ബിജെപിയിലെ ഗ്രൂപ്പ് പോര് രൂക്ഷമാവുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതെരെ വിഭാഗം ദേശീയ നേതൃത്വത്തെ സമീപിച്ചു. പാർട്ടി നേതാക്കളെയും പാർട്ടിയേയും ശോഭാ സുരേന്ദ്രൻ അവഹേളിക്കുന്നു എന്ന് കാണിച്ചാണ് പരാതി നൽകിയത്.
കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രൻ പരോക്ഷ വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് കേനന്ദ്രനേൃത്വത്തിന് പരാതി നൽകിയത്. നേരത്തെ ശോഭ സുരേന്ദ്രനെ പരിപാടിക്ക് ക്ഷണിച്ചതിനെച്ചൊല്ലി ബിജെപി കോഴിക്കോട് ജില്ലാഘടകത്തിൽ തർക്കം ഉടലെടുത്തിരുന്നു. സംഘടനയെയും മുതിർന്ന നേതാക്കളേയും പരസ്യമായി വിമർശിക്കുന്ന വ്യക്തിയെ എന്തിന് പരിപാടികൾക്ക് വിളിക്കുന്നു എന്ന വിമർശനമാണ് ബിജെപി ജില്ലാകമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള വാട്‌സാപ് കൂട്ടായ്‌മയിൽ ഉർന്നുവന്നത്.
ഫിഷറീസ് ഡി ഡി ഓഫീസിന് മുന്നിൽ ബിജെപി രാപ്പകൽ സമരം ഉദ്‌ഘാടനത്തിനാണ് വെള്ളിയാഴ്‌ച ശോഭ കോഴിക്കോട് എത്തിയത്. പി കെ കൃഷ്‌ണദാസ് പക്ഷത്തിനാണ് ബിജെപി കോഴിക്കോട് ജില്ലാ ഘടകത്തിൽ മേൽക്കൈ. അതേസമയം വെള്ളിയാഴ്‌ച ശോഭ ഉദ്‌ഘാടനം ചെയ്‌ത സമരത്തിൽ പ്രധാന ജില്ലാനേതാക്കളൊന്നും പങ്കെടുത്തില്ല. വെള്ളയിൽ, വെസ്‌റ്റഹിൽ, പുതിയങ്ങാടി ഏരിയകമ്മിറ്റികളും നടക്കാവ് മണ്ഡലം കമ്മിറ്റിയുമായിരുന്നു സമരത്തിന്റെ സംഘാടകർ