മറവിരോഗമായ ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി പുതിയ പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ്. ഓർമ്മത്തോണി എന്ന് പേരു നൽകിയ പദ്ധതിയുടെ പ്രഖ്യാപനം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡിമെൻഷ്യ സൗഹൃദ കേരളം ശില്പശാല ഉദ്ഘാടനത്തിൽ സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു നിർവഹിച്ചു.
വയോജനങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് സാമൂഹ്യനീതി വകുപ്പിന്റെ പ്രവർത്തനങ്ങൾ. വയോജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ അവസ്ഥകളിലൊന്നാണ് സ്മൃതിനാശം. അതൊരു രോഗമല്ല. മറിച്ച് ഒരു ശാരീരിക അവസ്ഥയാണ്.
കേരള സാമൂഹ്യസുരക്ഷാ മിഷൻ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ 2023-24 വർഷത്തിൽ സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്ന നൂതന ആശയമാണ് ‘ഡിമെൻഷ്യ സൗഹൃദ കേരളം’. കേരളത്തിൽ വർദ്ധിച്ചുവരുന്ന ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി രൂപീകരിച്ചതാണ് പദ്ധതി. എല്ലാ വയോജനങ്ങളിലേക്കും എത്താവുന്ന തരത്തിൽ ഡിമെൻഷ്യ ക്ലിനിക്കുകൾ സ്ഥാപിക്കുകയെന്നതും സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.