വിള ഇൻഷുറൻസ്‌; ഫസൽബീമ യോജന പദ്ധതിയിൽ നേട്ടം കൊയ്‌ത് സ്വകാര്യകമ്പനികൾ

മോദി സർക്കാരിന്റെ കൊട്ടിഘോഷിച്ച പ്രധാൻമന്ത്രി ഫസൽബീമ യോജന പദ്ധതി വൻ നേട്ടമായത്‌ ഇൻഷുറൻസ്‌ കമ്പനികൾക്ക്‌. ഏഴു വർഷത്തിൽ 57,000 കോടി രൂപയാണ്‌ വിള ഇൻഷുറൻസ്‌ പദ്ധതിയിൽ കമ്പനികൾക്ക്‌ മിച്ചം ലഭിച്ചത്‌. ബഹുഭൂരിപക്ഷവും സ്വകാര്യകമ്പനികൾ. 2016–-17 മുതൽ 2022–-23 വരെ പ്രീമിയമായി 1,97,657 കോടി രൂപ അടച്ച കർഷകർക്ക്‌ നഷ്ടപരിഹാര ഇനത്തിൽ ലഭിച്ചത്‌ 1,40,036 കോടി രൂപമാത്രം. കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമർ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷം (2022–-23) കർഷകർ പ്രീമിയമായി 27,900 കോടി രൂപ അടച്ചപ്പോൾ നഷ്ടപരിഹാരമായി കമ്പനികൾ വിതരണം ചെയ്‌തത്‌ 5760 കോടി രൂപമാത്രം. പദ്ധതിപ്രകാരം ഖാരിഫ്‌ വിളകളുടെ ഇൻഷുർ ചെയ്യുന്ന തുകയുടെ രണ്ട്‌ ശതമാനം തുകയും റാബി വിളകളുടെ 1.5 ശതമാനം തുകയും കർഷകർ അടയ്‌ക്കണം. വാണിജ്യവിളകൾക്ക്‌ അഞ്ച്‌ ശതമാനം തുകയും അടയ്‌ക്കണം. പ്രീമിയത്തിന്റെ ബാക്കി തുക കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 50 ശതമാനംവീതം പങ്കിട്ട്‌ നൽകും.

കർഷകർക്ക്‌ വൻ ആശ്വാസമാകുമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ 2016ലാണ്‌ ഈ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. കോർപറേറ്റുകൾക്ക്‌ കർഷകരെ ചൂഷണം ചെയ്യാൻ അവസരം നൽകുന്ന പദ്ധതിയാണ് ഇതെന്ന്‌ അഖിലേന്ത്യ കിസാൻസഭ അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മധ്യപ്രദേശിൽ 672 കോടി രൂപ പ്രീമിയമായി ലഭിച്ച കമ്പനി ഒരു രൂപപോലും നഷ്ടപരിഹാരമായി നൽകിയിട്ടില്ല.