വ്യക്തിവിവര ബില്ലും ഡല്‍ഹി ബില്ലും നിയമമായി

വിവാദമായ വ്യക്തിവിവര സംരക്ഷണ ബില്ലും ഡൽഹി സർവീസസ്‌ ബില്ലും അടക്കം നാല്‌ ബില്ലുകളിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പിട്ടു. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ബിൽ എന്നിവയാണ്‌ മറ്റ്‌ ബില്ലുകൾ. നാല്‌ ബില്ലിനും നിയമപ്രാബല്യമായി.

പൗരന്മാരെ നിരീക്ഷിക്കാൻ സർക്കാരിന്‌ അവസരം നൽകുന്നതിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഹനിക്കുന്നതിനും ഇടയാക്കുന്ന വകുപ്പുകൾ അടങ്ങിയതാണ്‌ വ്യക്തിവിവര സംരക്ഷണ നിയമം. വിവരശേഖരം വിദേശത്തേക്ക്‌ അയച്ച്‌ കൈകാര്യം ചെയ്യാനും ക്രമീകരിക്കാനും നിയമത്തിൽ വകുപ്പുണ്ട്‌. പൊലീസ്‌, ക്രമസമാധാനം, ഭൂവിനിയോഗം എന്നീ വകുപ്പുകളിൽ ഒഴികെ ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനത്തിലും സ്ഥലം മാറ്റത്തിലും സംസ്ഥാന സർക്കാരിന്‌ അധികാരം നൽകിയ സുപ്രീംകോടതി വിധി മറികടക്കാനാണ്‌ ഡൽഹി സർവീസസ്‌ ബിൽ കൊണ്ടുവന്നത്‌.

കോടതിവിധി നടപ്പാക്കുന്നത്‌ ഒഴിവാക്കാൻ മെയ്‌ 19ന്‌ കേന്ദ്രം ഓർഡിനൻസ്‌ ഇറക്കി. ഇതിനു പകരമായാണ്‌, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനു മീതെ ലഫ്‌. ഗവർണറെ പ്രതിഷ്‌ഠിക്കാനും അതുവഴി ഭരണകാര്യങ്ങളിൽ കേന്ദ്രത്തിന്‌ പൂർണ അധികാരം നൽകാനും ബിൽ കൊണ്ടുവന്നത്‌.