അപമാനഭാരവുമായി ഒരു ജനത - ഡോ. വി ശിവദാസൻ എംപി എഴുതുന്നു

ഭാരതമെന്നപേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം” എന്ന വള്ളത്തോളിന്റെ വരികൾ ഏറ്റുപാടിയവരാണ് നമ്മൾ. എന്നാൽ, വർത്തമാനകാല ഇന്ത്യയിലെ കാഴ്ചകൾ ഹൃദയഭേദകമാണ്. 2002ലെ ഗുജറാത്ത് കലാപത്തിന്റെ തനിയാവർത്തനം മണിപ്പുരിലും കാണുകയാണ്. ഭരണാധികാരികൾ നാടിന് തീയിടുന്നത്, മനുഷ്യരുടെ തലയറുക്കാൻ കൂട്ടുനിൽക്കുന്നത്, കൂട്ട ബലാൽക്കാരങ്ങൾക്ക് കുടപിടിക്കുന്നത്… അങ്ങനെ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രയോഗശാലയായി മണിപ്പുരും മാറിയിരിക്കുന്നു. മണിപ്പുരിലെ കലാപത്തിന്റെ ആരംഭവും വ്യാപനവും ഗോത്രവർഗ വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കാനാണ് ബിജെപി-–- ആർഎസ്എസ് നേതൃത്വം ശ്രമിക്കുന്നത്. പട്ടികവർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമായാണ് ഇതിനെ അവതരിപ്പിക്കുന്നത്. എന്നാൽ, മെയ്‌ത്തീ വിഭാഗത്തിലുള്ളവരുടെ പള്ളികൾ തകർക്കപ്പെട്ട സംഭവങ്ങളിൽ മെയ്‌ത്തീ വിഭാഗക്കാരായവർ പ്രതികളാണെന്നത് കാണാനാകും. അത് കാണിക്കുന്നത് മെയ്‌ത്തീ വിഭാഗവും കുക്കി വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലായിമാത്രം ഇതിനെ കാണാനാകില്ലെന്നാണ്. ആർഎസ്എസും സമാന സംഘടനകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണമാണ് മണിപ്പുർ കലാപത്തിന്റെ അടിസ്ഥാനം.
മണിപ്പുരിലെ സാധാരണക്കാരും സമാധാന കാംക്ഷികളുമായ മനുഷ്യരെല്ലാം കലാപത്തിനെതിരായി ശബ്ദിക്കുന്നുണ്ട്. അതിൽ മെയ്‌ത്തീ, കുക്കി വകഭേദങ്ങളില്ല. എന്നാൽ, കലാപത്തെ സർക്കാർ സ്പോൺസർ ചെയ്യുന്നുവെന്നാണ് ജനങ്ങൾ വിലയിരുത്തുന്നത്. ബിജെപി നേതാക്കളായ ജനപ്രതിനിധികളുൾപ്പെടെ അത് തുറന്നു പറയാൻ തയ്യാറാകുന്നതും നമുക്ക് കാണാനാകും. മണിപ്പുരിലെ ബിജെപി എംഎൽഎ പായോലിൻ ലാൽ ഹായോകിപ്‌ പറഞ്ഞത്, “ജനപ്രതിനിധിയെന്ന നിലയിൽ ഞങ്ങൾ പ്രധാനമന്ത്രിയെ കാണാൻ അവസരം ചോദിച്ചിരുന്നു. ഒരു മറുപടിയും കിട്ടിയില്ല. കലാപത്തിന്റെ ആഴം അദ്ദേഹത്തെ നേരിട്ട് ധരിപ്പിക്കാൻ ഇനിയും ഞങ്ങൾക്ക് അവസരം ലഭിച്ചിട്ടില്ല. ഇത്ര ഭീകരമായ അക്രമത്തിൽ പ്രതികരിക്കാൻ 79 ദിവസമല്ല, ഏഴുദിവസംപോലും വലിയ സമയമാണ്. ‘കാതടപ്പിക്കുന്ന നിശ്ശബ്ദത’യാണിത്. ഞാൻ വളരെ നിരാശനാണ്.” ബിജെപി സർക്കാരിനെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തത്, “സംസ്ഥാന സർക്കാരിൽനിന്ന്‌ നീതി പ്രതീക്ഷിക്കുന്നില്ല”.
തകർക്കപ്പെട്ട പള്ളികളും ആളിക്കത്തുന്ന തീയിലേക്ക് വലിച്ചെറിയപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളും മാത്രമല്ല, അറുത്തുമാറ്റപ്പെട്ട തലയുമായി ബിജെപി നേതാവിന്റെ ഗൺമാൻ നടന്നതും സ്ത്രീകൾ കൂട്ട ബലാൽക്കാരത്തിന്‌ ഇരയാക്കപ്പെട്ടതും നമ്മൾ കേട്ടു. നൂറുകണക്കിനു മൃതദേഹങ്ങൾ ഇപ്പോഴും മോർച്ചറിയിൽ കിടക്കുകയാണ്. നീതികിട്ടുന്നതുവരെ മൃതദേഹങ്ങൾ സംസ്കരിക്കാൻ തയ്യാറല്ലെന്നാണ് ബന്ധുക്കളുൾപ്പെടെ പറയുന്നത്. കൊടും കുറ്റകൃത്യങ്ങളുടെ കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ല, രജിസ്റ്റർ ചെയ്തവയുടെ മുകളിൽ നടപടികളെടുക്കുന്നില്ല. വാർത്തകളൊന്നും പുറംലോകത്തെ അറിയിക്കാതെ വീണ്ടും പാതകങ്ങൾ പതിവാക്കാനാണവർ പദ്ധതിയിടുന്നത്. അതിന്റെ ഉദാഹരണമാണ് സ്ത്രീകളെ നഗ്നരാക്കി ആൾക്കൂട്ടത്തിനു നടുവിലൂടെ നടത്തിയത്. അത് നൂറുകണക്കിനാളുകൾ നോക്കിനിൽക്കെയായിരുന്നു. അവിടെ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. മൊബൈൽ ഫോണിൽ പകർത്തപ്പെട്ടിരുന്നു. മെയ് നാലിനാണത്രേ സംഭവം നടന്നത്. എട്ടിന്‌ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും സർക്കാർ അനങ്ങിയില്ല. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇതറിയുന്നത് 78 ദിവസം കഴിഞ്ഞാണത്രേ. ഒടുവിൽ വീഡിയോ പ്രചരിപ്പിക്കപ്പെട്ടപ്പോഴാണ് അവർ ഞെട്ടിയത്. 79 ദിവസം കഴിഞ്ഞാണ് പ്രതികളെന്ന് പറയപ്പെടുന്നവരെ അറസ്റ്റ്‌ ചെയ്യുന്നത്. ഇസ്രയേലിന്റെ മൊസാദും അമേരിക്കയുടെ സിഐഎയും ചേർത്തുവച്ചാലും മുകളിലാണ് മോദിയുടെ രഹസ്യാന്വേഷണ വിഭാഗമാണെന്നാണ് ആർഎസ്എസുകാർ പറയാറ്. വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ച പെഗാസസ് ഇടപാട് രാജ്യം ചർച്ചചെയ്തതാണ്. എന്നാൽ, മണിപ്പുരിലെ വേട്ടകളിൽ പലതും അവരറിഞ്ഞില്ലെന്നാണ് പറഞ്ഞത്.
മണിപ്പുരിലെ ബിജെപി സർക്കാരിന്റെ പൊലീസ് അക്രമികൾക്കൊപ്പമാണെന്നത് വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമികളുടെ മുന്നിലേക്ക് പൊലീസാണ് തങ്ങളെ എത്തിച്ചുകൊടുത്തതെന്ന് ഇരകളാണ് പറയുന്നത്. ഗുജറാത്ത് കലാപകാലത്തെ പൊലീസിന്റെ സ്വഭാവം ഇവിടെയും കാണുകയാണ്. പൊലീസിന്റെ തോക്കും വെടിയുണ്ടകളും കലാപകാരികൾ ഉപയോഗിക്കുകയാണ്. അതെങ്ങനെയാണെന്ന ചോദ്യത്തിന് ആർഎസ്എസ് നേതൃത്വത്തിന് ഉത്തരമില്ല. ഇപ്പോഴത്തെ മണിപ്പുരിന്റെ മുഖ്യമന്ത്രി നേരത്തേ കോൺഗ്രസ് നേതാവായിരുന്നു. കോൺഗ്രസിൽനിന്ന്‌ ബിജെപി വിലയ്‌ക്കെടുത്തവരിലെ പ്രധാനിയാണ്‌ അദ്ദേഹം. കോൺഗ്രസായി മത്സരിച്ച് ജയിച്ചവർ കൂട്ടത്തോടെ ബിജെപി സർക്കാർ രൂപീകരിച്ചതാണ് അവിടെ കണ്ടത്. ആ മുഖ്യമന്ത്രി ഇന്ന് വേട്ടക്കാരുടെ നാവായി മാറുകയാണ്. സ്ത്രീകളെ നഗ്നരാക്കി ആൾക്കൂട്ടത്തിനു നടുവിലൂടെ അപമാനിതരാക്കി നടത്തിയതിനോട് മുഖ്യമന്ത്രി നടത്തിയ പ്രതികരണം ലോകത്തെ അമ്പരപ്പിച്ചതായിരുന്നു. ഇതുപോലെ നൂറുകണക്കിനു സംഭവങ്ങൾ വേറെയുമുണ്ടെന്നും അതുകൊണ്ടാണ് ഇന്റർനെറ്റ് നിരോധിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, അതിലെത്ര കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും എത്രയാളുകളെ അറസ്റ്റ്‌ ചെയ്‌തെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നില്ല. അക്രമികളെ അറസ്റ്റ്‌ ചെയ്യണമെന്നത് ജനങ്ങളൊന്നായി ആവശ്യപ്പെടുന്ന കാര്യമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് വാഴ്ത്തപ്പെട്ട പൊലീസ് സ്റ്റേഷനിൽനിന്ന്‌ ഏറെയൊന്നും അകലെയല്ലാതെയാണ് നീചകൃത്യങ്ങൾ നടന്നത്. എന്നാൽ, മൂന്നോ നാലോ പേരെമാത്രം അറസ്റ്റ്‌ ചെയ്ത് വിഷയം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ സംഭവത്തെയും വർഗീയ വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഉദാഹരണമാണ് അബ്ദുൾ ഹിലീമെന്ന വ്യക്തിയെ അറസ്റ്റ് ചെയ്തതായി സർക്കാർ ട്വീറ്റ് ചെയ്തതും തുടർ സംഭവങ്ങളും. സ്ത്രീകളെ നഗ്നരാക്കി അപമാനിച്ച കുറ്റവാളി അറസ്റ്റ്‌ ചെയ്യപ്പെട്ടെന്ന് എഎൻഐ വാർത്ത കൊടുത്തു. അത് വലിയ നിലയിൽ പ്രചരിച്ചു. വാർത്ത എഎൻഐ പിൻവലിക്കുകയുണ്ടായി. അതൊന്നും നിഷ്കളങ്കമായ കൈയബദ്ധമല്ലെന്ന് ആർഎസ്എസ്–-- ബിജെപി രാഷ്ട്രീയം അറിയാവുന്നവർക്ക് മനസ്സിലാക്കാനാകും.
മണിപ്പുർ കലാപത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച നടത്തണമെന്നും പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെടുകയാണ്. എന്നാൽ, അവരതിന് തയ്യാറാകുന്നില്ല. മണിപ്പുർ കലാപത്തെക്കുറിച്ച് പ്രതികരിക്കുമ്പോൾ മറ്റു ചില സംസ്ഥാനങ്ങളിലും സമാനസ്ഥിതിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പാർലമെന്ററി ചർച്ചയുടെ രേഖയിൽനിന്ന്‌ മണിപ്പുരെന്ന പദം എടുത്തുകളയുന്നു. ആർഎസ്എസ്–-- ബിജെപി നയം കാരണമാണ് കാർഗിൽ യുദ്ധഭൂമിയിൽ രാജ്യത്തിനായി പടപൊരുതിയ ജവാന്റെ കുടുംബം അരുംകൊല ചെയ്യപ്പെട്ടത്‌. അദ്ദേഹത്തിന്റെ പത്നി അതിനിഷ്ഠുരമായി ബലാത്സംഗം ചെയ്യപ്പെട്ടു. മണിപ്പുരിൽ ഇന്റർനെറ്റ് ബന്ധം തുടർച്ചയായി വിച്ചേദിക്കപ്പെട്ടിരിക്കുന്നു. ലോകത്തിലേറ്റവും കൂടുതൽ തവണയും ദിവസവും ഇന്റർനെറ്റ് നിരോധിച്ച രാജ്യമാണ് ഇന്ത്യ. എന്നിട്ടും പ്രധാനമന്ത്രി പ്രതികരിക്കുന്നില്ല, മുഖ്യമന്ത്രി രാജിവയ്‌ക്കുന്നില്ല, അവിടത്തെ ഗവർണർ ശബ്ദിക്കുന്നുമില്ല.