മണിപ്പൂർ വിഷയത്തിലെ ചർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം

മണിപ്പൂർ വിഷയത്തിലെ ചർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം.

മണിപ്പൂരിലെ സംഭവവികാസങ്ങ


ളിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും തുടർന്ന് സഭയിൽ ചർച്ച അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ കക്ഷികൾ എല്ലാവരും ഒറ്റക്കെട്ടായി സഭാ സമ്മേളനത്തിന്റെ തുടക്കം മുതൽ ശക്തമായ പ്രതിഷേധം നടത്തിവരികയാണ്. ചട്ടം 267 പ്രകാരം സഭാ നടപടികൾ നിർത്തിവച്ച് ഈ വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൺസൂൺ സെഷന്റെ തുടക്കം മുതൽ പ്രതിപക്ഷ എംപിമാർ നോട്ടീസ് നൽകിക്കൊണ്ടിരുന്നെങ്കിലും ആ നിലയിലുള്ള ഒരു ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറായില്ല.

267നു പകരം ചട്ടം 176 പ്രകാരം ഒരു ഹ്രസ്വ ചർച്ചയാവാം എന്നായിരുന്നു നിലപാട്. മണിപ്പൂർ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ വികാരം പാർലമെന്റിൽ പ്രതിഫലിക്കത്തക്കവിധത്തിലുള്ള ചർച്ചയോടുള്ള ഭയം കേന്ദ്രസർക്കാർ നിലപാടിൽ നിന്നും വ്യക്തമായിരുന്നു. നിയമനിർമാണ സഭയെ അഭിസംബോധന ചെയ്യാൻ തയ്യാറാവത്ത പ്രധാനമന്ത്രിയുടെ നിലപാടും അത്യന്തം വിമർശന വിധേയമാവുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് തങ്ങളുടെ മുഖം രക്ഷിക്കാനും പ്രതിപക്ഷ കക്ഷികൾക്കിടയിലും പൊതു സമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കാനായുള്ള പ്രചരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുവന്നിരിക്കുന്നത്. പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടതുപ്രകാരം മണിപ്പൂർ വിഷയത്തിൽ ഹ്രസ്വ ചർച്ച സഭാധ്യക്ഷൻ അനുവദിച്ചെങ്കിലും ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാവുന്നില്ല എന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സാനിധ്യത്തിലുള്ള ചർച്ചയിൽ നിന്നും ഒഴിഞ്ഞുമാറാനും ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രതിപക്ഷ ഐക്യനിരയിൽ വിളളലുണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ കുപ്രചരണം.

സഭാ സമ്മേളനം ആരംഭിക്കുന്ന ഘട്ടത്തിൽ മണിപ്പൂർ വിഷയം ചർച്ചചെയ്യാൻ വിവിധ സന്ദർഭങ്ങൾ പ്രയോജനപ്പെടുത്താൻ പല എംപിമാരും നോട്ടീസ് നൽകിയിരുന്നു. ഈ വിഷയത്തിൽ ഹ്രസ്വ ചർച്ചയല്ല സഭാ നടപടികൾ നിർത്തിവെച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ സാനിധ്യത്തിലുള്ള ചർച്ചയാണ് വേണ്ടത് എന്ന ഒറ്റക്കെട്ടായ നിലപാട് പ്രതിപക്ഷം സ്വീകരിച്ചു. ഇന്ത്യാ കക്ഷികൾ ഒന്നടങ്കം ഇത് നിരന്തരം സഭയിൽ ആവശ്യപ്പെടുകയും ചട്ടം 267 പ്രകാരം നോട്ടീസുകൾ നൽകുകയും ചെയ്തുകൊണ്ടിരുന്നു.

എന്നാൽ ഈ നോട്ടീസുകൾ ഒന്നും പരിഗണിക്കാതെ, മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാർ ഹ്രസ്വ ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷം ഇതിനോട് സഹകരിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് സഭയിൽ നടത്തിയ നാടകം ജനങ്ങൾ തിരിച്ചറിയും. പ്രതിപക്ഷ ഐക്യനിരയിൽ വിള്ളൽ വീഴ്ത്താൻ ലക്ഷ്യമിട്ടുള്ള ഈ കുടില പദ്ധതികളെ തകർത്തുകൊണ്ട് മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തുന്നതുവരെ പ്രതിപക്ഷ പ്രതിഷേധം തുടരും.

സ. എളമരം കരീം എംപി

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം