മണിപ്പുർ കലാപത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും കർഷക തൊഴിലാളികളുടെയും ഐക്യദാർഢ്യം. കേന്ദ്ര–- സംസ്ഥാന ബിജെപി സർക്കാരുകളുടെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ചും മണിപ്പുർ ജനതയ്‌ക്ക് ഐക്യദാർഢ്യം അറിയിച്ചും സിഐടിയു, അഖിലേന്ത്യ കിസാൻസഭ, കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ രാജ്യവ്യാപകമായി പ്രകടനവും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. ആയുധധാരികളായ കലാപകാരികളെ നിരായുധീകരിക്കുക, അഭയാർഥി ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുക, വസ്‌തുവകകൾ നഷ്ടമായവർക്ക് ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ടുവച്ചു.
സംസ്ഥാന–- ജില്ലാ ആസ്ഥാനങ്ങളും ഫാക്ടറികളും മറ്റ് തൊഴിലിടങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ചാണ് സംയുക്ത പ്രതിഷേധ–- ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചത്. ഡൽഹി ജന്തർമന്തറിൽ വിവിധ ട്രേഡ്‌യൂണിയൻ സംഘടനകളുടെ പ്രതിനിധികൾ പങ്കാളികളായി. എ ആർ സിന്ധു, അനുരാഗ് സക്‌സേന (സിഐടിയു), പി കൃഷ്‌ണപ്രസാദ്, പി ത്യാഗി (കിസാൻസഭ), വി ശിവദാസൻ, വിക്രം സിങ് (കർഷക തൊഴിലാളി യൂണിയൻ) തുടങ്ങിയവർ സംസാരിച്ചു. ഗ്രേറ്റർ നോയിഡയിൽ സമരത്തിലുള്ള കർഷകരും പ്രതിഷേധത്തിൽ പങ്കാളികളായി.
മിസോറമിൽ എൻജിഒ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂറ്റൻ റാലി സംഘടിപ്പിച്ചു. മണിപ്പുർ നിയമസഭയ്‌ക്ക് മുന്നിൽ ഇടതുപക്ഷ സംഘടനകൾ പ്രതിഷേധിച്ചു. ആന്ധ്ര, ബിഹാർ, ബംഗാൾ, കേരളം, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹിമാചൽ, ഹരിയാന, ഒഡിഷ, തമിഴ്‌നാട്, യുപി, തെലങ്കാന തുടങ്ങി മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുവെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട് എന്നിവർ അറിയിച്ചു.