കേരള സ്റ്റാർട്ടപ് മിഷന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനുള്ള ലീപ് അംഗത്വ കാർഡ് പദ്ധതിക്ക് തുടക്കം. ടെക്‌നോർപാർക്കിലെ സ്റ്റാർട്ടപ് മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാർഡ് പ്രകാശിപ്പിച്ചു. സ്റ്റാർട്ടപ് ഇൻകുബേഷൻ കേന്ദ്രം ‘ലീപ്’ (ലോഞ്ച്, എംപവർ, ആക്സിലറേറ്റ്, പ്രോസ്‌പർ) കോ വർക്കിങ് സ്‌പെയ്‌സുകളെന്ന പേരിൽ ആരംഭിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമാകുന്ന സ്റ്റാർട്ടപ്പുകൾക്കാണ് കാർഡ് നൽകുക. ഇതിലൂടെ എല്ലാ ലീപ് കേന്ദ്രങ്ങളിലെയും സൗകര്യം സബ്സിഡിയോടെ ഉപയോഗിക്കാം. ഒരു വർഷമാണ് കാലാവധി. സ്റ്റാർട്ടപ്, പ്രൊഫഷണൽ, ഏയ്ഞ്ചൽ നിക്ഷേപകർ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് തുടങ്ങിയവർക്കാണ് അംഗത്വം ലഭിക്കുക.
അനുയോജ്യമായ വർക്ക് സ്റ്റേഷൻ മുൻകൂട്ടി കണ്ടെത്താനും ഉറപ്പാക്കാനുമുള്ള സൗകര്യം, കെഎസ്‌യുഎമ്മിന്റെ എല്ലാ ഇൻക്യുബേഷൻ കേന്ദ്രത്തിലും പ്രവേശനം, ഹഡിൽ ഗ്ലോബൽ ഉൾപ്പെടെ പരിപാടികളിലെ പങ്കാളിത്തം, പങ്കെടുക്കാൻ 25 ശതമാനം സബ്സിഡി, ലീപ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ഇന്റേൺഷിപ്പുകൾക്കൊപ്പമുള്ള സാങ്കേതിക പരിശീലനം, സ്റ്റാർട്ടപ് മാച്ച് മേക്കിങ് അവസരം, നിക്ഷേപകരുമായി ആശയവിനിമയത്തിനുള്ള അവസരം തുടങ്ങിയവ അംഗത്വ കാർഡിലൂടെ ലഭിക്കും.
സ്റ്റാർട്ടപ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ലീപ് സെന്ററിൽ രജിസ്റ്റർ ചെയ്യാം. മികച്ച രീതിയിൽ രൂപകൽപ്പന ചെയ്ത തൊഴിലിടം, അതിവേഗ ഇന്റർനെറ്റ്, മീറ്റിങ് റൂം തുടങ്ങി ആധുനിക സൗകര്യങ്ങൾ ലഭിക്കും. പ്രൊഫഷണലുകൾക്ക് ദിവസ-മാസ വ്യവസ്ഥയിൽ സൗകര്യങ്ങൾ ഉപയോഗിക്കാം. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും യാത്ര ചെയ്യേണ്ടിവരുന്ന പ്രൊഫഷണലുകൾക്കും ഈ സൗകര്യം ഗുണകരമാകും. രജിസ്‌ട്രേഷന്: https://leap.startupmission.in/.
സ്റ്റാർട്ടപ് മിഷന് നവീകരിച്ച ആസ്ഥാന മന്ദിരം
കേരള സ്റ്റാർട്ടപ് മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ടെക്‌നോപാർക്കിലെ തേജസ്വിനി ബിൽഡിങ്ങിലാണ് മന്ദിരം.