തൃശൂർ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് കിഫ്‌ബിയുടെ ധനാനുമതി

മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണ പദ്ധതിയ്ക്ക് കിഫ്ബിയുടെ ധനാനുമതിയായി. 199.41 കോടി രൂപയുടെ ധനാനുമതിയാണ്‌ ലഭിച്ചത്. തൃശൂർ ഗവ. മെഡിക്കൽ കോളേജിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്.
19 കോടി രൂപയുടെ പദ്ധതിയായ അമ്മയും കുഞ്ഞും ബ്ലോക്കിനും ഏപ്രിൽ മാസം കിഫ്ബി ധനാനുമതി ലഭിച്ചിരുന്നു. മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി സാധാരണക്കാർക്ക് അത്യാധുനിക ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയാക്കി ഉയർത്തുന്ന രണ്ട് പ്രവർത്തനങ്ങൾക്കാണ് ഒരേസമയം ധനാനുമതി ലഭിച്ച് യാഥാർത്ഥ്യമാവുന്നത്. ഇൻകൽ ആണ് രണ്ട് പദ്ധതികളുടെയും സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി പ്രവർത്തിക്കുന്നത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ യുടെ നേതൃത്വത്തിൽ കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാം പങ്കെടുത്ത്‌ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കിഫ്‌ബി പ്രവൃത്തികളുടെ അവലോകന യോഗം ചേർന്നിരുന്നു. തുടർന്ന് നടപടികൾ വേഗത്തിലാവുകയും ഇരുപദ്ധതികൾക്കും വേഗത്തിൽ ധനാനുമതി ലഭ്യമാവുകയും ചെയ്തു.