മണിപ്പുർ അക്രമത്തിൽ സത്യങ്ങൾ എത്രയൊക്കെ മൂടിവച്ചാലും പുറത്തുവരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മണിപ്പൂരിൽ നടക്കുന്ന ക്രൂരമായ അക്രമസംഭവങ്ങളിൽ ഇന്ത്യയിലെ മതനിരപേക്ഷ ജനത വേദനിക്കാൻ തുടങ്ങിയിട്ട് നീണ്ട 79 ദിവസങ്ങൾ പിന്നിടുമ്പോഴാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി അതൊക്കെ അറിഞ്ഞത്. അദ്ദേഹത്തിന് അതറിയാൻ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു സ്‌ത്രീകളെ മെയ്‌തി വിഭാഗത്തിൽപ്പെട്ട അക്രമികൾ നഗ്‌നരാക്കി വഴിയിലൂടെ നടത്തിക്കുന്ന വീഡിയോ പുറംലോകത്ത് പ്രചരിക്കേണ്ടിവന്നു; നീചമായ ആ സംഭവത്തിനെതിരെ അന്താരാഷ്‌ട്ര മാധ്യമങ്ങളിലടക്കം കനത്ത വിമർശനം ഉയരേണ്ടിവന്നു; ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യക്കു തലകുനിക്കേണ്ട ദുരവസ്ഥ ആവർത്തിക്കേണ്ടിവന്നു. ഭരണകക്ഷിയായ ബിജെപിയുടെ പരിപൂർണ പിന്തുണയുള്ളവരാണ് മെയ്‌തികളെന്നത് മോദിജി അറിഞ്ഞോ ആവോ!? - റിയാസ് ചോദിച്ചു.
"താൻ പ്രധാനമന്ത്രിയല്ല പ്രധാന സേവകനാണ് എന്ന് ഘോഷിച്ചു നടക്കുന്ന മോദിയുടെ മുതലക്കണ്ണീർ ‘ദി ടെലഗ്രാഫ്’ പത്രം ഇന്ന് കൃത്യമായി പകർത്തിയിട്ടുണ്ട്. മണിപ്പൂരിൽ ബിജെപി സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞത്, ഇത്തരത്തിൽ നൂറു കണക്കിനു സംഭവങ്ങൾ മണിപ്പൂരിൽ അരങ്ങേറുന്നുണ്ട് എന്നും അതൊന്നും പുറം ലോകമറിയാതിരിക്കാനാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുന്നത് എന്നുമാണ്. സ്‌ത്രീകൾക്കു നേരേ നടക്കുന്ന ഹീനമായ ലൈംഗികാക്രമണങ്ങൾ ഉൾപ്പെടെ മണിപ്പൂരിൽ അരങ്ങേറുന്ന കലാപത്തിന്റെ യഥാർത്ഥ ചിത്രം ബിജെപിക്ക് നന്നായി അറിയാം എന്ന് ചുരുക്കം. നിങ്ങൾ എത്രയൊക്കെ മൂടിവച്ചാലും സത്യങ്ങൾ സത്യങ്ങളായിത്തന്നെ പുറത്തുവരും. ഇന്റർനെറ്റ് വിച്ഛേദിച്ചാലും സോഷ്യൽ മീഡിയയിൽനിന്ന് വീഡിയോ ദൃശ്യങ്ങൾ ഇല്ലാതാക്കിയാലും ഇല്ലാതാകുന്നതല്ല ഇന്ത്യൻ ജനത അനുഭവിക്കുന്ന വംശീയപീഡനങ്ങൾ. ഈ കാലവും കടന്നുപോകും. ഇന്ത്യ ഇതിനെ പൊരുതിത്തോൽപിക്കുക തന്നെ ചെയ്യും’ - റിയാസ് പറഞ്ഞു.