സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ് നൽകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ഓണക്കിറ്റുകൾ മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ് നൽകും. സപ്ലൈകോയ്‌ക്ക് ഈയാഴ്‌ചതന്നെ കുറച്ച് പണം അനുവദിക്കും. സംസ്ഥാനത്ത് പൊതുവിതരണസമ്പ്രദായം മെച്ചപ്പെടുത്താൻ എല്ലാനടപടികളും സ്വീകരിക്കും. സപ്ലൈകോ, കൺസ്യൂമർ ഫെഡ് പോലുള്ള സ്ഥാപനങ്ങളിൽ പൊതുവിപണിയേ ക്കാൾ വിലകുറച്ച് വിൽക്കുന്ന നടപടി തുടരും.
റേഷൻ നൽകുന്നതിനുവേണ്ടി നെല്ല് ഏറ്റെടുത്ത് നൽകിയതിന്റെ തുക കേന്ദ്രം തിരിച്ചുതന്നിട്ടില്ല. കേന്ദ്രം തരുന്നതിനൊപ്പം മൂന്നിലൊന്നോളം തുക കേരളം പ്രത്യേക സപ്പോർട്ടിങ് സബ്‌സിഡിയായി നൽകുന്നുണ്ട്. കേന്ദ്രത്തിൽനിന്ന് പണം ലഭിക്കുമ്പോൾ ഈ തുകയും ചേർത്ത് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്‌ആർടിസിയെ സഹായിക്കും നികുതിവിഹിതവും മറ്റ് സഹായങ്ങളും വെട്ടിക്കുറച്ച കേന്ദ്രനടപടിയാണ് കെഎസ്‌ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ബാധിച്ചതെന്ന് മന്ത്രി പറഞ്ഞു.
കെഎസ്‌ആർടിസിയുടെ അടുത്തഘട്ട ശമ്പളത്തിനായി സഹായം നൽകാമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ഇന്ധനവില കൂടിയതും കേന്ദ്രസർക്കാർ നയങ്ങളും ആണ് കെഎസ്‌ആർടിസിക്ക് തിരിച്ചടിയായത്. ശമ്പളത്തിനും പെൻഷനും മാത്രം ഒരുമാസം 120 കോടിയിലധികമാണ് സർക്കാർ നൽകുന്നത്. ഈ തുക സ്വയം കണ്ടെത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം സംസ്ഥാനങ്ങളെ ഇരകളാക്കുന്നു
സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് കേന്ദ്രം സംസ്ഥാനങ്ങളെ ഇരകളാക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. കൂടുതൽ ഇരയാക്കുന്നത് കേരളത്തെയാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതിവിഹിതത്തിന്റെ കണക്ക് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. 100 രൂപ സംസ്ഥാന ഖജനാവിൽ എത്തണമെങ്കിൽ 70 രൂപയും കേരളം തനിയേ ഉണ്ടാക്കണം. കേരളത്തിന് 30 ശതമാനം നികുതിവിഹിതമേ തരുന്നുള്ളു. ഇത് ക്രൂരമായ നിലപാടാണ് എന്ന പൊതുസമീപനം ഉണ്ടാകണം.
18,000 കോടിയാണ് കഴിഞ്ഞവർഷം കേന്ദ്രസർക്കാരിൽനിന്ന് ലഭിച്ച നികുതിവിഹിതം. 36,000 കോടിയാണ് കേരളത്തിന് അർഹതപ്പെട്ടത്. ഇത് കിട്ടണമെന്നും കടമെടുപ്പ് പരിധി ഒരു ശതമാനം അധികമായി അനുവദിക്കണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുവദിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.