നികുതിദായകർക്കും സർക്കാരിനും നേട്ടം

നാനാതരത്തിലുള്ള മാറ്റമാണ്‌ സംസ്ഥാന ജിഎസ്‌ടി വകുപ്പിൽ സംഭവിക്കുന്നത്‌. ഇത്‌ നികുതിദായകർക്കും വകുപ്പിനും ഖജനാവിനും ഒരുപോലെ പ്രയോജനകരമാകുന്നു. സാങ്കേതിക വിദ്യാധിഷ്‌ഠിതമായി മാറുന്ന നികുതിഭരണ നിർവഹണം കേരളവും ഏറ്റെടുത്തു. നികുതി ഭരണത്തിന്റെ രീതിയായിരുന്ന വാഹന പരിശോധനയിലും പുനഃസംഘടന മാറ്റംവരുത്തി. രേഖകളുടെ പരിശോധനകളിലൂടെ സംശയകരമായ ഇടപാടുകൾ മുൻകൂർ കണ്ടെത്തി, പരിശോധന അവരുടെ വാഹനങ്ങളിൽ മാത്രമാക്കി. ഇത്തരം വിവരങ്ങൾ ഉദ്യോഗസ്ഥർക്ക്‌ എസ്‌എംഎസ്‌ വഴി കൈമാറുന്നതും ഉറപ്പാക്കി. നികുതി വെട്ടിച്ച്‌ ചരക്ക്‌ എത്തിക്കുന്ന വാഹനം കൃത്യമായി കണ്ടെത്തുന്നതിനാൽ പരിശോധനകളുടെ വിജയം പതിന്മടങ്ങ്‌ ഉയർന്നു. ഇത്തരത്തിൽ ഒന്നരമാസത്തിനിടയിൽമാത്രം നൂറ്റമ്പതിലേറെ വാഹനം ചരക്കടക്കം കണ്ടുകെട്ടാനായി.
വ്യാജ ജിഎസ്‌ടി രജിസ്‌ട്രേഷൻ നമ്പരുകളിലെ ചരക്കുകടത്ത്‌ കണ്ടെത്താൻ രാജ്യത്തിന്‌ മാതൃകയായി എൻഫോഴ്‌സ്‌മെന്റ്‌ സംവിധാനമൊരുങ്ങി. നേരത്തെ നൂറിലേറെ ഉദ്യോഗസ്ഥസംഘങ്ങൾ പരിശോധന നടത്തിയിരുന്നിടത്ത്‌ നിലവിൽ 43 സംഘം മാത്രം. ഇന്റലിജൻസ്‌ വിഭാഗത്തിലെ 15 സംഘങ്ങൾ വാഹനപരിശോധന അധികാരവുമുള്ള 41 സംഘമായി. കൃത്യമായ പരിശോധനാരീതി ക്രമക്കേടുകളുടെ കണ്ടെത്തൽ വർധിപ്പിച്ചു. പരിശോധനയുടെ എണ്ണം കുറഞ്ഞെങ്കിലും വരുമാനം ഉയർന്നു. ഒപ്പം ഉദ്യോഗസ്ഥപീഡനമെന്ന ആവലാതിയും ഇല്ലാതായി.
ഏതുവിധേനയും ‘കേസ്‌ ടാർഗറ്റ്‌’ കൈവരിക്കൽ അവസാനിച്ചു. നികുതി വെട്ടിക്കുന്നവർമാത്രം ഭയപ്പെട്ടാൽ മതി. തസ്‌തികകളുടെ മാറ്റം മാത്രമായി പുനഃസംഘടനാ പ്രക്രിയയെ അളക്കാനാകില്ല. ഈ മാറ്റത്തിന്റെ ഫലമാണ്‌ കേരളത്തിന്റെ ജിഎസ്‌ടി ഇന്റലിജൻസ്‌ സംവിധാനത്തെ രാജ്യം മാതൃകയാക്കുന്നത്‌. ആറുമാസത്തിനിടയിൽ കർണാടകം, ഗുജറാത്ത്‌, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളുടെ ഉദ്യോഗസ്ഥസംഘം ഇത്‌ പഠിക്കാനെത്തി. മൂന്നു സംഘങ്ങൾ അടുത്ത നാളുകളിലെത്തും. ഒരു സംസ്ഥാനത്തിന്റെ ജിഎസ്‌ടി ഇന്റലിജൻസ്‌ വിഭാഗം രാജ്യത്തെ മുൻനിര ഇന്റലിജൻസ്‌ ഏജൻസികൾക്കൊപ്പമോ മുന്നിലോ എത്തുന്നതിലാണ്‌ ഇതര സംസ്ഥാനങ്ങൾക്ക്‌ അത്ഭുതം.

പ്രവർത്തനമികവിലെ ഈ മുന്നേറ്റം വലിയ കേസുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും വകുപ്പിനു നൽകി. ആക്ഷേപം പൂർണമായും തെളിയിക്കുക, ഇതിനാവശ്യമായ തെളിവുകൾ നിരത്തുക തുടങ്ങിയ കാര്യങ്ങളിലെ പ്രൊഫഷണലിസത്തിന്റെ കുറവ്‌, കുറ്റവാളികളുടെ അറസ്റ്റ്‌, റിമാൻഡ്‌ ഉറപ്പാക്കൽ എന്നിങ്ങനെ നടപടികളിൽനിന്ന്‌ മുൻകാലങ്ങളിൽ വകുപ്പിനെ പിന്തിരിപ്പിച്ചിരുന്നു. ഇപ്പോൾ തെളിവ്‌ ഉറപ്പാക്കിയശേഷമാണ്‌ പരിശോധന. അതിനാൽ അറസ്റ്റ്‌ ഉൾപ്പെടെ സാധ്യമാകൂന്നു. ജിഎസ്‌ടി നിയമമനുസരിച്ച്‌ സാധാരണ ഒരാളെ ജാമ്യരഹിത കുറ്റം ചുമത്തി അറസ്റ്റുചെയ്യാൻ അഞ്ചുകോടി രൂപയിൽ കുറയാത്ത വെട്ടിപ്പ്‌ കണ്ടെത്തണം. നല്ല ഗൃഹപാഠവും കൃത്യമായ തെളിവ്‌ ശേഖരണവും അറസ്റ്റ്‌ ഉറപ്പിക്കുന്നു. നികുതി വെട്ടിപ്പുസംഘം മാഫിയായി പ്രവർത്തിക്കുന്ന ഇരുമ്പ്‌– -ഉരുക്ക്‌ ആക്രി, ഉപയോഗശൂന്യമായ ലോഹ, പ്ലാസ്റ്റിക്‌ ഉൽപ്പന്നങ്ങളുടെ സംഭരണവും വിപണനവും അടയ്‌ക്കാ വ്യാപാരം, പ്ലൈവുഡ്‌ തുടങ്ങിയ മേഖലകളിൽപ്പോലും അറസ്റ്റ്‌ സാധ്യമാകുന്നു. ഇതര സംസ്ഥാനങ്ങളുമായി ചേർന്ന്‌ സംയുക്ത പരിശോധനകൾക്കും സാധ്യമാകുന്ന പ്രൊഫഷണൽ സമീപനം സ്വീകരിക്കാൻ ഉറപ്പുള്ളതായി കേരള ജിഎസ്‌ടി ഇന്റലിജൻസ്‌ മാറി. സ്വർണമേഖലയിൽ കണക്കുകളിലെത്താത്ത 1200 കോടിയുടെ വിവരങ്ങളാണ്‌ കുറച്ചുദിവസംമുമ്പ്‌ കണ്ടെത്തിയത്‌. ഇന്റലിജൻസ്‌ ഇപ്പോൾ പരിശോധിക്കുന്നത്‌ കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകളാണ്‌. തെറ്റ്‌ കണ്ടെത്തിയാൽ, കഴിഞ്ഞ അഞ്ചുവർഷം വരുത്തിവച്ച തെറ്റുകൾക്കും പിഴ ഇടേണ്ടിവരുന്നുവെന്നതാണ്‌ ഇപ്പോഴത്തെ പ്രത്യേകത. ഒരു നികുതി വെട്ടിപ്പ്‌ നടപടിയിൽ അഞ്ചുവർഷംവര നികുതിദായകൻ ഭയപ്പെടുന്ന നിലയിലേക്ക്‌ ഇന്റലിജൻസ്‌ പ്രവർത്തനം ശക്തിപ്പെട്ടു.
നികുതിദായകനും ന്യായം പറയാം
നികുതിദായകന്റെ ഭാഗവുംകേട്ട്‌ തീരുമാനം എടുക്കുന്നതായി ജിഎസ്‌ടി വകുപ്പ്‌ മാറി. നികുതിദായക സേവന വിഭാഗമാണ്‌ ഈ ചുമതല നിറവേറ്റുന്നത്‌. ക്രമക്കേടുകളിൽ നേരത്തെ നോട്ടീസ്‌ നൽകിയിരുന്നത്‌ പരിശോധിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു. കുറ്റം ആരോപിക്കുന്ന ആൾതന്നെ വിധിയും എഴുതിയിരുന്നു. ഇപ്പോൾ അഞ്ചുകോടിക്ക്‌ മുകളിലുള്ള തുകയ്‌ക്ക്‌ ജോയിന്റ്‌ കമീഷണർ നോട്ടീസ്‌ നൽകും. 50 ലക്ഷംമുതൽ അഞ്ചുകോടിവരെ ഡെപ്യൂട്ടി കമീഷണറും അതിനുതാഴെയുള്ള തുകകൾക്ക്‌ ഇന്റലിജൻസ്‌ ഓഫീസർ അഥവാ സെയിൽസ്‌ ടാക്‌സ്‌ ഓഫീസർ നൽകും. നികുതിദായകനെ നേരിട്ട്‌ കേട്ടായിരിക്കും ഉത്തരവ്‌ . ക്രമക്കേട്‌ റിപ്പോർട്ടുചെയ്യുന്ന ഉദ്യോഗസ്ഥന്റെ തുല്യ റാങ്കിലുള്ളയാൾ വാദംകേട്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കും. വകുപ്പിന്റെ വാദം തെറ്റാണെന്ന്‌ ബോധ്യപ്പെട്ടാൽ നികുതിദായകന്‌ അനുകൂലമായ ഉത്തരവ്‌ ലഭിക്കും.
സമർപ്പിതമായ ഓഡിറ്റിങ്‌
മുമ്പ്‌ നികുതി നിർണയങ്ങളിൽ ഉപരിപ്ലവമായ കണക്കുപരിശോധന മാത്രമായിരുന്നു. അത്രയേറെ റിട്ടേണുകൾ ഒരു ഉദ്യോഗസ്ഥനുമുമ്പാകെ എത്തിയിരുന്നു. പരിശോധിക്കുന്ന ഉദ്യോഗസ്ഥൻതന്നെ നോട്ടീസ്‌ അയക്കും. ഉത്തരവും പുറപ്പെടുവിക്കും. ഇത്‌ പല പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. പുനഃസംഘടനയിൽ സ്വയം നികുതിനിർണയ പ്രക്രിയയുടെ പ്രാധാന്യം എല്ലാ ഉദ്യോഗസ്ഥരിലേക്കും എത്തിച്ചു. റിട്ടേണുകൾ അഞ്ചംഗ ഉദ്യോഗസ്ഥസംഘം പരിശോധിക്കുന്നു. എണ്ണൂറോളം ഉദ്യോഗസ്ഥരുള്ള, രാജ്യത്തെ ഏറ്റവുമധികം സമർപ്പിത ഓഡിറ്റർമാരുള്ള വകുപ്പായി കേരള ജിഎസ്‌ടി മാറി. ഒരാൾ ഒരേസമയം എല്ലാ ചുമതലയും നിറവേറ്റുന്ന രീതി അവസാനിപ്പിച്ചു. ഒരു ചുമതലയിൽ പരമാവധി പ്രാവീണ്യം ഉറപ്പാക്കുന്ന മാറ്റമാണ്‌ പുനഃസംഘടന ഉറപ്പാക്കിയത്‌.
ഓഡിറ്റിലെ കണ്ടെത്തലുകൾ നികുതിദായകൻ അംഗീകരിക്കാത്തപക്ഷം നേരിട്ട്‌ നിയമനടപടികളിലേക്ക്‌ കടക്കാനാകില്ല. കരട്‌ റിപ്പോർട്ട്‌ ജില്ലാ ഓഡിറ്റ്‌ അവലോകന സമിതിക്ക്‌ നൽകും. സംസ്ഥാനതലത്തിൽ ഓഡിറ്റിന്റെ ചുമതലയുള്ള അഡീഷണൽ കമീഷണർ പങ്കെടുത്ത്‌ മാസത്തിൽ ഒരിക്കലാണ്‌ ജില്ലാ സമിതി ചേരുക. ഓഡിറ്റ്‌ വിഭാഗം കണ്ടെത്തിയ കാര്യങ്ങളിൽ സേവന വിഭാഗം നികുതിദായകന്റെ ഭാഗംകേട്ട്‌ റിപ്പോർട്ട്‌ തയ്യാറാക്കും. ഓഡിറ്റ്‌, സേവന വിഭാഗങ്ങൾ കണ്ടെത്തലുകൾ അവതരിപ്പിക്കും. സമിതി വിഷയം ചർച്ച ചെയ്‌ത്‌ തീരുമാനത്തിലെത്തും. സമിതി അംഗീകരിച്ചാലേ തുക ഒടുക്കലിന്‌ നോട്ടീസ്‌ അയക്കാനാകൂ. നികുതിദായകനെ അനാവശ്യമായി ശിക്ഷിക്കുന്നത്‌ പൂർണമായും ഒഴിവാകും. തീരുമാനങ്ങളിൽ വ്യക്തിഗത തീരുമാനങ്ങൾക്കും ബാഹ്യപ്രേരണകൾക്കും സ്ഥാനമില്ല. നോട്ടീസുകളിൽ തുക അടയ്‌ക്കുന്നു. നിയമനടപടികൾ കുറയുന്നു. റിപ്പോർട്ട്‌ ജില്ലാ അവലോകന സമിതിയിൽ ചർച്ചകൾക്കുശേഷം തുടർ നടപടിയായാൽ, സംഘത്തിന്റെ ചുമതല തീർന്നു. അവർക്ക്‌ അടുത്ത ഓഡിറ്റ്‌ നടപടിയിലേക്ക്‌ കടക്കാം.
ഇന്ത്യക്ക്‌ മാതൃകയായി കേരള ജിഎസ്‌ടി ഓഡിറ്റ്‌ വിഭാഗം മാറിയതിൽ സംസ്ഥാന സർക്കാരിന്റെ വലിയ മുൻകൈയുണ്ട്‌. പ്രത്യേകം ഉത്തരവിലൂടെ ആരംഭിച്ച ഓഡിറ്റ്‌ പരിശീലനത്തിനുമാത്രം 4.67 കോടി രൂപ നീക്കിവച്ചു. കാൽനൂറ്റാണ്ട്‌ കണ്ടുള്ള ഉദ്യോഗസ്ഥശേഷി വികസനം പുരോഗമിക്കുന്നു. രാജ്യത്തെ മികച്ച വിദഗ്‌ധരും പ്രൊഫഷണലുകളും നേതൃത്വം നൽകുന്നു.

നികുതിദായക സേവനവിഭാഗം
നികുതിദായകനെ ശത്രുവിനെപ്പോലെ സമീപിപ്പിക്കുന്ന രീതി പൊളിച്ചെഴുതുകയാണ്‌. നികുതി ഒടുക്കുന്നതിന്‌ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ്‌ സേവനവിഭാഗം. ഇന്റലിജൻസ്‌, ഓഡിറ്റ്‌ വിഭാഗങ്ങൾ നൽകുന്ന നോട്ടീസുകളുടെ വിധിനിർണയം നടത്തുക ഈ വിഭാഗമായിരിക്കും. അർധ ജുഡീഷ്യൽ സ്വഭാവത്തിൽ ന്യായാന്യായങ്ങൾ പരിശോധിക്കുന്നു. തെളിവുസഹിതം സമർഥിക്കപ്പെടുന്ന വിഷയങ്ങളിലാണ്‌ ന്യായാന്യായ വിചാരണ. നോട്ടീസുകൾക്ക്‌ പരമാവധി വേഗത്തിൽ തീർപ്പുണ്ടാക്കുന്നു.
നികുതി വകുപ്പിന്റെ ഫലപ്രദമായ ഇടപെടലും സംസ്ഥാനത്തിനു പുറത്തുനിന്നെത്തുന്ന ചരക്കുകൾക്ക്‌ കേരളം പ്രവേശന നികുതി ഏർപ്പെടുത്തിയതും 2006 മുതൽ 2013 വരെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 20 ശതമാനത്തിലധികം വർധനയുണ്ടാക്കി. റവന്യു, ധന കമ്മികൾ ധന ഉത്തരവാദിത്വ നിയമം അനുശാസിക്കുന്ന നിലയിലേക്ക്‌ എത്തി. സംസ്ഥാനം ധനദൃഢീകരണ പാതയിലേക്ക്‌ കടന്നു. 2013ൽ സുപ്രീംകോടതി സംസ്ഥാനത്തിന്റെ പ്രവേശന നികുതി തടഞ്ഞു. സ്വാഭാവികമായി നികുതി വരുമാനം ഇടിഞ്ഞു. പിന്നീട്‌ ജിഎസ്‌ടി നടപ്പായി ആദ്യവർഷങ്ങളിൽ നിപാ, പ്രളയം, കോവിഡ്‌ തുടങ്ങിയ പ്രതിസന്ധികൾ ബാധിച്ചു. ഇക്കാലയളവിൽ ജിഎസ്‌ടി നിയമത്തിന്‌ ആനുപാതികമായ നികുതി ഭരണസംവിധാനം സാധ്യമാക്കുന്നതും പ്രതിസന്ധിയിലായി. ദുരന്തങ്ങളിൽനിന്ന്‌ കരകയറുന്ന സമ്പദ്‌ഘടനയ്‌ക്ക്‌ അനുസരിച്ച്‌ നികുതി വകുപ്പിനെ പുനഃസംഘടിപ്പിക്കുകയെന്ന ദൗത്യമാണ്‌ ഇപ്പോൾ പ്രായോഗികമായത്‌. ഇത്‌ ജിഎസ്‌ടി വരുമാനം ഉയർത്തി തുടങ്ങി. മാർച്ച്‌ 31ന്‌ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 50 ശതമാനത്തോളമാണ്‌ വളർച്ച. ധനദൃഢീകരണത്തിന്‌ മുഖ്യ പങ്കുവഹിക്കേണ്ടിവരുന്ന ജിഎസ്‌ടി വരുമാനത്തിൽ വകുപ്പ്‌ പുനഃസംഘടന ഗണ്യമായ വളർച്ച നിരക്ക്‌ ഉറപ്പാക്കുമെന്നാണ്‌ സർക്കാരിന്റെ പ്രതീക്ഷ.