മാത്യു കുഴൽനാടൻ -നികുതിവെട്ടിപ്പും ബിനാമി ഇടപാടും

നിയമസഭയോടുള്ള മര്യാദകളും ആദരവും കാറ്റിൽപറത്തി നുണകൾ നിരത്തി പാർടി നേതൃത്വത്തിൽ കയറിക്കൂടാനാണ്‌ കുഴൽനാടന്റെ പൊടിക്കൈകൾ. ഇതിനു ചില മാധ്യമങ്ങളും കൂട്ടുണ്ട്‌.

മുഖ്യമന്ത്രിക്കെതിരെ വസ്തുതാവിരുദ്ധമായ ആക്ഷേപങ്ങൾ ഉന്നയിച്ചാണ്‌ പലപ്പോഴും ചാനലുകളിലെ തലക്കെട്ടാകാൻ ശ്രമിക്കുന്നത്‌. നിയമസഭയിൽ പരിചയവും പക്വതയുമുള്ള യുഡിഎഫ്‌ അംഗങ്ങൾ പറയാൻ തയ്യാറാകാത്ത പച്ചക്കള്ളങ്ങൾ ‘ ഡൂൺസ്കൂൾ ’ നാട്യത്തോടെ വിളിച്ചു പറയുകയാണ്‌ പതിവ്‌. തക്കതായ പ്രഹരം ഏറ്റുവാങ്ങി കുഴൽനാടൻ മടങ്ങുമ്പോൾ ഊറിച്ചിരിക്കുന്നതും സ്വന്തം പാർട്ടിയിലെ എംഎൽഎമാർ തന്നെ.

ലൈഫ്‌മിഷനുമായി ബന്ധപ്പെട്ട്‌ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ പ്രതിപക്ഷം പലപ്രാവശ്യം അടിയന്തര പ്രമേയം കൊണ്ടുവരികയും ഇപ്പോൾ ആവർത്തിച്ച ഓരോ ആരോപണത്തിനും കൃത്യമായി മറുപടി നൽകിയിട്ടുള്ളതുമാണ്‌. വടക്കാഞ്ചേരിയിലെ ലൈഫ്‌മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഉയർന്ന ആരോപണങ്ങളിൽ സർക്കാരിനു ബന്ധമില്ലെന്ന്‌ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്‌. ഇവ നിയമസഭ രേഖപ്പെടുത്തിയിട്ടുമുണ്ട്‌. പാവപ്പെട്ടവർക്ക്‌ വീട്‌നൽകാൻ നയപരമായി തീരുമാനമെടുത്തു എന്നതുകൊണ്ട്‌ സർക്കാരിനെ എങ്ങനെ പ്രതിക്കൂട്ടിൽ നിർത്തുമെന്നാണ്‌ അന്ന്‌ ഹൈക്കോടതി ചോദിച്ചത്‌. നിയമസഭാതെരഞ്ഞെടുപ്പിൽ യുഡിഎഫും കേന്ദ്രസർക്കാരും ബിജെപിയും മാധ്യമങ്ങളും ഒറ്റക്കെട്ടായി നിന്ന്‌ ലൈഫ്‌മിഷൻ കള്ളക്കഥകൾ പ്രചരിപ്പിച്ചിട്ടും ജനങ്ങൾ വിശ്വസിച്ചില്ല. കൂടുതൽ ജനപിന്തുണ നൽകി എൽഡിഎഫിനെ അധികാരത്തിലെത്തിച്ചു.

മണ്ണ്‌കടത്തലും
നിയമസഭയിൽ ജനാധിപത്യബോധത്തെയും ജനങ്ങളുടെ പിന്തുണയെയും കുറിച്ച്‌ തള്ളുന്ന കുഴൽനാടൻ സ്വന്തം മണ്ഡലമായ മൂവാറ്റുപുഴയിൽ നേരിടുന്നത്‌ ഗുരുതരമായ ആരോപണങ്ങൾ. പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ തന്നെയാണ്‌ ആരോപണത്തിനു പിന്നിൽ. സ്വന്തം കെട്ടിട നിർമാണത്തിന്റെ പേര്‌ പറഞ്ഞ്‌ കുഴൽനാടൻ മണ്ണ്‌ കടത്തിയെന്നാണ്‌ ആക്ഷേപം. നാട്ടുകാരുടെ പരാതിയിൽ അന്വേഷണം നടക്കുകയാണ്‌. കുഴൽനാടന്റെ പുരയിടം നികത്താൻ സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്ന്‌ മണ്ണെടുക്കാൻ അനുമതി നൽകി. എന്നാൽ, പെർമിറ്റ്‌ നൽകിയ അളവിനേക്കാൾ 3000 മെട്രിക്‌ ടൺ മണ്ണ്‌ അനധികൃതമായി കടത്തിയതായി ജിയോളജി വിഭാഗം കണ്ടെത്തി.

കുഴൽനാടൻ മണ്ഡലം ശ്രദ്ധിക്കാത്തതിൽ പ്രദേശത്തെ കോൺഗ്രസ്‌ നേതൃത്വവും പ്രതിഷേധത്തിലാണ്‌. മൂവാറ്റുപുഴയിൽ ഒരു പദ്ധതിക്കും നേതൃത്വം നൽകാൻ എംഎൽഎക്കാവുന്നില്ല. സമീപ പ്രതിപക്ഷ മണ്ഡലങ്ങളിൽ പോലും ഇതല്ല സ്ഥിതിയെന്നും കോൺഗ്രസ്‌ നേതാക്കൾ പറയുന്നു.

കല്ലുവച്ച നുണ പൊളിച്ചടുക്കി മുഖ്യമന്ത്രി . ഇളഭ്യനായി കുഴൽനാടൻ
ലൈഫ്‌ മിഷൻ പേരുപറഞ്ഞ്‌ പച്ചക്കള്ളം അവതരിപ്പിക്കാൻ ശ്രമിച്ച മാത്യു കുഴൽനാടന്റെ വാദങ്ങൾ പൊളിച്ചടുക്കി മുഖ്യമന്ത്രി. വടക്കാഞ്ചേരി ഫ്‌ളാറ്റ്‌ നിർമാണ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ റിമാൻഡ്‌ റിപ്പോർട്ടിൽ ഇഡികെട്ടിച്ചമച്ച പരാമർശങ്ങൾ ഉന്നയിച്ചത്‌ ചട്ടവിരുദ്ധമായാണെന്നും വ്യക്തമായതോടെ അവ ഇനി സഭയുടെ രേഖകളിൽ ഇടംപിടിക്കാതെ അന്തരീക്ഷത്തിൽ അലിയുമോയെന്നു മാത്രമേ അറിയാനുള്ളൂ.

ലൈഫ്‌ മിഷനിൽ അഴിമതി ആരോപിച്ച്‌ അടിയന്തര പ്രമേയ അവതരണത്തിന്‌ അനുമതി തേടുകയായിരുന്നു കുഴൽനാടൻ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയും മുഖ്യമന്ത്രിയും കോൺസുലേറ്റ് ജനറലും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രധാന നുണ. അത്തരത്തിൽ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്നും പച്ചക്കള്ളമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്നെ കണ്ടിട്ടുമില്ല ഒരു ചർച്ചയും നടന്നിട്ടുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ കോടതിയെ സമീപിക്കുമെന്നായി കുഴൽനാടൻ. നിഷേധിക്കുന്നുണ്ടോയെന്ന ചോദ്യത്തിനാണ്‌ താൻ മറുപടി പറഞ്ഞതെന്ന്‌ മുഖ്യമന്ത്രി വിശദീകരിച്ചു. ആ റിപ്പോർട്ട്‌ കൊടുത്ത ഏജൻസിയുടെ വക്കീലായിട്ടാണ്‌ ഇവിടെ വന്നിട്ടുള്ളതെങ്കിൽ അതാ രീതിയിൽ പറയണം. ഞാൻ പറയേണ്ടകാര്യം ഞാൻ പറഞ്ഞു. മാത്യു കുഴൽനാടന്റെ മുഖത്തുനോക്കിത്തന്നെയാണ് പറയുന്നത്‌. മറുപടി പറയാനുള്ള ആർജവം എനിക്കുണ്ട്‌. കോടതിയിൽ പോകണമെങ്കിൽ അത്തരം ഉപദേശം വേണമെങ്കിൽ ഞാൻ സമീപിച്ചോളാം. ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കാൻ സർക്കാരിന്റേതായ സംവിധാനങ്ങളുണ്ട്‌. അതുവെച്ചുകൊണ്ടുതന്നെയാണ്‌ ഞാൻ പോകുന്നത്‌. ഇദ്ദേഹത്തെപോലൊരു ആളിന്റെ ഉപദേശംവച്ചു നീങ്ങേണ്ട ആവശ്യം എനിക്ക്‌ ഇപ്പോൾ തൽക്കാലമില്ല–-മുഖ്യമന്ത്രി പറഞ്ഞു.

റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ സഭയ്‌ക്കുള്ളിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന്‌ മന്ത്രി പി രാജീവും ചൂണ്ടിക്കാട്ടി. ഇത്‌ അംഗീകരിച്ച സ്‌പീക്കർ എ എം ഷംസീർ മാത്യു കുഴൽനാടൻ സഭയുടെ അന്തസ്സ്‌ കാത്തുസൂക്ഷിക്കണമെന്ന്‌ ഓർമിപ്പിച്ചു. ആവശ്യമായ തിരുത്തൽ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ കുഴൽനാടനെ ന്യായീകരിക്കാൻ വിഫല ശ്രമവും നടത്തി.

# # #

നടന്നത്‌ കള്ളപ്പണം വെളുപ്പിക്കലും
ചിന്നക്കനാലിലെ ഭൂമി ഇടപാടിലൂടെ മാത്യു കുഴൽനാടൻ എംഎൽഎ നടത്തിയത് കള്ളപ്പണം വെളുപ്പിക്കലും. ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട 2021 മാർച്ച്‌ 18ലെ കരാർപ്രകാരം ഉടമയായിരുന്ന കൊല്ലം ശക്തികുളങ്ങര മീനത്തുചേരി കപ്പിത്താൻസ്‌ മാനറിൽ ജന്നിഫർ അൽഫോൺസിന്‌ 1,92,60,000 രൂപ മാത്യു കുഴൽനാടന്റെ ബാങ്ക്‌ അക്കൗണ്ടിൽനിന്ന് കൈമാറി. അടുത്തദിവസം തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിൽ വസ്‌തുവിന് മൂന്നരക്കോടി രൂപ മൂല്യമുണ്ടെന്നാണ് കാണിച്ചത്.

ഈ സത്യവാങ്‌മൂലത്തിൽ പറഞ്ഞ വിവരം വാസ്‌തവമാണെന്ന റിപ്പോർട്ടാണ്‌ പുറത്തുവരുന്നത്‌. റിസോർട്ട് കെട്ടിടം ഉൾപ്പെടെ ഭൂമിയുടെ കച്ചവടത്തിന്‌ ഏഴുകോടി രൂപ വില നിശ്ചയിച്ചു. ഇതിൽ കുഴൽനാടന്റെ പങ്കായ മൂന്നരക്കോടി രൂപ അദ്ദേഹം സത്യവാങ്‌മൂലത്തിൽ കാണിച്ചു. ‘ഡീലിന്റെ’ ഭാഗമായിരുന്ന മറ്റു രണ്ടുപേരുടെ 25 ശതമാനം വീതം പങ്കായിരുന്നു ബാക്കിയുള്ള മൂന്നരക്കോടി രൂപ. എന്നാൽ, ആധാരം രജിസ്‌ട്രേഷനും നികുതി ഒടുക്കൽ നടപടിക്കും കാട്ടിയത്‌ 1,92,60,000 രൂപയുടെ കച്ചവടമെന്നാണ്‌. കുഴൽനാടൻ ഈ തുക അക്കൗണ്ടിൽക്കൂടി നൽകുകയും തന്റെ പങ്കായ മൂന്നരക്കോടിയിൽ ബാക്കി ഒന്നരക്കോടിയോളം രൂപ കള്ളപ്പണമായി നൽകുകയും ചെയ്‌തെന്നാണ്‌ ആരോപണം.

ഒപ്പ് വ്യാജമെന്നും സംശയം
കെട്ടിടനിർമാണത്തിന് അനുമതി തേടി ദേവികുളം തഹസിൽദാർക്ക് നൽകിയ അപേക്ഷയിൽ മാത്യു കുഴൽനാടൻ ഇട്ടത്‌ വ്യാജ ഒപ്പാണെന്ന്‌ സംശയം.
അപേക്ഷയിലെ ഒപ്പും കുഴൽനാടൻ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ ഒപ്പും വ്യത്യസ്തമാണ്. അപേക്ഷ പുറത്തായാൽ തടിയൂരാനാണ് ഇതെന്നാണ്‌ ആക്ഷേപം.

# # #

കോൺഗ്രസ്‌ നേതാവ്‌ മാത്യു കുഴൽനാടൻ എംഎൽഎ ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയത്‌ ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും. ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചു. മൂന്നാർ ദേവികുളം വില്ലേജിൽ ചിന്നക്കനാലിലാണ്‌ ഭൂമിയും ആഡംബര റിസോർട്ടും. 3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴൽനാടൻതന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുവകകളാണ്‌ 1,92,60,000 രൂപയ്ക്ക് കുഴൽനാടന്റെയും കൂട്ടു കക്ഷികളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തത്‌.

സ്ഥലപരിശോധനപോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാർ ഈ തുകയ്‌ക്കുമാത്രമായി 15,40,800- രൂപ മുദ്രവില ചുമത്തി രജിസ്‌ട്രേഷനും നടത്തിക്കൊടുത്തു. ഇതിലൂടെ യഥാർഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി വൻതുകയും തട്ടിച്ചു. വസ്‌തുവിനും വമ്പൻ കെട്ടിടത്തിനുമായി ആറുകോടിയോളം രൂപയുടെ വിപണി മൂല്യമുണ്ട്‌. കൊല്ലം ശക്തികുളങ്ങര കാവനാട്‌ മീനത്തുചേരി കപ്പിത്താൻസ്‌ മാനറിൽ ജന്നിഫർ അൽഫോൻസിൽനിന്ന്‌ മാത്യു കുഴൽനാടൻ, പത്തനംതിട്ട അങ്ങാടി കാവുങ്കൽ വീട്ടിൽ ടോം സാബു, ടോണി സാബു എന്നിവരുടെ പേർക്കാണ്‌ ആധാരം തീറാക്കിയത്‌. മൂവാറ്റുപുഴ എംഎൽഎയും കെപിസിസി അംഗവുമാണ്‌ മാത്യു കുഴൽനാടൻ.

കെട്ടിടം അനധികൃതം
2021 മാർച്ച്‌ 18നാണ്‌ 561/21 നമ്പർ പ്രകാരം ആധാരം രജിസ്റ്റർ ചെയ്‌തത്‌. ഈ വസ്തുവിനും 4000 ചതുരശ്രയടി കെട്ടിടത്തിനും മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ്‌ കമീഷനു നൽകിയ സത്യവാങ്മൂലത്തിൽ കുഴൽനാടൻ വ്യക്തമാക്കുന്നുണ്ട്. യഥാർഥ വിപണി വില മറച്ചുവച്ച്, ഭൂമിയുടെ ന്യായവില കാട്ടി ആധാരം രജിസ്റ്റർ ചെയ്യുകയായിരുന്നു. കെട്ടിടമുള്ള കാര്യം മറച്ചുവച്ചാണ് ഭൂമി രജിസ്ട്രേഷൻ നടത്തിയത്. അനധികൃതമായി നിർമിച്ച കെട്ടിടം ആധാരത്തിൽ ഉൾപ്പെടുത്തിയാൽ രജിസ്ട്രേഷന് തടസ്സമാകുമെന്നത്‌ മനസ്സിലാക്കിയാണ് അതും മറച്ചുവച്ചത്. ഇതുവഴി അറുപത് ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ്‌ കണക്കാക്കുന്നു.

വളഞ്ഞ വഴികൾ
സർക്കാർ ഉദ്യോഗസ്ഥരെ അനധികൃതമായി സ്വാധീനിച്ച് തട്ടിപ്പിന് പങ്കാളികളാക്കുകയായിരുന്നു എംഎൽഎ എന്നും ആക്ഷേപമുണ്ട്‌. 1,92,60,000 രൂപയ്‌ക്ക്‌ രജിസ്റ്റർ ചെയ്ത ഭൂമിക്ക്, തൊട്ടടുത്ത ദിവസം മൂന്നരക്കോടി വിലയുണ്ട്‌ എന്നുകാട്ടി സത്യവാങ്‌മൂലം നൽകുകവഴി തെരഞ്ഞെടുപ്പ്‌ കമീഷനെയും തെറ്റിദ്ധരിപ്പിച്ചു. രജിസ്റ്റർ ചെയ്ത ഭൂമിക്ക് ഇരട്ടിയോളം വിലയുണ്ടെന്ന്‌ സ്ഥാപിക്കാനുള്ള ശ്രമത്തിന്‌ തെരഞ്ഞെടുപ്പ്‌ കമീഷനെയും കരുവാക്കി.

]}]]]]കോൺഗ്രസ്‌ നേതാവ്‌ മാത്യു കുഴൽനാടൻ എംഎൽഎ ഇടുക്കി ചിന്നക്കനാലിൽ ഭൂമിയും ആഡംബര റിസോർട്ടും വാങ്ങിയതിനുപിന്നിലെ നികുതിവെട്ടിപ്പും ബിനാമി ഇടപാടും അന്വേഷിക്കണമെന്ന്‌ സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. അഭിഭാഷക സ്ഥാപനത്തിന്റെ മറവിൽ വിദേശത്ത്‌ ഉൾപ്പെടെ വൻതോതിൽ സ്വത്ത്‌ സമ്പാദിച്ച മാത്യു കുഴൽനാടന്റെ ഇടപാടുകൾ സമഗ്രമായി അന്വേഷിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ചിന്നക്കനാലിൽ ഭൂമിയുടെ വില ആധാരത്തിലും തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയ സത്യവാങ്മൂലത്തിലും രണ്ടുതരത്തിലാണ്‌ രേഖപ്പെടുത്തിയത്‌. ആധാരം രജിസ്‌റ്റർ ചെയ്തതിന്റെ പിറ്റേന്ന്‌ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യത്യസ്‌തവിലയാണ്‌ കാണിച്ചിട്ടുള്ളത്‌. രാജകുമാരി സബ്‌ രജിസ്‌ട്രാർ ഓഫീസിൽ 2021 മാർച്ച്‌ 18നാണ്‌ ഭൂമിയിടപാട്‌ നടന്നത്‌. ചിന്നക്കനാൽ വില്ലേജിലെ 55 സെന്റ്‌ ഭൂമി വാങ്ങിയതിന്‌ തീറാധാരപ്രകാരം 1.92 കോടി രൂപ മാത്രമാണ്‌ വില കാണിച്ചത്‌. മറ്റു രണ്ട്‌ ബിനാമികളുടെ പേരിലാണ്‌ പകുതി ഭൂമി.

തെരഞ്ഞെടുപ്പ്‌ കമീഷന്‌ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഭൂമിയുടെ വില 3.50 കോടി രൂപ എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. പകുതി ഷെയറിന്റെ വിലയാണ്‌ കാണിച്ചിരിക്കുന്നത്‌. ആറുകോടിയോളം വിലയുള്ള ഭൂമിയാണ്‌ 1.92 കോടി വിലകാണിച്ച്‌ വാങ്ങിയത്‌. ലക്ഷങ്ങളുടെ സ്‌റ്റാമ്പ്‌ ഡ്യൂട്ടിയാണ്‌ വെട്ടിച്ചത്‌. രാജകുമാരി സബ്‌ രജിസ്‌ട്രാർ ഓഫീസിൽ 2022 ഫെബ്രുവരി രണ്ടിന്‌ 245/2022, 246/2022 ആധാരപ്രകാരം രണ്ട്‌ വസ്‌തുകൂടി മാത്യു കുഴൽനാടൻ ബിനാമി പേരുകളിൽ വാങ്ങി.
2021ൽ തെരഞ്ഞെടുപ്പ്‌ കമീഷന്‌ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 23 കോടി രൂപയുടെ ആകെ സ്വത്തെന്നാണ്‌ പറഞ്ഞത്‌. വരുമാനസ്രോതസ്സ്‌ കാണിച്ചിട്ടുമില്ല. ദുബായ്‌, ഡൽഹി, ബംഗളൂരു, ഗുവാഹത്തി, കൊച്ചി എന്നിവിടങ്ങളിൽ അഭിഭാഷകസ്ഥാപനങ്ങളുണ്ട്‌. അതാണ്‌ വരുമാന സ്രോതസ്സെന്നും പറയുന്നു. ഇത്രയേറെ സ്വത്ത്‌ സമ്പാദിക്കാൻ കഴിഞ്ഞതെങ്ങനെയെന്ന്‌ അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ വിജിലൻസിനും ആഭ്യന്തരവകുപ്പിനും പരാതികൾ നൽകിയിട്ടുണ്ട്‌. അനധികൃത സ്വത്തുസമ്പാദനത്തിനെതിരെ മണ്ഡലത്തിൽ പ്രക്ഷോഭമാരംഭിക്കുമെന്നും സി എൻ മോഹനൻ പറഞ്ഞു.