കുഴൽനാടന്റെ വാർത്താ സമ്മേളനത്തിനുള്ള മറുപടി....!




സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്കായി…!

കുഴൽനാടന്റെ വാർത്താ സമ്മേളനത്തിനുള്ള മറുപടി…!

അരിയെത്ര എന്നതിന് പയർ അഞ്ഞാഴി എന്ന തരത്തിലായിരുന്നു മാത്യു കുഴൽ നാടൻ ആരോപണങ്ങൾക്ക് മറുപടി പറയാൻ വിളിച്ചു ചേർത്ത പത്രസമ്മേളനം.

മൂന്നാർ ചിന്നകനാലിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി ഉയർത്തിയ ഒരു ചോദ്യത്തിനും കൃത്യമായി മറുപടി നൽകാൻ കുഴൽനാടന് കഴിഞ്ഞില്ല.

പകരം തന്റെ നിയമസ്ഥാപനത്തിന്റെ പെരുമയും സഹപ്രവർത്തകരുടെ തഴമ്പും വിസ്തരിച്ച് കേമത്തം പറയാനാണ് കുഴൽനാടൻ പത്രസമ്മേളനത്തിലൂടെ ശ്രമിച്ചത്.

പ്രശസ്തരായ സുപ്രീം കോടതി അഭിഭാഷകർ തന്റെ സഹപ്രവർത്തകരായുണ്ടെന്നും അതുകൊണ്ട് നിയമ സ്ഥാപനത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണം തന്റെയും നിയമ സ്ഥാപനത്തിലെ പാർട്ട്ണർമാരുടെയും ഇന്റ​ഗ്രിറ്റിയെ ബാധിക്കും എന്നാണ് കുഴൽ നാടന്റെ രോദനം.

യഥാർത്ഥത്തിൽ ഇവിടെ ഉയർന്നു വന്ന ഒരു ആരോപണത്തിനും സുപ്രീം കോടതിയിലെയടക്കം കേസുകൾ നടത്തുന്ന തിരക്കേറിയ വക്കിൽ എന്ന സ്വയം പറയുന്ന കുഴൽനാടന് മറുപടി ഇല്ലായിരുന്നു.

ഏറ്റവും ലളിതമായ സംശയത്തിന് പോലും കുഴൽനാടൻ ഉരുണ്ടു കളിക്കുകയായിരുന്നു.

മൂന്നര കോടി രൂപ തെരഞ്ഞെടുപ്പ് അഫിഡവിറ്റിൽ കാണിച്ച ഭൂമിക്കും കെട്ടിടത്തിനും 1,92,60000 രൂപ മാത്രമാണ്. രജിസ്ട്രേഷൻ നടത്തിയ തുകയെന്നും അതുവഴി നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിനും ഒരു മറുപടിയും പറയാൻ കുഴൽനാടന് കഴിഞ്ഞില്ല.

പകരം അഴകൊഴമ്പൻ വാദങ്ങൾ പറഞ്ഞ് ആരോപണത്തിൽ നിന്ന് ഒളിച്ചോടുകയായിരുന്നു.

കെട്ടിടമുള്ള കര്യം മറച്ചുവെച്ച് കെട്ടിട നിർമ്മാണത്തിന് അനുമതി തേടി തഹസിദാർക്ക് അപേക്ഷ നൽകിയത് എന്തിനെന്ന ചോദ്യത്തിനും കുഴൽനാടൻ മറുപടിയില്ലാതെ കുഴഞ്ഞു മറിഞ്ഞു.

ആ അപേക്ഷയിലെ ഒപ്പും തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിലെ ഒപ്പും വ്യത്യസ്തമാണെന്ന ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകനോട് അത് പരിശോധിക്കാമെന്ന് അലസ മറുപടിയാണ് നൽകിയത്.

സ്വന്തം ഒപ്പിന്റെ കാര്യത്തിൽ പോലും വ്യക്തമായ മറുപടി നൽകാൻ കുഴൽനാടന് കഴിഞ്ഞില്ല.

ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടി പതിവ് പോലെ സിപിഐ എമ്മിന്റെ നെഞ്ചത്ത് കേറാനാണ് കുഴൽനാടൻ ശ്രമിച്ചത്.

തെരഞ്ഞെടുപ്പ് സത്യാവങ്ങ്മൂലം നൽകുമ്പോൾ അതിൽ ഇല്ലാത്ത ഭൂമി ഉണ്ടെന്ന് രേഖപ്പെടുത്തിയതും തഹസിർദാർക്ക് കെട്ടിട നിർമ്മാണ അപേക്ഷയ്ക്കായി നൽകിയ ഒപ്പ് വ്യാജമായിരുന്നുവെന്നും സമ്മതിക്കുകയായിരുന്നു യഥാർത്ഥത്തിൽ കുഴൽനാടൻ.

കുഴൽനാടന്റെ കുഴലൂത്തുകാരായി മാറുന്ന മാധ്യമ പുലികളെയും ഈ വാർത്താ സമ്മേളനത്തിൽ കാണാൻ കഴിഞ്ഞു.

കൈരളിയിലെയും ദേശാഭിമാനിയിലേയും മാധ്യമ പ്രവർത്തകർ അല്ലാതെ ഒരാൾ പോലും ഇത്ര വലിയ തട്ടിപ്പിനെക്കുറിച്ച് ഒരു ചോദ്യം പോലും കുഴൽനാടനോട് ചോദിച്ചില്ല. എന്ത് വിധേയത്വമാണിത്.

മറ്റൊരു കാര്യം 60 ലക്ഷം രൂപയോളം ലോൺ എടുത്താണ് ആ വസ്തു വാങ്ങിച്ചത് എന്ന് ഒരുഘട്ടത്തിൽ കുഴൽനാടൻ പറയുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് അഫിഡവിറ്റിൽ ലോൺ‌ ലയബിലിറ്റി ആയി കാണിക്കുന്നത് 16,75,538 രൂപയാണ്. കുഴൽനാടന്റെ ഭാര്യയുടെ പേരിലും ഇതേ തുക വായ്പയായിട്ട് കാണിക്കുന്നുണ്ട്. അല്ലാതെ 60 ലക്ഷം ലോണെടുത്തത് അഫിഡവിറ്റിൽ എവിടെയുമില്ല.

തന്റെ വരുമാന സ്രോതസ് ലോ ഫേമിൽ നിന്നാണെന്ന് പറയുമ്പോഴും ചിന്നക്കനാലിലെ ഭൂമി ഇടപാടിലെ യഥാർത്ഥ സാമ്പത്തിക സ്രോതസ് വ്യക്തമാക്കാൻ കുഴൽനാടന് കഴിഞ്ഞില്ല.

ലോ ഫേമിന്റെ നികുതി അടച്ച കണക്ക് വിസ്തരിച്ച കുഴൽനാടൻ ലോഫേമിന്റെ പേരിലാണോ അതോ സ്വന്തം പേരിലാണോ ചിന്നക്കനാലിൽ എഴ് കോടിയുടെ ഭൂമിയും റിസോട്ടും സ്വന്തമാക്കിയതെന്ന് വ്യക്തമാക്കണം.

കാരണം ലോ ഫേമിന്റെ നികുതിയടച്ച കണക്കുകൾ കുഴൽനാടന്റെ തന്നെ വാക്കുകൾ പ്രകാരം സുപ്രീം കോടതിയിലെ ദീർഘകാല അനുഭവ സമ്പത്തുള്ള അഭിഭാഷകരുടെ കൂടി വരുമാനത്തിന്റെ പങ്കായിരിക്കും.

എന്നാൽ കുഴൽനാടൻ വ്യക്തിപരമായി 2016 മുതൽ 2021 വരെ നൽകിയ ആദായനികുതി റിട്ടേൺ വിവരങ്ങളിൽ

2016-17 - 7,31,030 രൂപ

2017-18 - 19,85,000 രൂപ

2018-19 - 25,01,290 രൂപ

2019-20 - 6,80,400 രൂപ

2020- 21 - 6,30,880 രൂപ ഇങ്ങനെയാണ് വരുമാന വിവരം കാണിച്ചിരിക്കുന്നത്.

ഇവിടെയാണ് ഒരു സംശയം ഉയരുന്നത്. ഇത്രമാത്രം വാർഷിക വരുമാനമുള്ള ഒരാൾ എങ്ങനെയാണ് 1,92,60,000 രൂപ സ്വന്തം അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്ത് വസ്തുവും കെട്ടിടവും ആധാരം ചെയ്തത്.

ആ പണത്തിന്റെ സോഴ്സ് എന്താണ്. ഇതേ വസ്തു മൂന്നര കോടിക്ക് വാങ്ങിയെന്നാണ് തെര‍ഞ്ഞെടുപ്പ് അഫിഡവിറ്റിൽ പറയുന്നത്. അങ്ങനെയെങ്കിൽ ബാക്കി വരുന്ന ഒന്നര കോടിയിലധികം രൂപ ഏതു മാർ​ഗത്തിലാണ് വസ്തുവിന്റെ ഉടമയ്ക്ക് നൽകിയത്. അതിന്റെ വിവരങ്ങൾ കുഴൽനാടൻ വെളിപ്പെടുത്തുമോ ?

1,92,60,000 രൂപയ്ക്ക് രജിസ്ട്രേഷൻ നടത്തിയതായി ആധാരത്തിൽ കാണിച്ചിരിക്കുന്ന വസ്തുവിനും കെട്ടിടത്തിനും മൂന്നര കോടി രൂപയാണ് വങ്ങുന്ന സമയത്തെ വിലയെന്ന് (20.012021) അഫിഡവിറ്റിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ കൃത്യമായ നികുതിവെട്ടിപ്പലെ അവിടെ നടന്നത്.

ആ വസ്തുവിന്റെ വിവരങ്ങൾ ബ്രാക്കറ്റിൽ ( സർവ്വേ നമ്പറുകൾ 34/1-21-1,34/1-12-2,34/1-12-3, 34/1-12-7, 34/1-12-14,34/1-12-15,34/1-12-15-1,34/1-12-15-2 ചിന്നക്കനാൽ വില്ലേജ് ഉടുമ്പഞ്ചോല താലൂക്ക്)

ഭൂമി തട്ടിപ്പ് വിഷയം ഇന്നലെ ഉണ്ടായതല്ല…

മാത്യു കുഴൽനാടനെതിരായ ആരോപണം ഇന്നലെ സി എൻ മോഹൻ വാർത്ത സമ്മേളനം നടത്തിയപ്പോൾ ഉണ്ടായതല്ല. അത് ഈ നാട്ടിലെ ഒട്ടുമിക്ക മാധ്യമങ്ങളുടെയും ഓഫീസുകളിൽ കുറേ നാളുകളായി കറങ്ങുന്നതാണ്. കുഴൽനാടനോടുള്ള അമിതമായ പ്രേമവും വിധേയത്വവുമൂലം പല മാധ്യമങ്ങളുടം മുക്കി വെയ്ക്കാൻ ശ്രമിച്ച അഴിമതിയും ക്രമക്കേടുമാണ് സി എൻ മോഹനന്റെ വാർത്താസമ്മേളനത്തിലൂടെ പുറത്തു വന്നത്.

ഈ ആനുകൂല്യം കുഴൽ നാടന് നേരത്തെയും കിട്ടിയിട്ടുണ്ട്. പ്രീ ഡി​ഗ്രിക്ക് കോപ്പിയടിച്ച് പിടിക്കപ്പെടുകയും ഡീബാർ ചെയ്യപ്പെടുകയും ചെയ്ത ചരിത്രം കുഴൽനാടന് ഉണ്ട്. അതുസംബന്ധിച്ച് നിയമസഭയിൽ പരാമർശം വന്നപ്പോൾ അന്വേഷിക്കാനോ വാർത്ത കൊടുക്കാനോ ‘നിഷ്പക്ഷ - നിർഭയ’ മാധ്യമങ്ങൾ തയ്യാറായിട്ടില്ല അത് തനിക്ക് ചെറുപ്പത്തിൽ പറ്റിയ അബന്ധമാണെന്ന് കുഴൽനാടൻ പിന്നീട് വിശദീകരിച്ചപ്പോൾ വെള്ളം ചേർക്കാതെ ആ ന്യായീകരണം വിഴുങ്ങിയവരാണ് ഇവിടുത്തെ മാധ്യമങ്ങൾ.

അതേ നിലപാടാണ് ഇന്ന് കുഴൽനാടന്റെ വാർത്താ സമ്മേളനത്തിലും വലതുപക്ഷ മാധ്യമങ്ങൾ സ്വീകരിച്ചത്. ഒരു ചോദ്യം പോലും ചോദിക്കാനുള്ള ധൈര്യം ഒരു നേരോടെ നിർഭയം വീമ്പ് പറയുന്നവർക്ക് പോലും കഴിഞ്ഞില്ല.

കോൺ​ഗ്രസോ വലതുപക്ഷമോ തെറ്റ് ചെയ്താൽ അത് തെറ്റല്ല, എന്നാൽ ഇടതുപക്ഷത്തിനെതിരെ ആരെങ്കിലും അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചാൽ അത് ഞെട്ടിക്കുന്ന വാർത്ത ഇതാണ് ഇവിടുത്തെ മാധ്യമ സമീപനം.

മോൺസൺ മാവുങ്കലിനെ എന്തിന് താൻ എതിർക്കണം. തന്നോട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്ന് കെ സുധാകരൻ ചോദ്യച്ചപ്പോൾ അതിനെ വിശുദ്ധ ന്യായീകരണമാക്കി സ്വാദോടെ രുചിച്ചവരല്ലെ ഇവിടുത്തെ മാധ്യമങ്ങൾ.

കുഴൽനാടൻ ചിന്നക്കനാലിൽ ഭൂമി വാങ്ങിയിട്ടുണ്ട്, അവിടെ കെട്ടടവുമുണ്ട്, ആ ഭൂമിക്ക് പണവും നൽകിയിട്ടുണ്ട് ഇതെല്ലാം രേഖകളുള്ള സത്യങ്ങളാണ് എന്നാൽ ആ സത്യങ്ങളേക്കാൾ വലിയ ചില തട്ടിപ്പുകൾ അവിടെ നടന്നിട്ടുണ്ട്.

  1. രജിസ്ട്രേഷൻ ചെയ്ത തുകയേക്കാൾ ഇരട്ടിയിലേറെ തുകയ്ക്കാണ് വസ്തുവും കെട്ടിടവും വാങ്ങിയത്. രജിസ്ട്രേഷനിൽ തുക കുറച്ചു കാട്ടി നികുതി വെട്ടിപ്പ് നടത്തിയെന്നതാണ് ഒന്നാമത്തെ തട്ടിപ്പ്.

  2. ഈ വസ്തുവിൽ കെട്ടിടമുള്ളത് മറച്ചുവെച്ച് അനധികൃത നിർമ്മാണത്തിന് നിയമ സാധുത ഉണ്ടാക്കാനായി കെട്ടിട നിർമ്മാണത്തിനായി എൻ ഓ സി ആവശ്യപ്പെട്ട് അപേക്ഷ നൽകിയത് രണ്ടാമത്തെ തട്ടിപ്പ്.

  3. ആ അപേക്ഷയിലും തെരഞ്ഞെടുപ്പ് അഫിഡവിറ്റിലും വ്യത്യസ്ത ഒപ്പിട്ടതിലൂടെ സ്വന്തം ഒപ്പു പോലും വ്യാജമായി ഇട്ട് പിന്നീട് ആരോപണമുയർന്നാൽ കൈകഴുകാനുള്ള മുൻകൂർ ജാമ്യമെടുത്തു.

  4. ഈ ഭൂമി ഇടപാട് നടക്കുമ്പോൾ നിയമസഭാ സ്ഥാനാർത്ഥി അല്ലായിരുന്നിട്ടും തന്റെ പേരിൽ ഈ വസ്തു വകകൾ ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ സത്യവാങ്ങ്മൂലം നൽകി. തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ ആയാൽ അതിനു മുമ്പ് തനിക്ക് ഈ സ്വത്ത് വകകൾ ഉണ്ടായിരുന്നു പിന്നീട് ആർജിച്ചതല്ല എന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  5. ഈ ഭൂമി ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് മറ്റൊരു പ്രധാന ആരോപണം. അതായത് രജിസ്ട്രേഷൻ സമയത്ത് 1.92,60,000 ഉടമയ്ക്ക് അക്കൗണ്ട് വഴി കൈമാറിയെങ്കിലും ബാക്കി തുക എങ്ങനെ കൈമാറിയ എന്നത് കുഴൽനാടൻ വിശദീകരിക്കണം. കാരണം മൂന്നര കോടിയാണ് ഈ ഇടപാടിലെ വിലയെന്ന് അഫിഡവിറ്റിൽ കുഴൽനാടൻ തന്നെ വ്യക്തമാക്കുന്നുണ്ട്.

  6. മറ്റ് രണ്ടു പേരുമായി ചേർന്നാണ് കുഴൽ നാടൻ ഏഴ് കോടിയുടെ ഈ ഭൂമി ഇടപാട് നടത്തിയിരിക്കുന്നത്. എന്നാൽ രജിസ്ട്രേഷനിൽ പറയുന്ന 1,92,60,000ൽ 1,91,15,549 രൂപയും കുഴൽ നാടന്റെ അക്കൗണ്ടിൽ നിന്ന് മാത്രമാണ് ഉടമയ്ക്ക് കൈമാറിയിരിക്കുന്നത്. രജിസ്ട്രേഷൻ പ്രകാരം കുഴൽനാടന് 50 ശതമാവും മറ്റ് രണ്ട് പേർക്കും 25 ശതമാനം വീതവുമാണ് ഷെയർ. എന്നാൽ മറ്റ് രണ്ടു പേരും രജിസ്ട്രേഷൻ തുകയിൽ ഉടമയ്ക്ക് പണമൊന്നും കൈമാറിയതായി രേഖകകളില്ല. അതിനർത്ഥം കുഴൽനാടന്റെ ബിനാമി ഭൂമി ഇടപാടായിരുന്നു ഇതെന്ന് ന്യായമായും സംശയിക്കണം.

ഈ വിഷയത്തിൽ കുഴൽനാടനെതിരെ വിജിലൻസിന് പരാതി കിട്ടിയിട്ടുണ്ട്. അതിന്റെ തുടർ നടപടികൾ സ്വഭാവികമായും വിജിലൻസ് സ്വീകരിക്കും എന്നാൽ ഇവിടെ മാധ്യമങ്ങൾ എങ്ങനെയാണ് ഈ വിഷയത്തെ അവതരിപ്പിക്കുന്നത് ? കേസെടുക്കേണ്ടതല്ലെ ? അന്വേഷിക്കേണ്ടതല്ലെ ? കണ്ടില്ലെന്ന് നടിക്കണോ ? ഇതൊക്കെ ഉന്നയിക്കേണ്ടതിനു പകരം ‘കുഴൽനാടനെതിരെ നീക്കം’, ‘വളഞ്ഞിട്ട് ആക്രമിക്കുന്നു’ തുടങ്ങിയ തലക്കെട്ടുകൾ നൽകി കുഴൽനാടനെ വെള്ളപൂശാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പിന്നാലെ കുഴൽനാടനെ വേട്ടയാടുന്നു എന്നതരത്തിൽ വാർത്ത നൽകി തട്ടിപ്പിനെ ന്യായീകരിക്കാനാണ് മാധ്യമങ്ങളുടെ ശ്രമം. കുഴൽനാടന് പിന്തുണ നൽകുന്നത് വഴി പ്രതിപക്ഷ നേതാവ് തന്നെ ബിനാമി ഭൂമി തട്ടിപ്പിനും നികുതി വെട്ടിപ്പിനും വ്യാജരേഖാ നിർമ്മാണത്തിനും ചൂട്ട് പിടിക്കുകയാണ്.