ഭീഷണികൊണ്ട് ഭയപ്പെടുത്താമെന്ന് ആർഎസ്എസ് കരുതേണ്ടയെന്നും സംഘപരിവാറിന്റെ വിഡ്ഢിത്തങ്ങളെ ഇനിയും തുറന്നെതിർക്കുമെന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. സ്പീക്കർ എ എൻ ഷംസീറിനെതിരായ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വിവാദ ഭീഷണി പ്രസംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജയരാജന്റെ കുറിപ്പ്.
വിഷയത്തിൽ ആശയ വ്യക്തത വരുത്തുന്നതിനോടൊപ്പം സംഘപരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളെയും വിധ്വംസകമായ ആശയങ്ങളെയും ഇനിയും തുറന്നെതിർക്കുമെന്നും ആ കാരണത്താൽ സഖാവ് ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആർഎസ്എസ് കരുതേണ്ടയെന്നും പി ജയരാജൻ കുറിച്ചു. ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ചാണ് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് ഷംസീറിനെതിരെ ഭീഷണി മുഴക്കിയത്. അധ്യാപകൻ ടി ജെ ജോസഫിന്റെ അവസ്ഥ പോലെ ആകുമെന്നുൾപ്പെടെയുള്ള തരത്തിൽ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പ്രസംഗിച്ചിരുന്നു. ഇതിന് മറുപടിയുമായി ജയരാജൻ രംഗത്തുവന്നിരുന്നു. തുടർന്ന് ഓണാശംസകൾ എന്നെഴുതിയ അത്തപ്പൂക്കളത്തിന്റെ ചിത്രത്തോടൊപ്പം "യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും’’ എന്ന് സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ പറഞ്ഞിരുന്നു.
യുക്തിസഹമായ ശാസ്ത്രീയ വിശദീകരണമാണ് എല്ലായിടങ്ങളിലും വേണ്ടതെന്നും പുഷ്പക വിമാനത്തെ കുറിച്ചും പ്ലാസ്റ്റിക് സർജറിയെക്കുറിച്ചുമൊക്കെ പ്രധാനമന്ത്രി പറഞ്ഞ അശാസ്ത്രീയമായ വാചകങ്ങളെയാണ് എ. എൻ ഷംസീർ വിമർശിച്ചതെന്നും ജയരാജൻ പറഞ്ഞു. പൗരന്മാരിൽ ശാസ്ത്ര ചിന്തകൾ വളർത്തുക എന്നത് നമ്മുടെ ഭരണ ഘടനാ പ്രകാരം മൗലിക കർത്തവ്യമാണെന്നും എന്നാൽ അതിന് വിപരീതമായാണ് രാജ്യത്തെ ഭരണാധികാരികൾ പ്രവർത്തിക്കുന്നത്. ഇത്തരം അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്നെതിർക്കുമെന്നും തന്നെ കാണാൻ ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം തന്നെയാണ്