ഹരിയാനയിലെ നൂഹിലുണ്ടായ കലാപത്തിന്റെ സൂത്രധാരൻ-സംഘപരിവാർ പ്രവർത്തകൻ ബിട്ടു ബജ്‌റംഗി

ഫരീദാബാദിൽനിന്ന്‌ അറസ്‌റ്റിലായ സംഘപരിവാർ പ്രവർത്തകൻ ബിട്ടു ബജ്‌റംഗിയെന്ന രാജ്‌കുമാർ ഹരിയാനയിലെ നൂഹിലുണ്ടായ കലാപത്തിന്റെ സൂത്രധാരൻ. ഹരിയാനയിൽ വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട്‌ നിരവധി കേസുകൾ ബിട്ടുവിന്‌ എതിരെയുണ്ട്‌. സ്വയം പ്രഖ്യാപിത "ഗോരക്ഷ സേന’യുടെ നേതാവുമാണ്‌ ബിട്ടു. നൂഹിലെ സദർ പൊലീസ്‌ സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത പുതിയ കേസിലാണ്‌ ചൊവ്വ രാത്രിയിലെ അറസ്‌റ്റ്‌. പൊലീസുകാരിൽനിന്ന്‌ ബലമായി ആയുധങ്ങൾ തട്ടിയെടുത്തെന്നാണ്‌ കേസ്‌. നൂഹിൽ കലാപമുണ്ടായി 20 ദിവസത്തിന്‌ ശേഷമാണ്‌ അറസ്‌റ്റ്‌. നേരത്തേ ബിട്ടുവിനെ കസ്‌റ്റഡിയിൽ എടുത്തിരുന്നെങ്കിലും ചോദ്യംചെയ്‌തശേഷം വിട്ടയച്ചു. ബിട്ടുവിനൊപ്പം കലാപത്തിന്‌ സാഹചര്യമൊരുക്കിയ മോനു മനേസർ എന്ന സംഘപരിവാർ പ്രവർത്തകനെ ഇനിയും അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല.
നൂഹിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സംസ്ഥാന ബിജെപി സർക്കാർ ബിട്ടുവിനെയും മോനുവിനെയും സംരക്ഷിക്കുന്നതിനെതിരായി പ്രതിപക്ഷ പാർടികൾ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ബിട്ടുവിനെയും മോനുവിനെയും സർക്കാർ സംരക്ഷിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളിൽ അടക്കം വാർത്ത വന്നു. സുപ്രീംകോടതിയും പഞ്ചാബ്‌–- ഹരിയാന ഹൈക്കോടതിയും വിദ്വേഷ സംഭവങ്ങളിൽ സർക്കാരിനെ നിശിതമായി വിമർശിച്ചു. സമർദം ശക്തിപ്പെട്ടതോടെയാണ്‌ ബിട്ടുവിനെ അറസ്‌റ്റുചെയ്യാൻ പൊലീസ്‌ നിർബന്ധിതമായത്‌.
ബിട്ടു അറസ്‌റ്റിലായതിനു പിന്നാലെ തള്ളിപ്പറഞ്ഞ്‌ വിഎച്ച്‌പി രംഗത്തുവന്നു. ബജ്‌റംഗദളുമായോ വിഎച്ച്‌പിയുമായോ ബിട്ടുവിന്‌ ഒരു ബന്ധവുമില്ലെന്ന്‌ വിഎച്ച്‌പി പ്രസ്‌താവനയിൽ അവകാശപ്പെട്ടു. ബുധനാഴ്‌ച നൂഹ്‌ അഡീഷണൽ ചീഫ്‌ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാക്കിയ ബിട്ടുവിനെ ഒരു ദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടു.
നൂഹിൽ കലാപകാരികളുടെ ആക്രമണത്തിന്‌ ഇരയായ അഡീഷണൽ ചീഫ്‌ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ അഞ്‌ജലി ജയിനാണ്‌ ബിട്ടുവിന്റെ കേസ്‌ പരിഗണിച്ചത്‌. തന്നെയും മകളെയും കലാപകാരികൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നുവെന്നും കാർ കത്തിച്ചുവെന്നും അഞ്‌ജലി ജയിൻ കേസ്‌ കേൾക്കവെ പറഞ്ഞു.
മോനു മനേസറിനും ബിട്ടുവിനും സുദർശൻ ടിവി അവാർഡ്‌
ഹരിയാന കലാപത്തിലടക്കം ആരോപണ വിധേയരായ തീവ്രഹിന്ദുത്വവാദികളായ മോനു മനേസറിനും ബിട്ടു ബജ്‌റംഗിക്കും അവാർഡ്‌ നൽകി സുദർശൻ ടിവി. ‘ജിഹാദികൾക്കെതിരായ പോരാട്ടത്തിലെ സംഭാവനകൾ’ പരിഗണിച്ചാണ്‌ ഇരുവർക്കും സുദർശൻ ടിവി അവാർഡ്‌ നൽകിയത്‌. വിദ്വേഷ പ്രചാരണംകൊണ്ട്‌ കുപ്രസിദ്ധമാണ്‌ സുദർശൻ ടിവി. ഹരിയാന നൂഹിലെ കലാപവുമായി ബന്ധപ്പെട്ട്‌ പ്രകോപന പ്രതികരണത്തിന്റെ പേരിൽ സുദർശൻ ടിവി ന്യൂസ്‌ എഡിറ്റർ മുകേഷ്‌ കുമാർ അറസ്‌റ്റിലായിരുന്നു. കന്നുകാലി കടത്ത്‌ ആരോപിച്ച്‌ രണ്ട്‌ മുസ്ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന കേസിലടക്കം പ്രതിയാണ്‌ സംഘപരിവാറുകാരനായ മോനു മനേസർ. നൂഹിൽ സംഘപരിവാർ നടത്തിയ ബ്രജ്‌മണ്ഡൽ ജലാഭിഷേക്‌ യാത്രയിൽ താൻ പങ്കെടുക്കുമെന്ന്‌ വീഡിയോയിലൂടെ പ്രഖ്യാപിച്ച്‌ മോനു പ്രകോപനം സൃഷ്‌ടിച്ചിരുന്നു.
0aaabittu-1106306