കോണ്ഗ്രസിന്റെ ക്ഷണം വേട്ടയാടലിനുള്ള പ്രായിശ്ചിത്വം

കാലങ്ങളായി പിണറായി വിജയനെ വേട്ടയാടിയതിനുള്ള പ്രായിശ്ചിത്തമാണ് ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചതിലൂടെ കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. രണ്ട് പതിറ്റാണ്ടോളം കെട്ടിപ്പൊക്കിയ നുണകഥകളും വേട്ടയാടലുകളും അപകീര്‍ത്തികരമായ പ്രസ്താവനകളുമാണ് ഉമ്മന്‍ചാണ്ടി അനുസമരണത്തില്‍ പിണറായി വിജയന്‍ പങ്കെടുത്തതോടെ തകര്‍ന്നടിഞ്ഞത്. എന്നാല്‍ ഇത് കോണ്‍ഗ്രസ് പ്രത്യക്ഷത്തില്‍ സമ്മതിക്കില്ലെങ്കിലും രാഷ്ട്രീയ ബോധമുള്ള കേരള ജനതയ്ക്ക് അത് വ്യക്തമാകും.

ലാവ്ലിന്‍ മുതല്‍ ഏറ്റവും ഒടുവില്‍ സംസ്ഥാനത്തെ റോഡ് ഗതാഗത അപകടങ്ങള്‍ കുറയ്ക്കുവാന്‍ ലക്ഷ്യമിട്ട് കൊണ്ട് വന്ന എഐ ക്യാമറ പദ്ധതിയില്‍ പോലും മുഖ്യമന്ത്രിയുടെ ബന്ധു അഴിമതി നടത്തി എന്ന കള്ള കഥ ആരോപിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പരസ്യ കുമ്പസാരം കൂടിയാണ് ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങിലൂടെ പുറത്തുവന്നത്. തന്‍റെ അധികാരത്തില്‍ ഉണ്ടായിരുന്ന വിജിലന്‍സ് തെളിവില്ലെന്ന് കണ്ട് എഴുതി തള്ളിയ ലാവ്ലിന്‍ കേസ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അവസാന കാബിനറ്റില്‍ സിബിഐയ്ക്ക് വിടാന്‍ നിശ്ചയിച്ചത് തെറ്റായിപോയെന്ന് സ്വയം കരുതുന്ന ആളാണ് ഉമ്മന്‍ചാണ്ടി എന്ന് പിന്നീടുള്ള അദ്ദേഹത്തിന്‍റെ ഈ വിഷയത്തിലുള്ള നിലപാടിലൂടെ വ്യക്തമായിട്ടുള്ളതാണ്. ഏതോ പത്രത്തില്‍ വന്ന എല്ലാവരും കള്ളډാര്‍ എന്നര്‍ത്ഥം വരുന്ന ഹിന്ദി തലക്കെട്ടാണ് ലാവ്ലിന്‍ സിബിഐയ്ക്ക് വിടാന്‍ കാരണമായി ഉമ്മന്‍ചാണ്ടി പിന്നീട് പറഞ്ഞത്. പിന്നീട് ഇങ്ങോട്ട് എത്ര എത്ര കെട്ടുകഥകള്‍ക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്ക് പിണറായി വിജയനും കുടുംബവും വിധേയരായിട്ടുണ്ട്.

അടിസ്ഥാന രഹിതമായ എല്ലാ ആരോപണങ്ങള്‍ക്കും പിന്നില്‍ കാലാകാലങ്ങളായുള്ള കോണ്‍ഗ്രസ് നേതൃത്വം തന്നെയായിരുന്നു. പി.ടി തോമസും മാത്യു കുഴല്‍ നാടനും സഭയ്ക്ക് അകത്തും പുറത്തും പിണറായി വിജയനും കുടുംബത്തിനും എതിരെ നടത്തിയ ആരോപണങ്ങള്‍ എത്ര മാത്രം നിന്ദ്യമായിരുന്നു. അതിനു തുടര്‍ച്ചയല്ലേ ഇപ്പോള്‍ വിടി ബലറാമും സരിനും നടത്തുന്നുത്. എന്നാല്‍ ഇങ്ങനെ കെട്ടിപ്പൊക്കിയ നുണകഥകള്‍ക്ക് നീര്‍ കുമിളകളുടെ പോലും ആയുസ്സുണ്ടായിരുന്നില്ല. എല്ലാം അപ്പപ്പോള്‍ ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. കാലത്തിന്‍റെ കാവ്യ നീതിപോലെ വേട്ടയാടലിന് കാരണക്കാരനായ ഒരാളുടെ അനുസ്മരണചടങ്ങിലേക്കുള്ള ക്ഷണം പിണറായി വിജയനോടുള്ള കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ മാപ്പിരക്കലാണ് അക്ഷരാത്ഥത്തില്‍.