വിലക്കയറ്റത്തിനു പിന്നിൽ കോർപറേറ്റ്‌ കൊള്ള

സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതത്തെ ദുരന്തത്തിലേക്ക്‌ തള്ളിവിടുംവിധം രാജ്യത്ത്‌ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുന്ന രീതിയിലേക്കാണ്‌ വിലവർധന. തക്കാളി, ഉള്ളി, സവാള, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്‌, പയറുവർഗങ്ങൾ എന്നിവയുടെ വില കുതിച്ചുയരുന്നു. ബുധനാഴ്‌ച കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച റിപ്പോർട്ടു പ്രകാരം ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ നിരക്ക് ജൂണിൽ 4.81 ശതമാനമായി. മേയിൽ 4.25 ശതമാനമായിരുന്നു. നാലു മാസത്തിനുശേഷമാണ്‌ വിലക്കയറ്റം രൂക്ഷമാകുന്നത്‌. പച്ചക്കറി, ധാന്യങ്ങൾ, മുട്ട, മാംസം ഉൾപ്പെടെയുള്ളവയുടെ ഉയർന്ന വിലയാണ്‌ ഇതിനു കാരണം. കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഉപഭോക്തൃ വിലസൂചികയേക്കാൾ കൂടുതലാണ്‌ വിപണിയിലെ യഥാർഥ വിലക്കയറ്റത്തിന്റെ നിരക്ക്‌. ജൂണിൽ പച്ചക്കറി വിലയിൽ 12.2 ശതമാനത്തിന്റെ വർധന ഉണ്ടായി. ഉപഭോക്തൃ വിലസൂചിക നിശ്‌ചയിക്കുന്നതിലെ പ്രധാന ഘടകം പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കളാണ്‌. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രളയം വീണ്ടും വിലക്കയറ്റം സൃഷ്ടിക്കും. അരി വില 20 ശതമാനംവരെ വർധിക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. ഭക്ഷ്യവസ്‌തുക്കൾ കഴിഞ്ഞാൽ വിലക്കയറ്റത്തിലെ പ്രധാനഘടകം ഇന്ധനമാണ്‌. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്‌ക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല. അസംസ്‌കൃത എണ്ണ വിലയുമായി താരതമ്യം ചെയ്‌താൽ ഇന്ധനവിലയിൽ 15–-20 ശതമാനംവരെ കുറവുവരുത്തേണ്ടതാണ്‌. റിലയൻസ്‌ ഉൾപ്പെടെയുള്ള വൻകിട കോർപറേറ്റുകൾക്ക്‌ കൊള്ളലാഭം ഉണ്ടാക്കാനാണ്‌ വില കുറയ്‌ക്കാത്തത്‌.
കോർപറേറ്റുകൾക്കും വൻകിട വ്യാപാരികൾക്കും ഊഹക്കച്ചവടക്കാർക്കും പൂഴ്‌ത്തിവയ്‌പിനും കൊള്ളലാഭത്തിനും അവസരമൊരുക്കുന്ന മോദി സർക്കാരിന്റെ നയങ്ങളാണ്‌ വിലക്കയറ്റത്തിന്റെ അടിസ്ഥാനകാരണം. മോദി അധികാരമേറ്റശേഷം അവശ്യസാധന നിയമത്തിൽ വരുത്തിയ ഭേദഗതിപ്രകാരം പയറുവർഗങ്ങളുടെ സംഭരണപരിധി എടുത്തുകളഞ്ഞു. നിയമഭേദഗതിയുടെ നേട്ടം രാജ്യത്തെ കർഷകർക്കോ ജനങ്ങൾക്കോ ലഭിച്ചില്ല. രാജ്യത്തെ പയർ– -പരിപ്പ്‌ ഉൽപ്പന്നങ്ങളുടെ അറുപത്‌ ശതമാനവും ഇപ്പോൾ കൈകാര്യം ചെയ്യുന്നത്‌ അദാനിക്ക്‌ ഓഹരി പങ്കാളിത്തമുള്ള മൂന്നു കമ്പനി ഉൾപ്പെടെ പത്ത്‌ വൻകിട കമ്പനിയാണ്‌. ഉള്ളി, സവാള, ഉരുളക്കിഴങ്ങ്‌, തക്കാളി എന്നിവയുടെ വിലക്കയറ്റവും വൻകിട കമ്പനികളുടെ സൃഷ്ടിയാണ്‌. വിളവെടുപ്പ്‌ സമയത്ത്‌ കുറഞ്ഞ വിലയ്‌ക്ക്‌ കർഷകരിൽനിന്ന്‌ ഉൽപ്പന്നങ്ങൾ വാങ്ങി ശീതീകരിച്ച വൻകിട ഗോഡൗണുകളിൽ സൂക്ഷിക്കുന്ന റിലയൻസ്‌ ഉൾപ്പെടെയുള്ള കമ്പനികൾ ജൂൺമുതൽ സെപ്‌തംബർവരെയുള്ള മൺസൂൺകാലത്ത്‌ കൃത്രിമക്ഷാമമുണ്ടാക്കി വില മൂന്നും നാലും ഇരട്ടിയാക്കി ലാഭം കൊയ്യുകയാണ്‌. പഞ്ചസാര, ഭക്ഷ്യ എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും ഇത്തരത്തിൽ ഊഹക്കച്ചവടത്തിന്‌ വിധേയമാക്കി വൻകിട കമ്പനികൾ ലാഭമുണ്ടാക്കുന്നു.
ദേശീയ തലത്തിലെ വിലക്കയറ്റം കൂടുതൽ ബാധിക്കുന്നത്‌ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ്‌. വിപണിയിൽ ശക്തമായി ഇടപെട്ടുകൊണ്ട്‌ കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ നൽകുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയ അനഭിലഷണീയമായ പ്രവണതകൾ വിപണിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമാവശ്യമായ നടപടികൾ എൽഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്നുണ്ട്‌. പൊതുവിപണിയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ വിപണി ഇടപെടൽ നടത്തുന്നത്‌ കേരളത്തിലാണ്‌. ഹോർട്ടികോർപ്പും കൺസ്യൂമർഫെഡും സിവിൽ സപ്ലൈസും സഹകരണ സംഘങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. വിലക്കയറ്റം പിടിച്ചുനിർത്താൻ നടപ്പുവർഷത്തെ ബജറ്റിൽമാത്രം 2000 കോടിയിലേറെ രൂപയാണ്‌ വകയിരുത്തിയത്‌. വിപണി ഇടപെടലിനൊപ്പം നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടിയും സ്വീകരിക്കുന്നുണ്ട്‌. കേന്ദ്ര സർക്കാരിന്റെ മുൻ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തിയ സംസ്ഥാനമാണ് കേരളം. സർക്കാരിന്റെ ഫലപ്രദമായ വിപണി ഇടപെടൽകൊണ്ടാണ്‌ പൊതുവിലക്കയറ്റം പിടിച്ചുനിർത്താൻ സാധിക്കുന്നത്‌. സാധന വിലയിൽ പലയിടത്തും വലിയ അന്തരം ശ്രദ്ധയിൽപ്പെട്ടതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ച്‌ കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും തടയാൻ കർശനമായി നിർദേശിച്ചിട്ടുണ്ട്‌. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ സ്വീകരിക്കുന്ന മാതൃകാപരമായ നടപടികളുമായി വ്യാപാരികളും വ്യവസായികളും ഉൾപ്പെടെ എല്ലാവരും സഹകരിച്ച്‌ മുന്നോട്ടുനീങ്ങുകയാണ്‌ വേണ്ടത്‌.