സംഘപരിവാർ കലാപങ്ങൾക്ക് മൗനാനുമതി നൽകുന്ന കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ക്രൈസ്‌തവ സഭാ പ്രസിദ്ധീകരണങ്ങൾ. ഇരിങ്ങാലക്കുട അതിരൂപത മുഖമാസിക ‘കേരളസഭ’ യും തൃശൂർ അതിരൂപതയുടെ മുഖമാസികയായ ‘കത്തോലിക്കാ സഭ’യുമാണ് പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരെ രൂക്ഷ വിമർശമുന്നയിക്കുന്നത്.
സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നരേന്ദ്രമോദി പൗരാവകാശത്തെപ്പറ്റി പ്രസംഗിക്കുമ്പോൾ നമ്മുടെ മുന്നിൽ തെളിയുക ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി തോക്കിൻമുനയിൽ യാചിച്ചുനിൽക്കുന്ന മണിപ്പുരിലേയും മറ്റനവധി സംസ്ഥാനങ്ങളിലേയും ലക്ഷക്കണക്കായ നിരാലംബരുടെ ദയനീയ മുഖമായിരിക്കും–- ‘കേരളസഭ’ ആഗസ്‌ത് ലക്കം ഒന്നാംപേജിൽ എഴുതിയ ‘രാഷ്ട്രപിതാവേ മാപ്പ്’ എന്ന മുഖപ്രസംഗത്തിൽ പറയുന്നു. 1947ൽ ഇന്ത്യ സ്വാതന്ത്ര്യാഘോഷത്തിലമർന്നപ്പോൾ രാഷ്ട്രപിതാവ് ഗാന്ധിജി വർഗീയ കലാപം നടന്ന ബംഗാളിൽ സമാധാനത്തിനുവേണ്ടി ഉപവസിക്കുകയായിരുന്നു. തങ്കച്ചെങ്കോലേന്താനും ലോകഗുരുസ്ഥാനം ശിരസ്സിലണിയാനും വെമ്പൽകൊള്ളുന്ന ഇന്നത്തെ രാഷ്ട്ര നേതാക്കളെവിടെ, ഗാന്ധിജിയെവിടെ–-മുഖപ്രസംഗം ചോദിക്കുന്നു.
ഗാന്ധിഘാതകരെ പൂജിക്കുന്നവർക്ക് ഇന്ത്യയെ വീണ്ടും കത്തിക്കാനാകും. പക്ഷംപിടിച്ച് കലാപങ്ങളെ പ്രോത്സാഹിപ്പിക്കാനും അവർക്ക് മടിയുണ്ടാകില്ല– ‘കത്തോലിക്കാ സഭ’യുടെ ‘നയിക്കാൻ ക്രിമിനലുകളോ’ മുഖപ്രസംഗത്തിൽ പറയുന്നു. എഡിറ്റ്‌പേജിൽ ജോ. മാണിപ്പറമ്പിൽ എഴുതിയ ‘ഏകം ഏകാധിപത്യത്തിലേക്ക്‘ എന്ന ലേഖനത്തിലും പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശമുണ്ട്. മണിപ്പുരിൽ കലാപം ശമിപ്പിക്കാനോ സമാധാനം പുനഃസ്ഥാപിക്കാനോ പ്രധാനമന്ത്രി ശ്രമിക്കുന്നില്ല. കേന്ദ്രതീരുമാനങ്ങൾ ന്യൂനപക്ഷങ്ങൾ സംശയത്തോടെയാണ് കാണുന്നത്. സവർക്കറും ഗോൾവാൾക്കറും മുന്നോട്ടുവച്ച ഹിന്ദുരാഷ്ട്ര സങ്കൽപ്പത്തിൽ മുസ്ലീങ്ങളും ക്രിസ്‌ത്യാനികളും കമ്യൂണിസ്‌റ്റുകാരും ആഭ്യന്തര ശത്രുക്കളാണ്. കഴിഞ്ഞ ഏഴ് വർഷമായി രാജ്യത്തെ നയങ്ങളിൽ വെറുപ്പിന്റെ ലക്ഷണം കാണാമെന്നും ലേഖനത്തിൽ പറയുന്നു.