ബിജെപിയും കോൺഗ്രസും ചേർന്ന് കുത്തിപ്പൊക്കുന്നതാണ് ഗണപതിയുമായി ബന്ധപ്പെടുത്തിയ അടിസ്ഥാനമില്ലാത്ത വിവാദമെന്ന് വ്യക്തമാക്കി ഇരു കൂട്ടരുടെയും പ്രതികരണങ്ങൾ. ബുധനാഴ്ച നടന്ന നാമജപ ഘോഷയാത്രയിലും ഈ കോൺഗ്രസ്–- ബിജെപി ‘ഐക്യം’ തെളിഞ്ഞു കത്തി.കുട്ടികൾ പഠിക്കേണ്ടത് യഥാർഥ ശാസ്‌ത്രമാണെന്നും ഐതിഹ്യങ്ങളെ ഐതിഹ്യങ്ങളായിത്തന്നെ മനസ്സിലാക്കണമെന്നുമാണ് സ്പീക്കർ എ എൻ ഷംസീറിന്റെ കുന്നത്തുനാട് പ്രസംഗത്തിന്റെ പൊരുൾ.
ആദ്യ സർജറി ഗണപതിയുടെ തലയാണെന്നും ആദ്യ വിമാനം പുഷ്പകവിമാനം ആണെന്നും പ്രധാനമന്ത്രിയടക്കം സംഘപരിവാർ നേതാക്കളാണ് പ്രചരിപ്പിച്ചത്. അതല്ല ശാസ്‌ത്രസത്യമെന്ന് വ്യക്തമാക്കാൻ ഷംസീറിനുള്ള ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശത്തെ ചോദ്യം ചെയ്യുകയാണ് ബിജെപിയും കോൺഗ്രസും.
മതമോ വിശ്വാസമോ ഇവിടെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല, മറിച്ച് ഭരണഘടന ഉറപ്പുനൽകുന്ന ശാസ്‌ത്ര പ്രചാരണമാണ് നടത്തിയത്. മറ്റനേകംപേർ പറഞ്ഞ സത്യം, പ്രത്യേക മതത്തിൽപെട്ട ആളായതുകൊണ്ട് ഷംസീർ പറയാൻ പാടില്ലെന്ന വ്യാഖ്യാനം വർഗീയതയുടെ നികൃഷ്ടരൂപവും കലാപം മുന്നിൽ കണ്ടുള്ള ഹാലിളക്കവുമാണ്. അതുകൊണ്ടാണ്, കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ഈ പ്രസംഗവുമായി ഒരു ബന്ധവുമില്ലാഞ്ഞിട്ടും മന്ത്രി പി എ മുഹമ്മദ് റിയാസിനെയും കൂട്ടിക്കെട്ടി പ്രതിപാദിച്ചത്.
ബിജെപി ഇത്ര പച്ചയായി വർഗീയത പറഞ്ഞതിനെയും ഏറ്റെടുക്കുകയാണ് വി ഡി സതീശനും കെ സുധാകരനും ചെയ്തത്. ദുഷ്ടലാക്കോടെ വിശ്വാസികൾക്ക് എന്തോ സംഭവിച്ചെന്ന മട്ടിലാണ് ഇവർ പ്രതികരിച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിൽ ശാസ്‌ത്രസത്യങ്ങൾ മറച്ച് മിത്തുകൾ പകരം വയ്ക്കുന്നതിനെതിരെ എഐസിസി പ്രമേയം പാസാക്കിയിട്ടുള്ളതുപോലും മറന്നാണ് ഇവരുടെ നിലപാട്.
മണിപ്പുരടക്കം മറ്റു പല സംസ്ഥാനങ്ങളിലും മതത്തിന്റെയും ജാതിയുടെയും പേരിൽ സംഘപരിവാർ ചോരപ്പുഴ ഒഴുക്കുന്നതിന്റെ തുടക്കം ഇത്തരം വ്യാജപ്രചാരണങ്ങളാണെന്ന യാഥാർഥ്യവും തിരിച്ചറിയാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം തയ്യാറല്ല. സ്വന്തം രാഷ്‌ട്രീയ ലാഭത്തിനായി ആർഎസ്‌എസിനെ പിന്തുണയ്ക്കുന്ന സമീപനം എടുക്കുമ്പോൾ, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മതനിരപേക്ഷ സമൂഹം എങ്ങനെ പ്രതികരിക്കുമെന്നുപോലും കോൺഗ്രസ് ചിന്തിക്കുന്നില്ല എന്നതാണ് വാസ്‌തവം.
2014 ഒക്‌ടോബർ 24ന് മോദി പറഞ്ഞത്
2014 ഒക്‌ടോബർ 24ന് മുംബൈയിലെ റിലയൻസ് ആശുപത്രി ഉദ്‌ഘാടനംചെയ്‌ത പ്രധാനമന്ത്രി നരേന്ദ്ര മോദി പുരാതന ഇന്ത്യക്കാർ ആധുനിക വൈദ്യശാസ്ത്രത്തിൽ മുഴുകിയിരുന്നതായി അവകാശപ്പെട്ടു. ടെസ്റ്റ് ട്യൂബ് ശിശുക്കൾക്ക് ജന്മം നൽകിയതും പ്ലാസ്റ്റിക് സർജറി നടത്തിയതും പുരാതന ഭാരതത്തിലാണെന്ന് സ്ഥാപിക്കാനും തയ്യാറായി.
‘നമ്മളെല്ലാം മഹാഭാരതത്തിൽ കർണനെക്കുറിച്ച് വായിച്ചിട്ടുണ്ട്. കുറച്ചുകൂടി ആഴത്തിൽ ചിന്തിച്ചാൽ, കർണൻ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നല്ല ജനിച്ചതെന്ന് മഹാഭാരതം പറയുന്നുണ്ടെന്ന് നമുക്ക് മനസ്സിലാകും. ജനിതക ശാസ്ത്രം അക്കാലത്ത് ഉണ്ടായിരുന്നു എന്നാണ് ഇതിനർഥം. അതുകൊണ്ടാണ് കർണന് അമ്മയുടെ ഗർഭപാത്രത്തിന് പുറത്ത് ജനിക്കാൻ കഴിഞ്ഞത്.’ ‘ഗണപതിയുടെ തല മാറ്റിവച്ച കഥ പ്രാചീന ഭാരതത്തിലെ പ്ലാസ്റ്റിക് സർജറിക്ക് തെളിവ് ഗണപതി. നമ്മൾ ഗണപതിയെ ആരാധിക്കുന്നു. പുരാതന കാലത്ത് പ്ലാസ്റ്റിക് സർജൻമാർ നിലവിലുണ്ടായിരുന്നു. അവർ മനുഷ്യശരീരത്തിൽ ആനയുടെ തല ഘടിപ്പിച്ച് ആദ്യമായി പ്ലാസ്റ്റിക് സർജറി നടത്തിയാണ് ഗണപതിയെ സൃഷ്ടിച്ചത്.’–മോദി പറഞ്ഞു.
സ്‌പീക്കർ അന്ന് പറഞ്ഞത്
‘‘പാഠപുസ്‌തകങ്ങളിൽ ശാസ്‌ത്രത്തിനു പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്തൊക്കെയാണിപ്പോൾ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. വിമാനം കണ്ടുപിടിച്ചതിന്റെ ഉത്തരം എന്റെ കാലത്ത് റൈറ്റ് ബ്രദേഴ്‌സ് ആണ്. പുരാണകാലത്തേ വിമാനമുണ്ടെന്നും ലോകത്തിലെ ആദ്യത്തെ വിമാനം പുഷ്‌പക വിമാനമാണെന്നും ഇപ്പോൾ പറയുന്നു.
ശാസ്‌ത്ര സാങ്കേതികരംഗം വികസിക്കുമ്പോൾ സയൻസിന്റെ സ്ഥാനത്ത് മിത്തുകളെ അവതരിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരന്മാർ എന്നെഴുതിയാൽ തെറ്റാകുന്നതും പുഷ്‌പക വിമാനം ശരിയാകുന്നതും. കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകാത്തവർ ഐവിഎഫ് ട്രീറ്റ്‌മെന്റിന് പോകാറുണ്ട്. ട്രീറ്റ്‌മെന്റിൽ ചിലർക്ക് ഒന്നിലേറെ കുട്ടികളുണ്ടാകും. ഐവിഎഫ് ട്രീറ്റ്‌മെന്റ് പണ്ടേയുണ്ടെന്നും അങ്ങനെയാണ് കൗരവർ ഉണ്ടായതെന്നും പറയുന്നു. പ്ലാസ്‌റ്റിക് സർജറി മെഡിക്കൽ സയൻസിലെ പുതിയ കണ്ടുപിടിത്തമാണ്. പ്ലാസ്‌റ്റിക് സർജറിയും പുരാണകാലത്തേയുള്ളതാണെന്നും മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഭഗവാൻ ഗണപതി ഇതിന്റെ ഉദാഹരണമാണെന്നും പറയുന്നു.’