സ്‌കൂൾ വിദ്യാർഥികൾക്കും പഠനം കഴിഞ്ഞിറങ്ങിയവർക്കും നൈപുണ്യ വികസനത്തിന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 236 സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ ആരംഭിക്കാൻ തീരുമാനം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ഓരോ സെന്ററിലും 25 പേർ വീതമുള്ള രണ്ട് ബാച്ച് ആരംഭിക്കാനാണ് സംസ്ഥാന സർക്കാർ ഉത്തരവ്. ഓരോ ബാച്ചിലും 15 പേരെങ്കിലും ഉണ്ടാകണം. സംവരണ മാനദണ്ഡങ്ങളും ബാധകമായിരിക്കും. സ്‌കൂളുകളെ ജില്ലാ പഞ്ചായത്തുകൾക്കാ് തെരഞ്ഞെടുക്കാം.
എസ്‌എസ്‌എൽസി കഴിഞ്ഞ, 23 വയസ്സ് വരെയുള്ളവർക്കാണ് പ്രവേശനം. സംസ്ഥാനത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ തൊഴിൽ നൈപുണ്യ കോഴ്‌സുകൾ വർഷംതോറും പൂർത്തിയാക്കുന്നത് 30,000 കുട്ടികൾ മാത്രമാണെന്നതും എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി കഴിയുന്ന ഒമ്പതു ലക്ഷം കുട്ടികളിൽ ഭൂരിഭാഗവും പഠനകാലത്ത് തൊഴിൽ നൈപുണ്യം നേടുന്നില്ല എന്നതും കണക്കിലെടുത്താണ് സെന്ററുകൾ ആരംഭിക്കുന്നത്. സാധാരണ ക്ലാസുകളെ ബാധിക്കാത്തവിധം അവധി ദിനങ്ങളും മറ്റു ലഭ്യമായ സമയവും പ്രയോജനപ്പെടുത്തി പ്രത്യേക പരിശീലന മൊഡ്യൂൾ അടിസ്ഥാനമാക്കിയാകും ക്ലാസുകൾ.
കോഴ്‌സ് സൗജന്യം
കോഴ്‌സ് വിജയകരമാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകൃത സ്‌കിൽ സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിന്റെ ചുമതല വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തിനാണ്. കോഴ്‌സ് സൗജന്യമാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റായി 1000 രൂപ ഈടാക്കും. പിന്നീട് തിരിച്ചുനൽകും. സെന്ററുകളുടെ ചുമതല പ്രിൻസിപ്പൽ/ പ്രധാനാധ്യാപകർക്ക് ആയിരിക്കും. ഇവരെ സഹായിക്കാൻ കരാർ അടിസ്ഥാനത്തിൽ സ്‌കിൽ സെന്റർ കോ–- ഓർഡിനേറ്ററെ നിയമിക്കും.
നടത്തിപ്പിന് സമിതി|
സ്‌കിൽ സെന്ററുകളുടെ നടത്തിപ്പിന് പൊതുവിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, തദ്ദേശം വകുപ്പുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന സമിതി രൂപീകരിക്കും. ജില്ല, സ്‌കൂൾ തലത്തിലും പ്രത്യേക സമിതി രൂപീകരിക്കണം.
പ്രധാന കോഴ്‌സുകൾ
ഫിറ്റ്‌നസ് ട്രെയിനർ, ടെലികോം ടെക്‌നീഷ്യൻ, എഐ ഡിവൈസ് ഇൻസ്‌റ്റലേഷൻ ഓപ്പറേറ്റിങ്, കാർഗോ ഹാൻഡ്‌ലർ, ഡ്രോൺ സർവീസ് ടെക്‌നീഷ്യൻ, ഫുഡ് സർവീസ്, കിസാൻ ഡ്രോൺ ഓപ്പറേറ്റിങ്, ഇലക്‌ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, ഗ്രാഫിക് ഡിസൈൻ, ആഭരണ ഡിസൈൻ തുടങ്ങി ഇരുപത്തഞ്ചിലേറെ ആധുനിക ടെക്‌നോളജി അനുബന്ധ കോഴ്‌സ് ഉണ്ടാകും.