മണിപ്പുർ വിഷയത്തിൽ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും മുഖം വികൃതമായതോടെ മാധ്യമങ്ങളെ സ്വാധീനിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് രംഗത്തിറങ്ങി. തെരഞ്ഞെടുത്ത ദേശീയ മാധ്യമങ്ങളിലെ എഡിറ്റർമാരുമായി അമിത് ഷാ കഴിഞ്ഞദിവസം കൂടിക്കാഴ്‌ച നടത്തി. സർക്കാരിന്റെ മുഖം രക്ഷിക്കുന്ന വിധത്തിൽ വാർത്തകൾ നൽകണമെന്ന് കൂടിക്കാഴ്‌ചയിൽ ആഭ്യന്തരമന്ത്രി നിർദേശിച്ചതായാണ് വിവരം. ഇതേത്തുടർന്ന് മണിപ്പുരിൽ കേന്ദ്രം ക്രിയാത്മകമായി ഇടപെടുന്നുവെന്ന മട്ടിൽ ചില ദേശീയപത്രങ്ങൾ വാർത്ത നൽകിത്തുടങ്ങി.
"ഇരട്ട എൻജിൻ’ സർക്കാർ സംബന്ധിച്ച ബിജെപിയുടെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് രണ്ടുമാസത്തിലേറെയായി തുടരുന്ന മണിപ്പൂരിലെ സംഘര്‍ഷം വെളിപ്പെടുത്തി. കഴിഞ്ഞ ഒമ്പതു വർഷം ബിജെപിയെ സംരക്ഷിച്ചുവന്ന ഹിന്ദി മേഖല മാധ്യമങ്ങളിലടക്കം മണിപ്പുർ കലാപം പ്രധാന വാർത്തയായി. കുക്കി വനിതകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌തതിന്റെ ദൃശ്യങ്ങൾ രാജ്യമെങ്ങും ചർച്ച ചെയ്യുന്നു. രാജ്യാന്തര തലത്തിലും മോദി സർക്കാർ നാണംകെട്ടു. ലോക്‌സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുത്താൽ സർക്കാരിന് മറുപടി പറയാൻ കഴിയാത്ത പല കാര്യങ്ങളും ഉയർന്നുവരും. ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഭരണമികവ് സംബന്ധിച്ച് പ്രചാരണം നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
ഈ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി ഉണ്ടാകുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലും സ്വാധീനം ചെലുത്തും. ഈ പശ്‌ചാത്തലത്തിലാണ് മാധ്യമങ്ങളെ സ്വാധീനിക്കാൻ അമിത് ഷാ രംഗത്തുവന്നത്.