വനിതാസംവരണബിൽ: നിലപാട്‌ വ്യക്തമാക്കാതെ കേന്ദ്രം

ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റ്‌ സ്‌ത്രീകൾക്കുവേണ്ടി സംവരണം ചെയ്യുന്ന ബിൽ വീണ്ടും അവതരിപ്പിക്കണമെന്ന പൊതുതാൽപ്പര്യഹർജിയിൽ ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ നിലപാട്‌ വ്യക്തമാക്കാത്തത്‌ എന്തുകൊണ്ടെന്ന്‌ സുപ്രീംകോടതി. ഈ വിഷയത്തിൽ സിപിഐ എം ഒഴിച്ചുള്ള രാഷ്ട്രീയപാർടികൾ ഒരു നിലപാടും അറിയിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ സഞ്‌ജീവ്‌ഖന്ന, എസ്‌ വി ഭട്ടി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ അറിയിച്ചു.

ബിൽ വീണ്ടും അവതരിപ്പിക്കാനുള്ള മാർഗങ്ങൾ ആലോചിക്കുകയാണെന്ന്‌ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ്‌ പ്രതികരിച്ചു. ആ മറുപടിയിൽ കോടതി തൃപ്‌തരായില്ല. വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും കൃത്യമായ നിലപാട്‌ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർടികളുടെ നിലപാട്‌ അറിയാനും ആഗ്രഹമുണ്ട്‌. സിപിഐ എം ഒഴിച്ചുള്ള പാർടികൾ ഒന്നും അവരുടെ നിലപാട്‌ അറിയിച്ചിട്ടില്ല–- സുപ്രീംകോടതി പറഞ്ഞു. നാഷണൽ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ വിമെൻ (എൻഎഫ്‌ഐഡബ്ല്യു) സമർപ്പിച്ച ഹർജിയാണ്‌ കോടതി പരിഗണിക്കുന്നത്‌. കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീംകോടതി ഒക്ടോബറിലേക്ക്‌ മാറ്റി. എട്ടുവർഷം മുമ്പ്‌ അസാധുവായ വനിതാസംവരണബിൽ വീണ്ടും അവതരിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നാണ്‌ ഹർജിക്കാരുടെ ആവശ്യം.