എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാടിനോട് പൊതുസമൂഹം യോജിക്കുന്നില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. ഗണപതിയെ മുൻനിർത്തി വിശ്വാസികളിൽ ചലനം സൃഷ്‌ടിക്കാനുള്ള ആർഎസ്എസിന്റെ ദുഷ്‌ടലാക്കാണ് വിവാദത്തിന് പിന്നിൽ.
ഹിന്ദുത്വരാഷ്ട്രീയ അജണ്ടയെ ശക്തമായി എതിർക്കും. സ്‌പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗത്തെ വളച്ചോടിക്കുകയായിരുന്നു. തന്റെ രാഷ്‌ട്രീയ അഭിപ്രായമാണിതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള 68 ഏക്കർ അനധികൃതമായി എൻഎസ്എസ് കൈവശം വെച്ചിരിക്കുന്നു എന്നുപറഞ്ഞ് ദേവസ്വം ബോർഡും ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ട്. ഗണപതി മുഖ്യ പ്രതിഷ്ഠയായ ക്ഷേത്രത്തിലെ ആ സ്വത്ത് തിരികെ നൽകുകയെന്നതാണ് സുകുമാരൻ നായർ ചെയ്യേണ്ടത്. കള്ളപ്പട്ടയം ഉണ്ടാക്കി ഭൂമി അനധികൃതമായി എൻഎസ്എസ് കൈവശം വച്ചതിൽ കൃത്യമായ തെളിവുണ്ട്. ഇതിന്റെ പകർപ്പുകൾ കൈയിലുണ്ട്. ഇത് പുറത്തുവിടാനും തയാറാണ്. ഇതിന് മറുപടി പറയാൻ സുകുമാരൻ നായർ ബാധ്യസ്ഥനാണ്. പുതുതായുണ്ടായ സാഹചര്യത്തിൽ "കലക്ക വെള്ളത്തിൽ മീൻ പിടിക്കാം’ എന്നാണ് യുഡിഎഫ് നയം. അതവർ നന്നായി പയറ്റി നോക്കുന്നുണ്ടെന്നും എ കെ ബാലൻ പറഞ്ഞു.