ഉദ്യോഗസ്ഥതല അഴിമതി തടയണം: എം വി ഗോവിന്ദൻ
നവകേരള നിർമാണത്തിന് തടസ്സമായി നിൽക്കുന്ന ഉദ്യോഗസ്ഥതലത്തിലെ അഴിമതിയും മെല്ലെപ്പോക്കും തടയാനാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരള പഠന കോൺഗ്രസിന് മുന്നോടിയായി സംഘടിപ്പിച്ച ‘നവകേരളകാലത്തെ ഭരണനിർവഹണം’ സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും പിന്നണിയിൽ നിൽക്കുന്ന മനുഷ്യസമൂഹത്തിന്റെയും ജീവിതം ഇനിയും മെച്ചപ്പെടുത്തുക എന്നതാണ് നവകേരളത്തിന്റെ ഉന്നം. വികസിത രാജ്യങ്ങളിലെ ജീവിതനിലവാരത്തിലേക്ക് അടുത്ത 20 വർഷം കഴിയുമ്പോഴേക്കും കേരളത്തെ എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. അതിന് ഭരണനിർവഹണത്തിലും മാറ്റം അനിവാര്യമാണ്. എക്‌സിക്യൂട്ടീവിന്റെ തലപ്പത്തിരിക്കുന്നവരിൽ ഒരുവിഭാഗത്തിന് കേരളീയ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള വികസനപാത ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതാണെന്ന ധാരണയുണ്ട്. ആ ധാരണയ്‌ക്ക് അനുസരിച്ച മാറ്റവും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥതലത്തിലെ അഴിമതി ഇപ്പോഴും തുടരുന്നു. അതിനാൽ സർക്കാർ ആഗ്രഹിക്കുന്ന നടപടികൾക്ക് ഉദ്ദേശിച്ചത്ര വേഗം ലഭിക്കുന്നില്ല. പദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നതിനും കാലതാമസമുണ്ടാകുന്നു.
രാഷ്ട്രീയ അഴിമതി അവസാനിപ്പിക്കാൻ എൽഡിഎഫ് സർക്കാരിനു കഴിഞ്ഞു. അഴിമതി നടത്തുന്ന ഒരു മന്ത്രിയും മന്ത്രിസഭയിലില്ല. ഭരണനിർവഹണത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അഴിമതിയുടെ പ്രശ്‌നം കൈകാര്യം ചെയ്യാതെ മുന്നോട്ടുപോകാനാകില്ല. ഇക്കാര്യം സർവീസ് സംഘടനകളുമായി ചർച്ച ചെയ്‌തിട്ടുണ്ട്. അവർ മനസ്സുവച്ചാൽ വലിയ രീതിയിൽ അഴിമതിയും മെല്ലെപ്പോക്കും കുറച്ചുകൊണ്ടുവരാനാകും.
സാമൂഹ്യ ജീവിതത്തിൽ പാവപ്പെട്ടവന് അംഗീകാരം ലഭിച്ചിട്ടുണ്ട് എന്നത് വസ്‌തുതയാണ്. എന്നാൽ, ഉദ്യോഗസ്ഥതലത്തിലെ കാഴ്‌ചപ്പാടിൽ അത് പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.