‘പെൺമക്കളെ രക്ഷിക്കൂ’ എന്ന നിലവിളിയാണ് മണിപ്പുരിൽനിന്ന് ഉയരുന്നത്. കേന്ദ്ര സംസ്ഥാന ഡബിൾ എൻജിൻ ഭരണത്തിനുകീഴിൽ പ്രതീക്ഷയുടെ എല്ലാവെളിച്ചവും കെട്ടു. രാജ്യത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൊന്ന് അരക്ഷിതമായിട്ട് ഇന്ന് 85 ദിവസം പൂർത്തിയാകുന്നു. മെയ്‌ത്തീ വിഭാഗത്തിന് പട്ടികവർഗ പദവി നൽകാനുള്ള സർക്കാരിന്റെ നീക്കമാണ് മെയ്‌ത്തീ–- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിലേക്ക് നയിച്ചത്. പാര്‍ലമെന്റില്‍ അപ്പോഴും ദുരൂഹ മൗനം തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മണിപ്പുർ മുഖ്യമന്ത്രിയെ മൗനംകൊണ്ട് സംരക്ഷിച്ച് മോദി
മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്‌താവന നടത്തണമെന്ന് പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും നരേന്ദ്ര മോദി മൗനം തുടരുകയാണ്. പാർലമെന്റിൽ ഒരു വാക്ക് മണിപ്പുരിനെക്കുറിച്ച് പറയില്ലെന്ന വാശിയിലാണ് മോദി. പ്രധാനമന്ത്രി എതിരായി ഒരു പരാമർശവും നടത്താത്തിടത്തോളം മുഖ്യമന്ത്രി കസേരയിൽ ബിരേൻ സിങ്ങിന് തുടരാം. മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ 2002ൽ ഗുജറാത്തിൽ നടന്ന വംശഹത്യക്കും ഇപ്പോൾ മണിപ്പുരിൽ സംഭവിക്കുന്ന വംശീയ കലാപത്തിനും സമാനതകൾ ഏറെയാണ്. ഗുജറാത്തിൽ സംഘപരിവാർ തീവ്രവാദസംഘടനകളാണ് ന്യൂനപക്ഷങ്ങളെ വേട്ടയാടിയത്. മണിപ്പുരിൽ സംഘപരിവാർ പിന്തുണയുള്ള മെയ്‌ത്തീ തീവ്രവാദ സംഘടനകളാണ് കലാപത്തിന് തുടക്കമിട്ടത്.
ഗുജറാത്ത് വംശഹത്യാവേളയിൽ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയി മുഖ്യമന്ത്രിയായ മോദിക്കെതിരെ നിലപാട് സ്വീകരിച്ചു. മോദിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ വാജ്‌പേയി താൽപ്പര്യപ്പെട്ടെങ്കിലും ആഭ്യന്തരമന്ത്രിയായ എൽ കെ അദ്വാനിയും മുതിർന്ന നേതാവായ അരുൺ ജെയ്‌റ്റ്‌ലിയും എതിർത്തതോടെയാണ് നീക്കം നടക്കാതെപോയത്. മണിപ്പുരിന്റെ കാര്യത്തിൽ പ്രധാനമന്ത്രി മൗനംകൊണ്ട് മുഖ്യമന്ത്രി ബിരേൻ സിങ്ങിന് എല്ലാ പ്രതിരോധവും തീർക്കുന്നു. വടക്കുകിഴക്കൻ മേഖലയെ ക്രൈസ്‌തവമുക്തമാക്കുകയെന്ന സംഘപരിവാർ ലക്ഷ്യത്തിന്റെ ആദ്യ ചുവടുവയ്‌പാണ് മണിപ്പുരിൽ അരങ്ങേറുന്നതെന്ന് മോദിക്ക് ബോധ്യമുണ്ട്.
കടിച്ചുതൂങ്ങി ബിരേൻ സിങ്
മണിപ്പുർ കലാപം നിയന്ത്രിക്കാൻ ഒന്നുംചെയ്യാതെ മുഖ്യമന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി എൻ ബിരേൻ സിങ്. കുക്കി വിഭാഗക്കാരായ ബിജെപി എംഎൽഎമാർവരെ രാജിയാവശ്യവുമായി മുന്നോട്ട് വന്നിട്ടും കേന്ദ്രസർക്കാരും ബിജെപിയും അനങ്ങിയിട്ടുമില്ല. ഇത് വളമാക്കി കുക്കികളെയും ക്രൈസ്‌തവ വിശ്വാസികളെയും ലക്ഷ്യമിട്ടുള്ള കലാപത്തിന് നേരിട്ട് നേതൃത്വം നൽകുന്ന തീവ്ര മെയ്‌ത്തീ സംഘടനകൾക്ക് സഹായം ഒരുക്കുകയാണ് ബിരേൻ സിങ്.
ഫുട്‌ബോൾ താരമായിരുന്ന ബിരേൻ സിങ് 2002ലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായത്. കോൺഗ്രസ് ടിക്കറ്റിൽ 2007ലും 2012ലും ജയിച്ചു. ഇബോബി സിങ് മന്ത്രിസഭയിൽ അംഗമായി. ഇബോബി സിങ്ങിനോട് ഇടഞ്ഞ് 2016 സെപ്‌തംബറിൽ കോൺഗ്രസ് വിട്ടു. 2017ൽ ബിജെപി ടിക്കറ്റിൽ ജയിച്ച് മുഖ്യമന്ത്രിയായി. 2022ൽ വിജയം ആവർത്തിച്ചു.
ബിജെപിയിൽ എത്തിയതുമുതൽ വിഘടനരാഷ്ട്രീയത്തിന്റെ വക്താവായി. ഇങ്ങനെ ഭൂരിപക്ഷ മെയ്‌ത്തീ വിഭാഗത്തിന്റെ പിന്തുണ സ്വന്തമാക്കി. കുക്കി വിരുദ്ധവും മെയ്‌ത്തീ അനുകൂലവുമായ നിലപാട് പരസ്യമായി സ്വീകരിച്ചു. ആരംബായ് തെങ്കോൽ, മെയ്‌ത്തീ ലിപൂൺ തുടങ്ങിയ തീവ്രസംഘടനകളെ പ്രോത്സാഹിപ്പിച്ചു. കുക്കികൾ അനധികൃത കുടിയേറ്റക്കാരാണ്, കറുപ്പ് കൃഷിക്കാരാണ്, നർകോ ടെററിസത്തിന്റെ ആളുകളാണ് തുടങ്ങിയ പ്രചാരണം കരുത്തേകി. നിയമവിരുദ്ധ കുടിയേറ്റം തടയാനെന്ന പേരിൽ വനഭൂമിയിൽ റീസർവേ നടത്തി ഒഴിപ്പിക്കൽ നടപടികളിലേക്ക് നീങ്ങി. ഇത് പ്രതിഷേധത്തിന് കാരണമായെങ്കിലും ബിജെപി ബിരേൻ സിങ്ങിനൊപ്പം നിലയുറപ്പിച്ചു. സംഘപരിവാറിന്റെ ക്രൈസ്‌തവവിരോധവും ബിരേൻ സിങ്ങിന് സഹായമായി. വലിയ സമ്മർദം ഉയർന്നതിനെ തുടർന്ന് ജൂലൈ ഒന്നിന് രാജിവയ്‌ക്കുന്നുവെന്ന പ്രഖ്യാപനം നടത്തി. അനുയായികളെ ഇളക്കിവിട്ട് ബിരേൻ സിങ് തന്നെ രാജിവിരുദ്ധ പ്രതിഷേധവും സംഘടിപ്പിച്ചു. ഒരു വിഭാഗം സ്‌ത്രീകൾക്ക് രാജിക്കത്ത് കീറിയെറിയാൻ അവസരമൊരുക്കി. മണിപ്പുർ അശാന്തമായി ബിജെപിക്കൊപ്പം നിലനിർത്താനാണ് കേന്ദ്രവും കുറ്റകരമായ അനാസ്ഥ തുടരുന്നത്.
ലൈംഗികാതിക്രമങ്ങളില്‍ അന്വേഷണം വഴിമുട്ടി
മണിപ്പുരിൽ സ്‌ത്രീകൾ കൂട്ടമായി ലൈംഗിക പീഡനത്തിന് ഇരയായ കേസുകളിൽ അന്വേഷണ നടപടികൾ സ്‌തംഭിച്ച നിലയിൽ. പീഡനത്തിന് ഇരയാക്കപ്പെട്ടവർ അന്വേഷണത്തിൽ പങ്കുചേരാത്തതിനാൽ നടപടികളുമായി മുന്നോട്ടുപോകാനാകാത്ത സ്ഥിതിയെന്നാണ് മണിപ്പുർ പൊലീസിന്റെ അവകാശവാദം. കലാപത്തിന് തുടക്കമായ മെയ് മാസത്തിൽ നിരവധി കുക്കി സ്‌ത്രീകൾ ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടതിന്റെ വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
സംഭവം നടന്ന പൊലീസ് സ്‌റ്റേഷൻ പരിധിയിൽ അല്ലാതെ മറ്റൊരു പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുന്ന സീറോ എഫ്‌ഐആറുകളാണ് ഭൂരിപക്ഷവും. കേസ് പിന്നീട് ബന്ധപ്പെട്ട സ്‌റ്റേഷനിലേക്ക് മാറ്റുകയാണ് ചെയ്യുക. ഇംഫാലിലും താഴ്‌വരയിലും പീഡനത്തിന് ഇരയായ കുക്കി സ്‌ത്രീകളെല്ലാംതന്നെ ഇപ്പോൾ ചുരാചന്ദ്‌പ്പുർപോലുള്ള കുക്കി സ്വാധീന മേഖലകളിലാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണവുമായി മുന്നോട്ടുപോകാനാകില്ലെന്ന പൊലീസിന്റെ ഏറ്റുപറച്ചിൽ. കുക്കി സ്‌ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
അതേസമയം, ഇംഫാലിൽ കടയ്‌ക്കുള്ളിൽ വച്ച് ഒരു സ്‌ത്രീയെ കടന്നുപിടിച്ച ബിഎസ്‌എഫ് ഹെഡ്‌കോൺസ്റ്റബിളായ സതീഷ് പ്രസാദിനെ സസ്‌പെൻഡ് ചെയ്‌തു. ജൂലൈ 20നാണ് സംഭവം. യൂണിഫോമിലുള്ള ആയുധധാരിയായ ബിഎസ്‌എഫുകാരൻ സ്‌ത്രീയെ കടന്നുപിടിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ടെന്നും ഒപ്പം ആഭ്യന്തര അന്വേഷണമുണ്ടെന്നും ബിഎസ്‌എഫ് അറിയിച്ചു.
"കേന്ദ്രം ഇടപെടുന്നില്ല’
മണിപ്പുരിൽ കേന്ദ്രസർക്കാർ ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്ന വിമർശവുമായി മിസോറം മുഖ്യമന്ത്രിയും എൻഡിഎ ഘടകകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് നേതാവുമായ സോറംതാങ്ക. മണിപ്പുർ സ്ഥിതി ആശങ്കാജനകമാണ്. കേന്ദ്രവും സംസ്ഥാനവും കൂടുതൽ കടുത്ത തീരുമാനങ്ങളെടുക്കണം. മണിപ്പുരിൽ സ്ഥിരമായ രാഷ്ട്രീയപരിഹാരമാണ് വേണ്ടത്. മണിപ്പുരിൽ എന്താണ് നിലപാടെന്ന് കേന്ദ്രം ഇതുവരെയായി മിസോറമിനെ അറിയിച്ചിട്ടില്ല. ബിരേനെ മാറ്റണോ എന്നത് കേന്ദ്രം തീരുമാനിക്കേണ്ടതാണ്.
മിസോ നാഷണൽ ഫ്രണ്ട് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമാണെങ്കിലും മിസോ ജനതയുടെ താൽപ്പര്യത്തിന് വിരുദ്ധമായ ഏത് നടപടിയെയും എതിർക്കും. എൻഡിഎ പിന്തുണ വിഷയാധിഷ്‌ഠിതമാണ്. മ്യാൻമറിൽനിന്നുള്ള അഭയാർഥികളെ മടക്കിഅയക്കരുത്–- സോറംതാങ്ക വ്യക്തമാക്കി. അതേസമയം മ്യാൻമറിൽനിന്ന് 301 കുട്ടികളടക്കം 718 പേർ അനധികൃതമായി കടന്നുവെന്നും ഇവരെ മടക്കി അയക്കണമെന്നും മണിപ്പുരിലെ ബിജെപി സർക്കാർ ആവശ്യപ്പെട്ടു. ഇവർക്ക് എങ്ങനെ പ്രവേശനം അനുവദിച്ചുവെന്ന് വ്യക്തമാക്കണമെന്നും ഇന്ത്യാ–- മ്യാൻമർ അതിർത്തിയുടെ സുരക്ഷാചുമതലയുള്ള അസം റൈഫിൾസിനയച്ച കത്തിൽ മണിപ്പുർ സർക്കാർ ആവശ്യപ്പെട്ടു.