളെ നഗ്‌നരാക്കി പരേഡ് ചെയ്യുന്ന വീഡിയോ പുറത്തുവരേണ്ടി വന്നു പ്രധാനമന്ത്രി വാ തുറക്കാൻ. രാഷ്ട്രപതിയും ഗവർണറും വനിതകളായിരുന്നിട്ടുപോലും മണിപ്പുരിലെ സ്‌ത്രീകൾ നഗ്‌നരാക്കപ്പെടുകയും ബലാൽക്കാരത്തിന്‌ വിധേയമാക്കപ്പെടുകയും ചെയ്‌തു. ലോകത്തിന്‌ മുമ്പിൽ ഇന്ത്യ എന്ന രാജ്യമാണ്‌ യഥാർഥത്തിൽ വിവസ്‌ത്രയാക്കപ്പെട്ടത്‌. ആ ഗൗരവം പ്രധാനമന്ത്രിയുടെ വാക്കുകളിൽനിന്നും വായിച്ചെടുക്കുക വിഷമമാണ്‌. രണ്ടരമാസമായി കത്തുന്ന മണിപ്പുരിൽ സമാധാനം സ്ഥാപിക്കാനുള്ള ഒരാഹ്വാനവും ആ വാക്കുകളിൽ ഇല്ലായിരുന്നു. രാജ്യം കാത്തിരുന്നത്‌ അതിനായിരുന്നു. വൈകിയാണെങ്കിലും സുപ്രീംകോടതി രംഗത്ത്‌ വന്നത്‌ പ്രതീക്ഷ നൽകുന്നു. ചീഫ്‌ ജസ്‌റ്റിസിന്റെ വാക്കുകൾ വിരൽചൂണ്ടുന്നത്‌ സംസ്ഥാനത്ത്‌ നിയമവാഴ്‌ച തകർന്നുവെന്നാണ്‌. സർക്കാരിന്‌ ഒന്നും ചെയ്യാനാകുന്നില്ലെങ്കിൽ പരമോന്നത കോടതി രംഗത്ത്‌ വരുമെന്നാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ മുന്നറിയിപ്പ്‌ നൽകിയത്‌.
രാജ്യം അപമാനഭാരത്തിൽ തലകുനിച്ചുനിൽക്കുമ്പോഴും രാഷ്ട്രീയ മുതലെടുപ്പിനുള്ള വിലകുറഞ്ഞ തന്ത്രമാണ്‌ പ്രധാനമന്ത്രി പുറത്തെടുത്തത്‌. സംഭവത്തിൽ ‘ദുഃഖവും ക്രോധവും’ രേഖപ്പെടുത്തിയ പ്രധാനമന്ത്രി അതിനേക്കാൾ പ്രാധാന്യം നൽകിയത്‌ ക്രമസമാധാന പാലനത്തിൽ പൂർണമായും പരാജയപ്പെട്ട ബിരേൻ സിങ് സർക്കാരിന്‌ കവചം തീർക്കാനാണ്‌. മണിപ്പുരിലെ സർക്കാരിനോട്‌ ശക്തമായ നടപടി കൈക്കൊള്ളാൻ ആവശ്യപ്പെടുന്നതിന്‌ പകരം മറ്റ്‌ സംസ്ഥാന സർക്കാരുകൾക്ക്‌ സാരോപദേശം നൽകാനാണ്‌ പ്രധാനമന്ത്രി തയ്യാറായത്‌. എല്ലാ സംസ്ഥാന സർക്കാരുകളും അമ്മമാരെയും സഹോദരിമാരെയും സംരക്ഷിക്കാൻ നടപടി കൈക്കൊള്ളണമെന്ന ഒഴുക്കൻ മട്ടിലുള്ള പ്രസ്‌താവനയാണ്‌ പ്രധാനമന്ത്രിയിൽനിന്നും ഉണ്ടായത്‌. പ്രതിപക്ഷം ഭരിക്കുന്ന രാജസ്ഥാനുമായും ഛത്തീസ്‌ഗഢുമായി താരതമ്യപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള തന്ത്രവും മോദി നിർലജ്ജം പുറത്തെടുത്തു.
ഡബിൾ എൻജിൻ സർക്കാർ എന്നാൽ ഇരട്ട നാശമാണെന്നുകൂടി മണിപ്പുർ സംഭവം വ്യക്തമാക്കുന്നു. മണിപ്പുരിലെ സംഭവം നടന്നത്‌ മെയ്‌ നാലിനാണ്‌. കലാപം തുടങ്ങിയ രണ്ടാം ദിവസം. മെയ്‌ 18 ന്‌ സ്‌ത്രീകളുടെ ബന്ധുക്കൾ സായികുൽ പൊലീസിൽ പരാതി നൽകി എഫ്‌ഐആർ ഫയൽ ചെയ്‌തതാണ്‌. എന്നാൽ ‘ബേഠി ബച്ചാവോ’ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രിയുടെ ഡബിൾ എൻജിൻ സർക്കാർ ഈ കേസിൽ ഒരു നടപടിയും സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവരേണ്ടിവന്നു പൊലീസിന്‌ നടപടിയെടുക്കാൻ. ബിരേൻ സിങ് സർക്കാരിന്റെ ക്രിമിനൽ മുഖമാണ്‌ ഇവിടെ വെളിവാക്കപ്പെടുന്നത്‌. വീഡിയോയിൽ സ്‌ത്രീകളെ പരേഡ്‌ ചെയ്യിക്കുന്ന സംഘത്തിൽ 25 പേരോളം ഉണ്ട്‌. അതിൽ ഒരാളെ മാത്രമാണ്‌ ഇതെഴുതുന്നതുവരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടുള്ളത്‌. മോദിയുടെ ‘പുത്രിമാരെ രക്ഷിക്കൽ’ ഹാഥ്‌രസിലും ഉന്നാവിലും നാം കണ്ടതാണ്‌. വനിതാ ഗുസ്‌തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി എംപിയും റെസലിങ്ങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ അധ്യക്ഷനുമായിരുന്ന ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിനെതിരെ ഒരുനടപടിയുമില്ല.ബിൽക്കിസ്‌ ബാനു ഇന്നും നീതിതേടി അലയുകയാണ്‌. മൂന്ന്‌ വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ഗർഭിണിയായ ബിൽക്കിസ്‌ ബാനുവിനെ കൂട്ടബലാത്സംഗം ചെയ്‌ത 11 പേരെ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ജയിൽമോചിതരാക്കിയതും ഗുജറാത്തിലെ ഡബിൾ എൻജിൻ സർക്കാരാണ്‌. ബലാത്സംഗം ചെയ്‌തവരെ പൂമാലയിട്ട്‌ സ്വീകരിച്ച പാർടിയിൽപ്പെട്ടവരാണ്‌ മണിപ്പുരിലെ ഡബിൾ എൻജിൻ സർക്കാരും ഭരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ നീതി അകലുന്നതിൽ അത്ഭുതപ്പെടാനില്ല.
മണിപ്പുരിനെ അരാജകത്വത്തിലേക്ക്‌ തള്ളിവിട്ടത്‌ കേന്ദ്ര‐സംസ്ഥാന സർക്കാരുകളാണ്‌. അത്‌ ബോധപൂർവമാണെന്ന ആഖ്യാനങ്ങളും വരുന്നുണ്ട്‌. വംശഹത്യയാണ്‌ മണിപ്പുരിൽ നടക്കുന്നത്‌
അതിൽ ഒരുപക്ഷത്താണ്‌ ബിരേൻ സിങ് സർക്കാർ എന്നാണ്‌ ആക്ഷേപം. 26 ദിവസത്തിനുശേഷമാണ്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ മണിപ്പുർ സന്ദർശിച്ചത്‌. സമാധാനസമിതി ഉണ്ടാക്കാൻ തീരുമാനിച്ചെങ്കിലും അതിൽ പങ്കെടുക്കാൻ കുക്കികളും മെയ്‌ത്തീകളും തയ്യാറായില്ല. അതോടെ ആ നീക്കവും പാതിയിൽ ഉപേക്ഷിച്ചു. ബിരേൻസിങ്ങിനെ മാറ്റണമെന്ന്‌ ബിജെപി എംഎൽഎമാർ ആവശ്യപ്പെടുന്ന സ്ഥിതിപോലുമുണ്ടായി. ഒരു നടപടിയും ഉണ്ടായില്ല. പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാൻ തയ്യാറായില്ല എന്ന്‌ മാത്രമല്ല സമാധാന അഭ്യർഥന നടത്താൻ പോലും തയ്യാറായില്ല. മണിപ്പുർ കത്തിയാൽ തനിക്കെന്ത്‌ എന്ന അഹങ്കാര രഥമേറുകയായിരുന്നു മോദി. ഒരു സംസ്ഥാനം കത്തുമ്പോൾ അവിടെ പോകാൻ തയ്യാറാകാത്ത പ്രധാനമന്ത്രി ഇതിനിടയിൽ നാല്‌ വിദേശരാജ്യങ്ങളാണ്‌ സന്ദർശിച്ചത്‌. കർണാടകത്തിൽ 15 ദിവസം പ്രചാരണം നടത്തിയ മോദി പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കാനും സമയം കണ്ടെത്തി. അവസാനമായി ഭോപാലിൽ പാർടി പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഏക സിവിൽകോഡ്‌ വിഷയം ഉയർത്തി രാജ്യത്ത്‌ വർഗീയധ്രുവീകരണം ശക്തമാക്കാനും ശ്രമിച്ചു. മണിപ്പുരിനെ മാത്രമല്ല രാജ്യത്തെയാകെ ശിഥിലമാക്കാനാണ്‌ സംഘപരിവാർ ശ്രമം. ബിജെപി ഭരണത്തിൽതുടർന്നാൽ രാജ്യം മണിപ്പുരാകുമെന്ന കാര്യത്തിൽ സംശയമില്ല.