ന്യൂസ്‌ക്ലിക്കിനെ വേട്ടയാടി ബിജെപി ; ചൈനീസ്‌ പണം പറ്റി കോൺഗ്രസിനെ സഹായിക്കുന്നുവെന്ന് ആരോപണം

ദേശീയതലത്തിൽ ഫാസിസ്റ്റ്‌ വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്ന ഓൺലൈൻ മാധ്യമമായ ‘ന്യൂസ്‌ക്ലിക്കി’നെതിരെ നീക്കങ്ങളുമായി വീണ്ടും മോദി സർക്കാർ. അമേരിക്കൻ ദിനപത്രമായ ‘ന്യൂയോർക്ക്‌ ടൈംസ്‌’ ആഗസ്‌ത്‌ അഞ്ചിന്‌ പ്രസിദ്ധീകരിച്ച വാർത്ത ആയുധമാക്കിയാണ്‌ നീക്കം. ചൈനയിൽനിന്ന്‌ പണം പറ്റുന്ന യുഎസ്‌ വ്യവസായിയിൽനിന്ന്‌ ന്യൂസ്‌ക്ലിക്കടക്കം പല മാധ്യമങ്ങൾക്കും ഫണ്ട്‌ ലഭിക്കുന്നുവെന്നാണ് വാര്‍ത്ത ആരോപിക്കുന്നത്.

അന്തർദേശീയതലത്തിൽ ചൈനയുടെ അജൻഡയ്‌ക്ക്‌ പ്രാമുഖ്യം ലഭിക്കുന്നതിനായി ഈ മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുവെന്നും റിപ്പോർട്ട്‌ ആരോപിക്കുന്നു. ഐടി കൺസൾട്ടിങ്‌ സ്ഥാപനമായ ‘തോട്ട്‌വർക്ക്‌സി’ന്റെ സ്ഥാപകനും ചെയർമാനുമായ ശ്രീലങ്കൻ വംശജൻ നെവില്ലെ റൊയ്‌ സിങ്കത്തെയാണ്‌ ചൈനീസ്‌ ഏജന്റായി ആക്ഷേപിക്കുന്നത്‌. എന്നാൽ, സിങ്കത്തിന്‌ ചൈനീസ്‌ സർക്കാരിൽനിന്ന്‌ പണം ലഭിച്ചതായി തെളിയിക്കുന്നതൊന്നും റിപ്പോർട്ടിലില്ല. റിപ്പോർട്ട്‌ അടിസ്ഥാനരഹിതമാണെന്ന്‌ സിങ്കം പ്രതികരിച്ചു.

ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂർ ന്യൂസ്‌ക്ലിക്കിനെ തിങ്കളാഴ്‌ച കടന്നാക്രമിച്ചു. ചൈനീസ്‌ പണം പറ്റി ന്യൂസ്‌ക്ലിക്ക്‌ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും സഹായിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഇതേ ആരോപണം ലോക്‌സഭയിൽ ബിജെപി എംപി നിഷികാന്ത്‌ ദൂബെയും ഉയർത്തി. ദൂബെയുടെ അടിസ്ഥാനരഹിതമായ ആരോപണം രേഖകളിൽനിന്ന്‌ നീക്കണം എന്നാവശ്യപ്പെട്ട്‌ കോൺഗ്രസ്‌ ലോക്‌സഭാ നേതാവ്‌ അധിർരഞ്‌ജൻ ചൗധരി സ്‌പീക്കർക്ക്‌ കത്തുനൽകി.

സിങ്കം യുഎസ്‌- ശത്രുപട്ടികയിൽ
ചൈനയിലടക്കം ബിസിനസ്‌ ബന്ധങ്ങളുള്ള ശതകോടീശ്വരനായ സിങ്കം നിലവിൽ സന്നദ്ധപ്രവർത്തനങ്ങളിലും മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമാണ്‌. നിരവധി എൻജിഒകൾക്കും സഹായം നൽകുന്നുണ്ട്‌. അമേരിക്കയുടെ സാമ്രാജ്യതാൽപ്പര്യങ്ങളെ തുറന്നെതിർക്കുന്ന നിലപാട്‌ സ്വീകരിക്കുന്നതിനാൽ യുഎസ്‌ ഭരണകൂടത്തിന്റെ ശത്രുപട്ടികയിലാണ്‌ സിങ്കം.

-സിങ്കത്തിന്റെ ഒരു സ്ഥാപനത്തിൽനിന്ന്‌ 2018ൽ നേരിട്ടുള്ള വിദേശനിക്ഷേപമായി (എഫ്‌ഡിഐ) 9.59 കോടി രൂപ ന്യൂസ്‌ക്ലിക്കിന്‌ ലഭിച്ചിരുന്നു. സിങ്കവുമായി ബന്ധമുള്ള വിവിധ എൻജിഒകളിൽ നിന്നായി 2018 മുതൽ 2021 വരെയുള്ള കാലയളവിൽ 28.29 കോടി രൂപ സേവനങ്ങൾക്ക്‌ പ്രതിഫലമായും ലഭിച്ചിട്ടുണ്ട്‌. വിദേശപണം ലഭിച്ചതിൽ ക്രമക്കേട്‌ ആരോപിച്ച്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ 2021 ഫെബ്രുവരിയിൽ ന്യൂസ്‌ക്ലിക്ക്‌ ഓഫീസിലും എഡിറ്റർ പ്രബീർ പുർകായസ്‌ത അടക്കമുള്ളവരുടെ വീടുകളിലും മറ്റുമായി അഞ്ചുദിവസം നീണ്ട റെയ്‌ഡ്‌ നടത്തി. എന്നാൽ, ഇടപാടുകളെല്ലാം നിയമപരമാണെന്ന്‌ ബോധ്യപ്പെട്ട്‌ ഇഡി സംഘത്തിന്‌ മടങ്ങേണ്ടി വന്നു.