കെ ഫോൺ : 4 ലക്ഷം കണക്‌ഷൻ ഒക്ടോബറിൽ

കെ ഫോൺ പദ്ധതിയിൽ നാലു ലക്ഷം കണക്‌ഷൻ ഒക്ടോബറിൽ നൽകും. നിയമസഭാ മണ്ഡലത്തിൽ 2000 ബിപിഎൽ കുടുംബത്തിന്‌ സൗജന്യ കണക്‌ഷൻ എന്ന ലക്ഷ്യവും ഇതുവഴി നടപ്പാകും. ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ 100 കണക്‌ഷൻ നൽകാനുള്ള തീരുമാനം കരാറുകാരുടെ സാങ്കേതിക പ്രശ്നങ്ങൾമൂലം വൈകിയെങ്കിലും ഇപ്പോൾ അതും പൂർത്തീകരണത്തിലേക്ക്‌ എത്തി. കണക്‌ഷൻ നൽകാൻ ബാക്കിയുണ്ടായിരുന്നവരുടെ ഫോൺ നമ്പർ സഹിതമുള്ള പട്ടിക തദ്ദേശവകുപ്പ്‌ കൈമാറി. ഓണത്തോടെ കൊടുത്തുതീർക്കും. പ്രതിദിനം 20 എംബിപിഎസ്‌ വേഗത്തിൽ 1.5 ജിബി ഡാറ്റയാണ്‌ സൗജന്യ കണക്‌ഷനിൽ ഉറപ്പുനൽകുന്നത്‌.

14,000 ത്തിനു പുറമെയുള്ള കണക്‌ഷനുകൾ അതിവേഗത്തിൽ പൂർത്തിയാക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ മേഖലകളാക്കി തിരിച്ച്‌ ഓപ്പറേറ്റർമാരെ നിശ്ചയിച്ചുതുടങ്ങി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 720 കേബിൾ ഓപ്പറേറ്റർമാരുമായി കരാറായി. കണക്‌ഷൻ നൽകുന്നതിൽ മനപ്പൂർവമായ കാലതാമസം വരുത്തുന്നുണ്ടോയെന്നും കെ ഫോണിന്റെ പേരുപറഞ്ഞ്‌ മറ്റു കണക്‌ഷനുകൾ നൽകുന്നുണ്ടോയെന്നും പരിശോധിക്കും.

കണക്‌ഷൻ പുരോഗതി വിലയിരുത്താൻ എല്ലാ ശനിയാഴ്ചയും ഓപ്പറേറ്റർമാരുടെയടക്കം യോഗം വിളിക്കുന്നുണ്ടെന്ന്‌ കെ ഫോൺ മാനേജിങ്‌ ഡയറക്ടർ സന്തോഷ്‌ ബാബു പറഞ്ഞു. സിഎജി ഓഡിറ്റ്‌ പരാമർശങ്ങൾ സംബന്ധിച്ചുള്ള വാർത്തകളിൽ പലതും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന്‌ കെ ഫോൺ അധികൃതർ വ്യക്തമാക്കി. പരിശോധനാവേളയിൽ എജിസ്‌ ഓഫീസിലെ ചില ഉദ്യോഗസ്ഥർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത്‌ പതിവാണ്‌. അതിനാവശ്യമായ വിശദീകരണങ്ങളും മറുപടിയും നൽകുന്നതോടെ അവരുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടാറുണ്ടെന്നും അവർ പറഞ്ഞു.