പുതുപ്പളികാര്യത്തിൽ തീരുമാനങ്ങൾ തന്റെ നേതൃത്വത്തിൽമാത്രം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയെക്കുറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ പ്രഖ്യാപനം വെറും തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുധാകരൻ ആദ്യം പറഞ്ഞത്‌ സുധാകരൻ തന്നെ തിരുത്തിയെന്നും അവസാനം പറഞ്ഞത്‌ എടുത്താൽ മതിയെന്നുമാണ് സതീശൻ്റെ നിർദ്ദേശം. തെറ്റിദ്ധാരണമൂലമാണ്‌ താനങ്ങനെ പറഞ്ഞതെന്ന്‌ വ്യക്തമാക്കി സുധാകരൻ പ്രസ്‌താവനയും ഇറക്കിയതോടെ അക്കാര്യം അടഞ്ഞ അധ്യായമായെന്നും സതീശൻ പറയുന്നു. പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നത്‌ കോൺഗ്രസ്‌ പ്രസിഡന്റാണ്‌. അത്‌ യഥാസമയം ഉണ്ടാകും. അതുവരെ എല്ലാവരും അഭിപ്രായം പറയുന്നത്‌ അവസാനിപ്പിക്കണം. സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും തരണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ ചർച്ച വേണ്ടെന്ന പരസ്യ നിർദ്ദേശം പുറപ്പെടുവിച്ച സതീശൻ കെപിസിസി പ്രസിഡന്റ് വെറുമൊരു കോമാളിയാണെന്നു വരുത്താനും ശ്രമിച്ചു. ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാവുന്നതിനു മുന്നേ കോൺഗ്രസ്‌ നേതാക്കളും മാധ്യമങ്ങളും അദ്ദേഹത്തിന്റെ അനന്തരാവകാശി പ്രഖ്യാപനവുമായി ചാടിപ്പുറപ്പെട്ടിരുന്നു. അവസരം നോക്കി ഗോളടിച്ച രമേശ്‌ ചെന്നിത്തലയെയും ഇതുവഴി സതീശൻ നോട്ടമിടുന്നു. കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിനുശേഷം സ്ഥാനാർഥി വിഷയത്തിലടക്കം പുതുപ്പള്ളിക്കാര്യം പാർടി ചർച്ച ചെയ്യുമെന്ന്‌ ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉമ്മൻചാണ്ടി അന്തരിച്ചതോടെ സജീവമായി രംഗത്തുള്ള മുതിർന്ന നേതാവ്‌ ചെന്നിത്തലയാണ്‌. ഉമ്മൻചാണ്ടി കഴിഞ്ഞാൽ കോൺഗ്രസിൽ ലീഗ്‌ അടക്കം ഘടകകക്ഷികൾക്കും സ്വീകാര്യനായ നേതാവും. സ്ഥാനമാനങ്ങൾക്കുമപ്പുറം പാർടിയിൽ കൂടുതൽ പിന്തുണ നേടി ചെന്നിത്തല കരുത്തനാകുമെന്ന് സതീശന് പേടിയുണ്ട്.

കെപിസിസി അധ്യക്ഷൻ കെ സുധാകരനും തെരഞ്ഞെടുപ്പ്‌ ചർച്ചകളിലേക്ക്‌ കടക്കുകയാണെന്ന്‌ സ്ഥിരീകരിച്ചിരുന്നു. മറ്റ്‌ മുന്നണികൾ മത്സരിക്കരുതെന്ന്‌ അഭ്യർഥിക്കുകയും ചെയ്തു. ഇതും തിരിച്ചടിയായി എന്ന വിലയിരുത്തലിലാണ്‌. സുധാകരന്റെ തമാശയായി സതീശൻ തള്ളിക്കളഞ്ഞെങ്കിലും പുതുപ്പള്ളി തന്ത്രം തുടക്കത്തിലേ പാളി എന്നാണ്‌ ഇതെല്ലാം വ്യക്തമാക്കുന്നത്‌.

ചാണ്ടി ഉമ്മന്റെ പേര്‌ അനൗദ്യോഗികമായി ആണെങ്കിലും കെ സി ജോസഫും ചെറിയാൻ ഫിലിപ്പും അടക്കമുള്ളവർ മുന്നോട്ടുവച്ചതും വ്യാപക ചർച്ചയ്ക്ക്‌ ഇടയാക്കി. ചിലർ അച്ചു ഉമ്മന്റെ പേരും ഉയർത്തി. കോൺഗ്രസ്‌ നേതാക്കളിലും പ്രവർത്തകരിലും ഇത്‌ വലിയ ആശയക്കുഴപ്പമുണ്ടാക്കി. തങ്ങൾ മത്സരിക്കാനില്ലെന്ന്‌ പെൺമക്കളും പാർടി പറയുന്നത്‌ അനുസരിക്കുമെന്ന്‌ ചാണ്ടി ഉമ്മനും ഒടുവിൽ പ്രതികരിക്കേണ്ടി വന്നു. ഈ സ്ഥിതിയുണ്ടായത്‌ കോൺഗ്രസ്‌ നേതാക്കൾതന്നെ നടത്തിയ ഇടപെടൽകൊണ്ടാണെന്ന്‌ വ്യക്തമായിരുന്നു.ചെറിയാൻ ഫിലിപ്പ്‌ വീണ്ടും ‘തലവേദന’ സൃഷ്ടിക്കുകയാണെന്ന വാദം ചില നേതാക്കൾ നടത്തിയിട്ടുണ്ട്‌. പുതുപ്പള്ളി ചർച്ച കൊഴുത്താൽ കോൺഗ്രസ്‌ രാഷ്‌ട്രീയ സാഹചര്യംതന്നെ കലങ്ങിമറിയാനിടയുണ്ട്‌. ഇനി ചർച്ചയൊക്കെ തന്റെ നേതൃത്വത്തിൽമാത്രം മതിയെന്ന താക്കീതുകൂടിയാണ്‌ മറ്റു നേതാക്കൾക്ക്‌ വി ഡി സതീശൻ നൽകിയിട്ടുള്ളത്‌. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ അനന്തരാവകാശി ഉമ്മൻ ചാണ്ടിയുടെ മക്കൾ എന്ന പോലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയുടെ സ്ഥാനം സ്വയം എടുത്ത് അണിയാനാണ് സതീശന്റെ ശ്രമം. സ്ഥാനാർഥി ചർച്ച ഇനി തന്റെ നേതൃത്വത്തിൽ നടക്കും എന്ന പ്രഖ്യാപനം ഈ മോഹത്തിന്റെ പ്രകടനമാണ്.