ഹരിയാനയിലും സംഘപരിവാർ കലാപം: 2 മരണം

ഹരിയാനയിലെ നൂഹ്‌ ജില്ലയിൽ വർഗീയകലാപത്തിന്‌ സംഘപരിവാർ നീക്കം. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ട്‌ ഹോംഗാർഡുകൾ കൊല്ലപ്പെട്ടു. ഏഴു പൊലീസുകാർ അടക്കംനിരവധി പേർക്ക്‌ പരിക്കേറ്റു. നിരവധി വാഹനങ്ങൾ കത്തിച്ചു. മേഖലയിൽ രാത്രി വൈകിയും സംഘർഷം തുടരുകയാണ്‌. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്‌ചവരെ നൂഹ്‌ ജില്ലയിൽ ഇന്റർനെറ്റ്‌ വിച്ഛേദിക്കുകയും ചെയ്‌തു.

സംഘപരിവാർ സംഘടനകളായ ബജ്‌റംഗദളും വിഎച്ച്‌പിയും സംഘടിപ്പിച്ച ബ്രിജ്‌മണ്ഡൽ ജലാഭിഷേക്‌ യാത്രയെത്തുടർന്നാണ്‌ സംഘർഷം. പശുക്കടത്ത്‌ ആരോപിച്ച്‌ ഹരിയാനയിൽ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയായ സംഘപരിവാർ പ്രവർത്തകൻ മോനു മനേസറും സംഘവും യാത്രയിൽ പങ്കാളികളായത്‌ സംഘർഷത്തിന്‌ കാരണമായിട്ടുണ്ട്‌. ഇതോടൊപ്പം ഒരു വിഎച്ച്‌പി പ്രവർത്തകൻ സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിന്‌ വഴിയൊരുക്കി.

ഹരിയാനയിൽ ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള മേഖലകളിലൊന്നാണ്‌ നൂഹ്‌ ജില്ല. സംഘപരിവാറിന്റെ ജലാഭിഷേക്‌ യാത്രയ്‌ക്ക്‌ തിങ്കളാഴ്‌ച ഗുഡ്‌ഗാവിൽനിന്നാണ്‌ തുടക്കമായത്‌. നൂഹിലേക്ക്‌ യാത്ര പ്രവേശിച്ചതിനു പിന്നാലെയാണ്‌ സംഘർഷം. നൂഹിൽ സ്ഥിതി മോശമാണെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്‌ പ്രതികരിച്ചു. മൂവായിരത്തോളം പേർ നൂഹിലെ ഒരു ക്ഷേത്രത്തിൽ ബന്ദികളാക്കപ്പെട്ടെന്നും പൊലീസിനോട്‌ ആവശ്യമായ ഇടപെടൽ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനിൽ വിജ്‌ പറഞ്ഞു. ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ സഹകരിക്കണമെന്നും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അഭ്യർഥിച്ചു. സംഘർഷസാധ്യതയുണ്ടെന്ന വിവരം നേരത്തേതന്നെ ലഭിച്ചിരുന്നെന്നും എന്നിട്ടും കലാപം തടയുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടെന്നും പ്രതിപക്ഷ പാർടികൾ ആരോപിച്ചു.