ഭാരതത്തിന്റെ തെരുവിലാകെ സ്‌ത്രീകളുടെ ചുടുകണ്ണീര് പടരുകയാണ്. ഗുജറാത്തിൽ, ഉന്നാവിൽ, കത്വയിൽ, ഡൽഹിയിൽ, ഇന്ന് മണിപ്പുരിൽ… വേട്ടക്കാരുടെ തേർവാഴ്‌ച അവസാനിക്കുന്നില്ല. നാളെയത് എവിടെയുമാകാം. ഏതമ്മയാകും പെങ്ങളാകും മകളാകും ഉടുതുണിയില്ലാതെ, ഈ നഗ്നഭാരതത്തിൽ അലമുറയിടേണ്ടിവരിക. നഷ്ടപ്പെട്ടുപോയ ബാല്യം, തീരാത്ത വിശപ്പ്, അതിരില്ലാത്ത നിസ്സഹായത ഈ നെരിപ്പോടിലാണവർ. ഇരകൾക്കല്ല പ്രതികൾക്കൊപ്പം നിൽക്കുന്ന രാഷ്‌ട്രീയമാണ് ബിജെപി പിന്തുടർന്നത്. മണിപ്പുർ വംശീയ കലാപം ചെറുക്കാൻ ചെറുവിരലനക്കാതെ തമ്മിലടിപ്പിച്ചും ഭിന്നിപ്പിച്ചും സംഘപരിവാർ അജൻഡ നടപ്പാക്കുകയാണവർ. ബലാത്സംഗം അവർക്ക് രാഷ്ട്രീയ ആയുധമാണ്
അപമാനിക്കപ്പെട്ട അഭിമാനതാരങ്ങൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസിൽ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബിജെപി എംപി ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടാണ് ഡൽഹി പൊലീസ് സ്വീകരിച്ചത്. നീതിതേടിയുള്ള ഗുസ്‌തി താരങ്ങളുടെ സമരം രാജ്യമാകെ ഹൃദയംകൊണ്ട് ഏറ്റെടുത്ത ഘട്ടത്തിലാണ് കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസ് യുപിയിലെ ബിജെപി നേതാവിന് സംരക്ഷണമൊരുക്കിയത്.
പോക്‌സോ കേസിലെ നടപടി അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ പൊലീസ് സമീപിച്ചു. ബ്രിജ് ഭൂഷണെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും വേണമെങ്കിൽ കോടതിക്ക് ഉപാധികളോടെ ജാമ്യം നൽകാമെന്നുമാണ് കോടതിയിൽ പ്രതിയെ അനുകൂലിച്ചുകൊണ്ട് പ്രോസിക്യൂഷൻ പറഞ്ഞത്. തുടർന്ന് ആദ്യം ഇടക്കാല ജാമ്യവും അടുത്ത ദിവസം സ്ഥിരം ജാമ്യവും ലഭിച്ചു.അതീവ ഗൗരവതരമായ പരാതിയിൽ എഫ്ഐആർ ഇടാൻപോലും ആഴ്ചകൾ എടുത്തു. എന്നാൽ, നീതിക്കുവേണ്ടി പ്രതിഷേധമുയർത്തിയ കായികതാരങ്ങൾക്കെതിരെ കലാപക്കുറ്റത്തിന് കേസെടുക്കാൻ സംഘപരിവാർ പൊലീസിന് അൽപ്പംപോലും കാലതാമസം വേണ്ടിവന്നതുമില്ല.
ഉന്നാവിലെ ക്രൂരത
2017 ജൂണിലാണ് ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയിലെ മാൻഖിയിൽ പതിനേഴുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ, സഹോദരൻ അതുൽ സിങ് എന്നിവരും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കേസിൽനിന്ന് പിൻവാങ്ങാൻ ആവശ്യപ്പെട്ട് എംഎൽഎയുടെ ബന്ധുക്കളും ഗുണ്ടകളും പെൺകുട്ടിയെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെ പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു. ആ കേസിലെ പ്രധാന സാക്ഷിയായിരുന്ന യൂനസ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കാൻ വ്യാജരേഖ ഉണ്ടാക്കിയെന്ന് ആരോപിച്ച് പെൺകുട്ടിക്കും ബന്ധുക്കൾക്കും എതിരെ കേസെടുത്തും യുപി പൊലീസ് വേട്ടയാടി.
കുൽദീപ് സെൻഗറിന്റെ സഹോദരൻ അതുൽസെൻഗർ നൽകിയ കേസിൽ പെൺകുട്ടിയുടെ അമ്മാവനെയും കോടതി ശിക്ഷിച്ചു. ജൂലൈ 28ന് റായ്‌ബറേലിയിലേക്കുള്ള യാത്രയിൽ പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചുകയറ്റി. രണ്ട് അമ്മായിമാർ സംഭവസ്ഥലത്ത് മരിച്ചു. മരണത്തോടു മല്ലടിച്ചശേഷം പെൺകുട്ടി ജീവിതത്തിലേക്കു തിരിച്ചെത്തി. അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിരുന്നു. 2018 ഏപ്രിലിൽ മാത്രമാണ് ബിജെപി നേതാവടക്കമുള്ള പ്രതികൾ അറസ്റ്റിലാകുന്നത്. നീതി തേടി പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിനു മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.
പ്രതിക്ക് എല്ലാവിധ പിന്തുണയും നൽകിയത് ബിജെപി സർക്കാരായിരുന്നു. 2019 ആഗസ്തിലാണ് സെൻഗറിനെ ബിജെപി പുറത്താക്കിയത്. സുപ്രീംകോടതി ഇടപ്പെട്ട് കേസ് ഡൽഹിയിലേക്ക് മാറ്റിയതുകൊണ്ടുമാത്രം ഡിസംബറിൽ പ്രതി ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ടു.
സവർക്കറുടെ ബലാത്സംഗ ആഹ്വാനം
കലാപം നടക്കുന്നിടത്തെല്ലാം സംഘപരിവാറുകാർ ഇതര സമുദായത്തിലെ സ്‌ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നത് യാദൃച്ഛിക സംഭമല്ല. അവരുടെ തലതൊട്ടപ്പനായ വി ഡി സവർക്കറുടെ ആഹ്വാനം ഏറ്റെടുക്കുന്നതാണിത്. സവർക്കറുടെ ‘ഇന്ത്യൻ ചരിത്രത്തിലെ ആറു സുവർണ്ണ യുഗം’ എന്ന പുസ്‌തകത്തിലാണ് ഇത് പറയുന്നത്. ‘ഹിന്ദുസ്ത്രീകൾക്ക് മേൽ നടത്തിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ലഭിക്കേണ്ട കനത്ത ശിക്ഷയിൽ നിന്നും മുസ്ലീം സ്ത്രീകളെ ശിവജി ഒഴിവാക്കി. പക്ഷേ, ശിവജി ചെയ്യേണ്ടിയിരുന്നത് മുസ്ലിം സ്ത്രീയെ ഏതെങ്കിലും ഹിന്ദു പടയാളിക്ക് ബലാത്സംഗം ചെയ്യാൻ വിട്ടു കൊടുക്കുണമായിരുന്നു’. ഇതാണ് ബലാത്സംഗത്തെ രാഷ്ട്രീയായുധമാക്കി പ്രായോഗിക്കാൻ അനുയായികളെ പ്രേരിപ്പിക്കുന്നത്.
മറന്നോ ബിൽക്കിസ് ബാനുവിനെ
ആർഎസ്എസും വിഎച്ച്പിയും ബജ്‌റംഗദളും അഴിഞ്ഞാടിയ ഗുജറാത്ത് വംശഹത്യക്കിടെ അഞ്ചു മാസം ഗർഭിണിയായ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവം മനസ്സാക്ഷിയുള്ളവരെ ആകെ ഞെട്ടിച്ചതാണ്. എന്നാൽ, ആ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സർക്കാർ ശിക്ഷ ഇളവ് ചെയ്‌ത് 2022 ആഗസ്‌തിൽ മോചിപ്പു. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയായിരുന്നു നീക്കം. ജയിൽമോചിതനായ പ്രതി ശൈലേഷ് ചിമൻലാൽ ഭട്ട് ബിജെപി നേതാക്കളായ ദഹോദ് എംപി ജസ്വന്ത് സിങ് ഭാഭോറിനും ലിംഖേഡ എംഎൽഎ സൈലേഷ് ഭാഭോറിനുമൊപ്പം സർക്കാർ പരിപാടിയുടെ വേദിയിലുമെത്തി. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്ക് തുറന്നുകാട്ടിയ ടീസ്‌ത സെതൽവാദിനെയും ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചതും നാം കണ്ടു.
ആവർത്തിക്കുന്ന ‘ഗുജറാത്ത് മോഡൽ’
ഗുജറാത്ത് വംശഹത്യയില്‍ പല കേസിലും പ്രതികൾപോലുമില്ല. തെളിവ് ഹാജരാക്കുന്നതിൽ ബിജെപി സർക്കാരും അവരുടെ കീഴിലുള്ള അന്വേഷണ ഏജൻസികളും പരാജയപ്പെട്ടു. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിലെ വീഴ്‌ചയും പൊലീസ് ഇടപെടലുകളുമാണ് ഇതിനു കാരണം. പഞ്ചമഹൽ, ബിൽക്കിസ് ബാനു, ബെസ്റ്റ് ബേക്കറി, ദിപ്ദ ദർവാജ, ഒഡെ ഗ്രാമം, ഗുൽബർഗ് സൊസൈറ്റി, സർദാർപുര കേസിൽ ഭൂരിപക്ഷം പ്രതികളും ശിക്ഷിക്കപ്പെട്ടില്ല. ഇതു തന്നെയാണ് മണിപ്പുരിലും ആവർത്തിക്കുന്നത്.
കത്വയിലെ ക്ഷേത്രത്തില്‍ നടന്നത്
ജമ്മു കശ്‌മീരിലെ കത്വയിൽ 2018 ജനുവരിയിലാണ് എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനുള്ളിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ദാരുണസംഭവം അരങ്ങേറുന്നത്. ആദ്യ ഘട്ടത്തിൽ കേസ് പോലും രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് കേസെടുത്തെങ്കിലും അന്വേഷണം ഫലപ്രദവുമായില്ല. സംഘപരിവാർ സംഘടനയായ ഹിന്ദു ഏക്താ മഞ്ചാണ് പ്രതികൾക്കായി രംഗത്തു വന്നത്. ബിജെപി മന്ത്രിമാരടക്കം പ്രതികളെ അനുകൂലിച്ചുള്ള പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലെ അന്വേഷണത്തെ ജങ്കിൾ രാജെന്നാണ് ബിജെപി വിശേഷിപ്പിച്ചത്.
നാടോടി സമുദായമായ ബക്കർവാളുകളെ കത്വയിലെ രസാന ഗ്രാമത്തിൽനിന്ന് പുറന്തള്ളാൻ ലക്ഷ്യമിട്ടായിരുന്നു സംഘപരിവാർ ക്രൂരത. എട്ട് പ്രതികളാണ് കേസിൽ. ഗ്രാമത്തിലെ പൗരപ്രമുഖനും മുൻ റവന്യു ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചന നടത്തിയത്. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്. ഇയാളുടെ മകൻ, അനന്തരവൻ, സുഹൃത്ത്, പൊലീസ് ഓഫീസർ എന്നിവർ കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തു. കേസ് ആദ്യം അന്വേഷിച്ച എസ്ഐ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്‌പെഷ്യൽ പൊലീസ് ഓഫീസർ സുരേന്ദർ വർമ എന്നിവർ തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നു. രണ്ടു പ്രതികൾക്ക് ജീവപര്യന്തമടക്കം ആറു പ്രതികളെ കോടതി ശിക്ഷിച്ചു.
ആസ്ഥാന ഗുരുവിന്റെ ലീലകൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്ഥാന ഗുരുവെന്ന് അവകാശപ്പെടുന്ന ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിമിനെതിരെ 2002ൽ ഉയർന്ന പീഡനക്കേസിൽ 2007ൽ മാത്രമാണ് ഒരു കേസെടുത്തത്. ആശ്രമത്തിലെ സ്‌ത്രീകളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യുന്നതാണ് ആദ്യമായി പുറത്ത് വന്നത്. ഇതിന് വഴിയൊരുക്കിയ കത്ത് മാധ്യമപ്രവർത്തകർക്ക് എത്തിച്ചത് അനുയായി രഞ്ജിത് സിങ്ങാണെന്ന് സംശയിച്ച് അയാളെ വെടിവച്ച് കൊന്നു. വാർത്ത നൽകിയ മാധ്യമ പ്രവർത്തകൻ രാം ചന്ദർ ഛത്രപതിയെയും കൊലപ്പെടുത്തി. തുടർന്ന് ബലാത്സംഗം, കൊലപാതകം, മത നിന്ദ അടക്കം നിരവധി കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിലാണ്. ഇയാർക്ക് 14 മാസത്തിനിടയിൽ നാലു തവണയാണ് പരോളിലിറങ്ങാൻ ബിജെപി സർക്കാർ ഒത്താശ ചെയ്‌തത്. പരോൾ ലഭിച്ച് പുറത്തിറങ്ങിയപ്പോൾ ബിജെപി ജിന്ദ് എംഎൽഎ കൃഷൻ മിദ്ദ, കർണാൽ മേയർ രേണു ബാല ഗുപ്ത എന്നിവരടക്കം നിരവധി പേർ ഇയാളുടെ അനുഗ്രഹം വാങ്ങാനെത്തി. കേസിൽ അന്വേഷണം നേരിടവേ 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി റാം റഹിമിനെ പുകഴ്‌ത്തി ട്വീറ്റ് ചെയ്‌തു. ഹരിയാന തെരഞ്ഞെടുപ്പിനു മുമ്പ് നടന്ന റാലിയിലും പ്രകീർത്തിച്ചു. പരോളിനിടെ ഇയാൾ നടത്തിയ ഉദ്‌ഘാടന ചടങ്ങിൽ രാജ്യസഭാ എംപി കൃഷൻ ലാൽ പൻവാറും മുൻ മന്ത്രി കൃഷൻ കുമാർ ബേദിയും ഉൾപ്പെടെ ഹരിയാനയിലെ മുതിർന്ന ബിജെപി നേതാക്കളുമെത്തി.