ആർഎസ്എസും പാഠപുസ്‌തക കാവിവൽക്കരണവും... കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

വിദ്യാഭ്യാസത്തെ ഹിന്ദുത്വത്തിൻ്റെ പ്രത്യയശാസ്ത്ര പ്രബോധനമാർഗ്ഗമാക്കി അധഃപതിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് തങ്ങൾക്ക് ലഭ്യമാവുന്ന അധികാരമുപയോഗിച്ച് എല്ലാ കാലത്തും ആർ എസ് എസ് ചെയ്തിട്ടുള്ളത്. യൂണിവേഴ്സിറ്റികളിൽ മന്ത്രവാദത്തിനും ജ്യോതിഷത്തിനും കോഴ്സുകൾ തുടങ്ങിയത് ബാജ്പേയ് സർക്കാറിൻ്റെ കാലത്താണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷിയെ വേദിയിലിരുത്തി അസംബന്ധങ്ങളെ ശാസ്ത്രമാക്കി പഠിപ്പിക്കുന്നതിനെതിരെ നിശിതമായ വിമർശനമുയർത്തിയത് ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗ്സാണ്.

ഡൽഹിയിലദ്ദേഹം ആൽബർട്ട് ഐസ്റ്റീൻ ശതാബ്ദി പ്രസംഗം നടത്താൻ എത്തിയതായിരുന്നു. ഐൻസ്റ്റീൻ അനുസ്മരണ പ്രസംഗത്തിലാണ് ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടാത്ത ഒന്നും ശാസ്ത്രമല്ലെന്നും ജ്യോതിഷം വെറും കാല്പനികശാസ്ത്രമാണെന്നും ഊർജ്ജതന്ത്രാധ്യാപകൻ കൂടിയായ മുരളി മനോഹർ ജോഷിക്ക് ഹോംക്കിംഗ്സ് ക്ലാസ് എടുത്തത്.

എൻ സി ഇ ആർ ടി കരിക്കുലത്തിൻ്റെ കാവി വൽക്കരണത്തിനുള്ള നീക്കങ്ങളെ അക്കാലത്ത് ബംഗാൾ, കേരള വിദ്യാഭ്യാസ മന്ത്രിമാരുടെ മുൻകയ്യിൽ ശക്തമായി പ്രതിരോധിച്ചതൊക്കെ സമകാലീനചരിത്രത്തിലെ ഹിന്ദുത്വവൽക്കരണത്തിനെതിരായ ഫെഡറലിസത്തിൻ്റെ സാധ്യതകളുപയോഗിച്ചുള്ള ഇടപെടലുകളും പ്രതിരോധങ്ങളുമായിരുന്നു.
ആർ എസ് എസിൻ്റെ വിദ്യാഭാരതി, സരസ്വതി വിദ്യാമന്ദിർ സ്കുളുകളിൽ എത്രയോ കാലമായി മിത്തും ഇതിഹാസ സംഭവങ്ങളുമെല്ലാം ചരിത്രവും ശാസ്ത്രവുമായി പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങേയറ്റം വർഗീയ വിഭജന ചിന്തകൾ പടർത്തുന്ന പുസ്തകങ്ങളാണ് പലതും. ആർ എസ് എസിൻ്റെ വിദ്യാഭ്യാസ സമിതിയായ സംസ്കൃത ഉത്ഥാൻ സന്യാസിൻ്റെ മേധാവി ദീനനാഥ് ബത്രയാണ് പ്രധാനമായും പാഠപുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. 2021 ൽ മോദി അധികാരത്തിൽ വന്നതോടെയാണ് ഗുജറാത്തിൽ ബത്രയുടെ പാഠപുസ്തകങ്ങൾ അടിച്ചേല്പിക്കപ്പെടുന്നത്. സംസ്ഥാന വിദ്യാഭ്യാസ ബോർഡിന് വേണ്ടി പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ ബത്രയെ നിയോഗിക്കുകയായിരുന്നു.

ഗുജറാത്തിലെ 42000 ഓളം യു പി, സെക്കണ്ടറി സ്കൂളുകളിൽ ബത്ര എഴുതിയ പുസ്തകങ്ങൾ സംസ്ഥാന വിദ്യാഭ്യാസബോർഡ് പാഠപുസ്തകങ്ങളായി അംഗീകരിച്ചു. 9 പാഠപുസ്തകങ്ങളിൽ 8 എണ്ണവും ബത്രയുടേതായിരുന്നു. ചരിത്രം, ശാസ്ത്രം, ഭൂമിശാസ്ത്രം, മതം, മറ്റ് അടിസ്ഥാന വിഷയങ്ങൾ പഠിപ്പിക്കുന്നതിനുള്ളതടക്കം എല്ലാം ബത്രമയമായിരുന്നു. തേജോമയ് ഭാരത് എന്ന പേരിട്ടിരിക്കുന്ന ഈ പാഠപുസ്തകങ്ങൾ കുട്ടികളിൽ ഹൈന്ദാഭിമുഖ്യവും ദേശീയതയുടെ അഭിമാനബോധവും വളർത്തുമെന്നാണ് മോഡിയന്ന് പറഞ്ഞത്. ബിജെപി അധികാരം പിടിച്ച പല സംസ്ഥാനങ്ങളിലും ബത്രയുടെ പാഠപുസ്തകങ്ങളോ അതിനെ അടിസ്ഥാനമാക്കിയുള്ളതോ ആയ കാവി വൽക്കരണത്തിനുള്ള പുസ്തകങ്ങൾ തയ്യാറാക്കപ്പെട്ടു.

2014ഓടെ ആർ എസ് എസിൻ്റെ ഭാരതവൽക്കരണ പരിപ്രേക്ഷ്യത്തോടെയുള്ള വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾക്കായുള്ള ആസൂത്രിത നീക്കങ്ങൾ ആരംഭിച്ചു. പുതിയ തലമുറയിൽ ഹൈന്ദാഭിമുഖ്യം വളർത്തുന്ന രീതിയിൽ മിത്തുകളും ഇതിഹാസങ്ങളും ചരിത്രവും ശാസ്ത്രവുമാക്കി മാറ്റാനുള്ള നീക്കങ്ങൾ. അതിനായി ശാസ്ത്ര, ജനാധിപത്യ രാഷ്ട്രീയം ചരിത്രത്തിലെ മുഗള- നെഹറു പാരമ്പര്യം എല്ലാം തിരസ്ക്കരിക്കുന്ന തരത്തിൽ
പാഠ്യപദ്ധതികളിൽ മാറ്റമുണ്ടാക്കാനുള്ള കുടില ശ്രമങ്ങളുണ്ടായി.

ഏറ്റവുമൊടുവിൽ എൻ സി ഇ ആർ ടി യുടെ പത്താം ക്ലാസ് സയൻസ് ടെക്സിറ്റിൽ നിന്നും പരിണാമസിദ്ധാന്തവും ഊർജ്ജത്തിൻ്റെ ഉറവിടങ്ങളെ കുറിച്ചുള്ള ചാപ്റ്ററുകൾ എടുത്ത് മാറ്റി. ഡമോക്രാറ്റിക്സ് പൊളിറ്റിക്സിൽ നിന്നും ജനകീയ സമരങ്ങളെയും പ്രസ്ഥാനങ്ങളെയും പറ്റിയുള്ള ഭാഗങ്ങൾ മാറ്റി. ചാലഞ്ചസ് ഓഫ് ഡമോക്രസി എന്ന ഭാഗം മാറ്റി. ഇമ്മാതിരി എന്തെല്ലാം വിക്രിയകളാണവർ പാഠപുസ്തകങ്ങളിൽ ഒപ്പിച്ചു വെച്ചത്.