മണിപ്പൂർ കലാപ തീ അണയുന്നില്ല -ആയുധങ്ങൾ കവർച്ച ചെയ്യപ്പെട്ടു പൊലീസുകാരൻ കൊലചെയ്യപ്പെട്ടു

കേന്ദ്രആഭ്യന്തരമന്ത്രാലയം ആയുധം താഴെവയ്ക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മണിപ്പൂരില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല. സമാധാനീക്കത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ കൂട്ടസംസ്‌കാരം പോലും മാറ്റിവച്ചിട്ടും സംഘര്‍ഷത്തിന് അയവില്ല. പടിഞ്ഞാറൻ ഇംഫാലിലെ മെയ്ത്തീ ഭൂരിപക്ഷ മേഖലയായ സെൻജാം ചിരാങ്ങിൽ പൊലീസുകാരൻ വെടിയേറ്റ്‌ മരിച്ചു. വില്ലേജ്‌ വളന്റിയർക്ക്‌ പരിക്കേറ്റു. കോത്രുക്‌, ഹരാവോതെൽ എന്നിവിടങ്ങളിലും സുരക്ഷാസേനയും ആയുധധാരികളുമായി വെടിവയ്‌പുണ്ടായി. ബിഷ്‌ണുപ്പുർ–- ചുരാചന്ദ്‌പ്പുർ അതിർത്തിയിൽ തടിച്ചുകൂടിയ അറുനൂറോളം പേരെ പിരിച്ചുവിടാൻ പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു. 25 പേർക്ക്‌ പരിക്കുണ്ട്‌. ബിഷ്‌ണുപ്പുരിലെ തരക്‌ഹോങ്‌സാങ്‌ബിയിൽ വെടിവയ്‌പിൽ സ്‌ത്രീക്ക്‌ പരിക്കേറ്റു.

വെള്ളിയാഴ്‌ച രണ്ട്‌ പൊലീസ്‌ ഔട്ട്‌പോസ്റ്റിലേക്ക്‌ ഒരു സംഘം ഇരച്ചുകയറി ആയുധങ്ങൾ തട്ടിയെടുത്തു.

കിരൻഫാബിയിലെയും തങ്‌ലവായിലെയും പൊലീസ്‌ ഔട്ട്‌പോസ്റ്റുകളിലാണ്‌ ആളുകൾ ഇരച്ചുകയറി യന്ത്രത്തോക്കുകൾ അടക്കം തട്ടിയെടുത്തത്‌. ഹെയ്‌ൻഗാങ്‌, സിങ്‌ജാമെയ്‌ പൊലീസ്‌ ഔട്ട്‌പോസ്റ്റുകളിലും ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമമുണ്ടായെങ്കിലും സുരക്ഷാസേന പരാജയപ്പെടുത്തി. വ്യാഴാഴ്‌ച നരൻസേനയിലെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ ക്യാമ്പിൽ ആളുകൾ കയറി ആയുധങ്ങൾ തട്ടിയെടുത്തിരുന്നു. 19,000 ബുള്ളറ്റ്‌, ഒരു എകെ 47 റൈഫിൾ, മൂന്ന്‌ ഗാട്ടക്‌ റൈഫിൾ, 195 സെൽഫ്‌ലോഡിങ്‌ റൈഫിൾ, അഞ്ച്‌ എംപി5 ഗൺ, പതിനാറ്‌ 9എംഎം പിസ്റ്റൾ, 25 ബുള്ളറ്റ്‌പ്രൂഫ്‌ ജാക്കറ്റ്‌, 125 ഹാൻഡ്‌ ഗ്രനേഡ്‌ എന്നിവ ആളുകൾ കൈക്കലാക്കി. സ്‌ത്രീകൾ ഉൾപ്പെടുന്ന സംഘമാണ്‌ പൊലീസ്‌ ഔട്ട്‌പോസ്റ്റുകളിലും മറ്റും അതിക്രമിച്ചുകയറി ആയുധങ്ങൾ തട്ടിയെടുക്കുന്നത്‌. കഴിഞ്ഞ രണ്ടുദിവസത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്‌ 1047 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന്‌ പൊലീസ്‌ അറിയിച്ചു.

129 ചെക്ക്‌പോസ്റ്റ്‌ സുരക്ഷയ്‌ക്കായി താഴ്‌വരയിലും കുന്നിൻപ്രദേശങ്ങളിലും സ്ഥാപിച്ചു. ഏഴ്‌ അനധികൃത ബങ്കർ തകർത്തു. വിവിധ സേനകൾ ഉൾപ്പെട്ട സംയുക്ത സംഘം പലയിടങ്ങളിലും തിരച്ചിൽ നടത്തിയതായി പൊലീസ്‌ അറിയിച്ചു. പടിഞ്ഞാറൻ ഇംഫാൽ, കിഴക്കൻ ഇംഫാൽ ജില്ലകളിൽ വെള്ളിയാഴ്‌ച ഏഴുമണിക്കൂർ നേരത്തേക്ക്‌ കർഫ്യൂവിൽ ഇളവുവരുത്തി.

14,000ത്തിലേറെ കുട്ടികൾ ക്യാമ്പില്‍

മണിപ്പുരിൽ കലാപത്തെ തുടർന്ന്‌ 14,763 സ്‌കൂൾ കുട്ടികൾ ഭവനരഹിതരായി അഭയാർഥിക്യാമ്പുകളിലേക്ക്‌ മാറ്റപ്പെട്ടുവെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി രാജ്യസഭയെ അറിയിച്ചു. അഭയാർഥി ക്യാമ്പുകളിലെ കുട്ടികളുടെ തുടർപഠനത്തിനും മറ്റുമായി നോഡൽ ഓഫീസർമാരെ നിയമിച്ചു. ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളിൽ 93 ശതമാനവും സമീപത്തെ സ്‌കൂളുകളിലായി പ്രവേശനം നേടി.

അറുപതിനായിരത്തോളം പേരാണ്‌ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നത്‌. ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന്‌ മണിപ്പുർ സന്ദർശിച്ച ‘ഇന്ത്യ’ കൂട്ടായ്‌മയിലെ എംപിമാർ ആരോപിച്ചിരുന്നു. ക്യാമ്പുകളിലെ കുട്ടികളുടെ പഠനം ഉറപ്പുവരുത്തണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌ രാഷ്ട്രപതിക്ക്‌ നിവേദനവും സമർപ്പിച്ചു.